Latest NewsIndiaInternational

15 മണിക്കൂർ നീണ്ട പറക്കൽ; ഇന്ധനക്ഷാമം; കാഴ്ച മങ്ങൽ; നിരവധി പ്രശ്നങ്ങൾ തരണം ചെയ്‌ത്‌ പൈലറ്റുമാർ; 370 യാത്രക്കാരും സുരക്ഷിതർ

ഇറങ്ങേണ്ട പാതയിൽനിന്നു മാറി വിമാനം പറന്നു, പൈലറ്റിന് റൺവേ കാണാനായില്ല

ന്യൂഡല്‍ഹി: നീണ്ട 15 മണിക്കൂർ പറക്കലിനിടെ എയര്‍ഇന്ത്യ ബോയിങ് 777–300 വിമാനം അഭിമുഖീകരിച്ചതു വൻദുരന്തം. 370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്നതായിരുന്നു വിമാനം. ഇന്ധനക്ഷാമം; കാഴ്ച മങ്ങൽ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് പൈലറ്റുമാർ നേരിട്ടത്. ലാന്‍ഡിങ് സംവിധാനം പ്രവർത്തിക്കാതെയായി. ആകാശത്തു ഏറെനേരം നിൽക്കാനുള്ള ഇന്ധനശേഷിയും വിമാനത്തിലില്ലായിരുന്നു. ലാൻഡ് ചെയ്യാൻ ഒരു ശ്രമം കൂടി നടത്താനുള്ള ഇന്ധനമേ ബാക്കിയുള്ളൂ’– എയർ ഇന്ത്യ സീനിയർ കമാൻഡർ ക്യാപ്റ്റൻ രസ്തം പാലിയ പറഞ്ഞു.

തറനിരപ്പിൽനിന്നു വിമാനം എത്ര ഉയരത്തിൽ‌ വേണമെന്നു ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണു റേഡിയോ ആൾട്ടിമീറ്റർ. മൂന്നു റേഡിയോ ആൾട്ടിമീറ്ററിൽ രണ്ടും കേടായി. ബാക്കിയുള്ള ഒരെണ്ണത്തെ ആശ്രയിച്ചെങ്കിലും കാര്യമായി ഉപകാരപ്പെട്ടില്ല. റേഡിയോ ആൾട്ടിമീറ്ററിലെ നിർണായക ഡേറ്റകൾ ലഭിക്കുന്നതിനനുസരിച്ചു പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റവും (ഐഎൽഎസ്) പ്രവർത്തനരഹതിമായി. രാത്രിയിലും പകലും കാലാവസ്ഥാ ഭേദമില്ലാതെ ലാൻഡിങ്ങിനു പൈലറ്റ് ആശ്രയിക്കുന്നതാണ് ഐഎൽഎസ് സംവിധാനം.

അടിയന്തരഘട്ടത്തിൽ ഒരു ഉപകരണവും സഹായകരമായില്ലെന്നു സെക്കന്റ് സീനിയർ കമാൻഡർ ക്യാപ്റ്റൻ സുശാന്ത് സിങ് പറഞ്ഞു. ക്യാപ്റ്റൻമാരായ രസ്തം പാലിയ, സുശാന്ത് സിങ്, കോ–പൈലറ്റുമാരായ വികാസ്, ഡി.എസ്.ഭാട്ടി എന്നീ നാലംഗ സംഘമാണ് ഇത്രയും നീണ്ട യാത്രയിൽ കോക്പിറ്റ് നിയന്ത്രിച്ചിരുന്നത്. ന്യൂയോർക്കിൽ ലാൻഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ തൊട്ടടുത്തെവിടെ ഇറക്കാൻ പറ്റുമെന്ന് ആലോചിച്ചു. പറയുന്നതുപോലെ എളുപ്പമായിരുന്നില്ല സാഹചര്യം. പരീക്ഷണത്തിനു സമയവും സന്ദർഭവുമില്ല. ആലോചിക്കാൻ സമയമെടുക്കുന്തോറും ഇന്ധനം തീരുന്നു. കുറച്ചു സമയം കെന്നഡി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ പ്രതികൂലം. ക്യാപ്റ്റൻ രസ്തം പാലിയ നിർണായക തീരുമാനത്തിനു മുതിർന്നു

സെക്കൻഡുകൾക്കുള്ളിൽ ക്യാപ്റ്റൻ തീരുമാനമറിയിച്ചു– നെവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. കാര്യങ്ങൾ ഏറെക്കുറെ വിചാരിച്ചപോലെ നടക്കുന്നു. നെവാർക്കിലെ റൺവേ ലക്ഷ്യമിട്ടു വിമാനം താഴ്ന്നു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് തകരാറിലായതിന്റെ പ്രശ്നങ്ങൾ തലപൊക്കി. വിമാനം നിയന്ത്രിക്കാനാവുന്നില്ല. വെർട്ടിക്കിൽ നാവിഗേഷൻ മോഡിലും ക്രമക്കേട്. ഇറങ്ങേണ്ട പാതയിൽനിന്നു മാറിയാണു വിമാനം പറക്കുന്നത്. പൈലറ്റിന് ഇതുവരെയും നെവാർക്കിലെ റൺവേ കാണാനാവുന്നില്ല.

കാർമേഘങ്ങൾ മൂടിയതിനാൽ കാഴ്ച ഒട്ടുമില്ല. പ്രത്യാശയോടെ കണക്കുകൂട്ടലുകൾ നടത്തി വിമാനത്തെ നിയന്ത്രണത്തിലാക്കി. തകരാറുണ്ടായി 38 മിനിറ്റിനുശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെ‍യ്തു. യാത്രക്കാർക്ക് ഒരു പോറലുമേറ്റില്ല. അപകടമുനമ്പിലായിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്യാമെന്നുള്ള പൈലറ്റുമാരുടെ ആത്മവിശ്വാസത്തെ വാഴ്‍ത്തുകയാണു സഹപ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button