തിരുവനന്തപുരം : ട്രെയിനുകൾ വൈകിയോടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി റെയിൽവേ അധികൃതർ. പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനുട്ടില്‍ താഴെയാക്കാമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നൽകിയെന്ന് കെ.സി.വേണുഗോപാല്‍ എം.പി വ്യക്തമാക്കി.
ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം വന്ന റെയിലുകള്‍ മാറ്റി സ്ഥാപിക്കല്‍, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ് വൈകലിനു കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കുലശ്രേഷ്ഠ, തിരുവനന്തപുരത്തു ദക്ഷിണ റെയില്‍വേ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇപ്പോള്‍ നടന്നുവരുന്ന ട്രാക്ക് അറ്റകുറ്റപ്പണികളടക്കമുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് രണ്ട് മാസത്തിനകം പഴയ ടൈം ടേബിള്‍ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്.അനന്തരാമന്റെ നേതൃത്വത്തില്‍ ദിവസവും ട്രെയിന്‍ ഗതാഗതം കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഇന്ന് മുതല്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
Post Your Comments