Latest NewsInternational

കടലിനടിയില്‍ നിരവധി അഗ്നി പര്‍വ്വതങ്ങള്‍ : ഇനിയും കൂട്ട ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം.. ഇനിയും കൂട്ട ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് . ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത വിധം ദുരന്തങ്ങള്‍ ഭൂമിയെ വിഴുങ്ങും എന്നതാണ് അടുത്ത ലോകാവസാനത്തിനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭൂകമ്പം, അതോടനുബന്ധിച്ചുള്ള സൂനാമി, അഗ്‌നിപര്‍വതങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കല്‍ തുടങ്ങിയവയെല്ലാം ഒരുമിച്ചു വന്നാല്‍ തീരാവുന്നതേയുള്ളൂ മനുഷ്യജീവിതം എന്നാണു പലരുടെയും പ്രവചനം. ഇക്കാര്യത്തില്‍ പേടിപ്പിക്കാന്‍ വേണ്ടി ‘2010’ പോലെ ലോകാവസാനം വിഷയമാക്കിയ സിനിമകളും ഏറെ. എന്നാല്‍ പ്രകൃതിദുരന്തങ്ങളുടെ കൂട്ടത്തോടെയുള്ള ആക്രമണം എന്ന വാദത്തെ തള്ളിക്കളയാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനവര്‍ കൃത്യമായ വിശദീകരണവും നല്‍കുന്നു.

ഇത്രയും കാലം കരയിലെ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളെപ്പറ്റിയായിരുന്നു ഗവേഷകരുടെ ചിന്ത. എന്നാല്‍ കരയിലുണ്ടായ അത്രയും തന്നെ ദുരന്തം കടലിലും അഗ്‌നിപര്‍വതങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തതെന്ന് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കടലിനടിയിലെ അഗ്‌നിപര്‍വതങ്ങളെല്ലാം കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇങ്ങനെ ഭൂമിയുടെ രണ്ടു വശങ്ങളില്‍ നിന്നും ദുരന്തങ്ങള്‍ തുടരാക്രമണം നടത്തിയതോടെയാണ് ദിനോസര്‍ വംശം അറ്റുപോയത്. പറക്കാന്‍ കഴിയുന്ന പക്ഷികളും ചില ജലജീവികളും മാത്രം ഈ ദുരന്തങ്ങളെ അതീജീവിച്ചു. ശേഷിച്ച ഭൂമിയിലെ 75 ശതമാനം വരുന്ന ജന്തുക്കളും സസ്യങ്ങളും ഉല്‍ക്ക ആക്രമണത്തിലും അഗ്‌നിപര്‍വത സ്‌ഫോടനത്തിലും ഇവയെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിലും പെട്ട് എന്നന്നേക്കുമായി ഇല്ലാതായി.

6.6 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഉല്‍ക്കാപതനത്തിലാണ് മെക്‌സിക്കോയിലെ ചിക്‌സ്ല്യൂബ് എന്ന കൂറ്റന്‍ വിള്ളല്‍ ഉണ്ടാകുന്നത്. 10-15 കിലോമീറ്റര്‍ വരെ വ്യാസമുണ്ടായിരുന്ന ആ ഉല്‍ക്കയുടെ ആഘാതത്തിലാണ് അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതും. എന്നാല്‍ അതിനും ആയിരക്കണക്കിനു വര്‍ഷം മുന്‍പേ തന്നെ, ഇന്ന് ഇന്ത്യയായിരിക്കുന്ന ഭാഗത്ത് ഒട്ടേറെ അഗ്‌നിപര്‍വതങ്ങള്‍ തീതുപ്പിത്തുടങ്ങിയിരുന്നു. അഗ്‌നിപര്‍വതങ്ങള്‍ സജീവമായിരുന്ന ‘ഡെക്കാണ്‍ ട്രാപ്‌സ്’ മേഖലയിലായിരുന്നു ഈ സ്‌ഫോടനങ്ങള്‍. അതുവഴിയുണ്ടായ പൊടിപടലങ്ങളും ലാവയുമെല്ലാം കാലാവസ്ഥയെ തകിടം മറിച്ചു. സൂര്യപ്രകാശം ഭൂമിയിലെത്താതെ പലയിടത്തും ഭൂമി തണുത്തുറഞ്ഞു. ഉല്‍ക്കാപതനം പര്‍വതങ്ങളുടെ പൊട്ടിത്തെറിക്ക് പിന്നെയും ആക്കം കൂട്ടി.

ഇങ്ങനെ ഭൂമിയുടെ ഇരുവശത്തും ദുരന്തങ്ങള്‍ തുടരുന്നതിനിടെയാണ് സമുദ്രത്തിലും ജീവികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായത്. മെക്‌സിക്കോയില്‍ വിള്ളലുണ്ടാക്കിയ ഉല്‍ക്ക സൃഷ്ടിച്ച അലയൊലികള്‍ ആയിരക്കണക്കിനു കിലോമീറ്ററുകളോളം നീളത്തില്‍ ടെക്ടോണിക് പ്ലേറ്റുകളെയാണു വിറകൊള്ളിച്ചത്. അതോടെ കടലിനടിയിലെ അഗ്‌നിപര്‍വതങ്ങളും പൊട്ടിത്തെറിച്ച് തുടരെ ലാവ പുറംതള്ളാന്‍ തുടങ്ങി. 45 കോടി വര്‍ഷത്തിനിടയ്ക്ക് ഭൂമിയിലുണ്ടായ ഏറ്റവും ഭീകരന്‍ അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കു തുല്യമായിരുന്നു കടലിലെയും ഈ പൊട്ടിത്തെറി.

കടലിന്നടിയിലെ പാറകളില്‍ കഴിഞ്ഞ 10 കോടി വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും അടിത്തട്ടില്‍ 650 അടി വരെ ഉയരമുള്ള പാറകളാണ് അഗ്‌നിപര്‍വത സ്‌ഫോടനത്തിലൂടെ വന്നുചേര്‍ന്നത്. ഇവയുടെ പഴക്കവും 6.6 കോടി വര്‍ഷത്തോളമുണ്ടെന്നതും പഠനത്തിന്റെ വിശ്വാസ്യതയ്ക്ക് ആക്കം കൂട്ടുന്നു. മെസോസോയിക് യുഗത്തിന് അന്ത്യം കുറിച്ച ഈ ദുരന്തങ്ങള്‍ ഒരു ഓര്‍മപ്പെടുത്തലാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ ഒരു ഭാഗത്തു സംഭവിക്കുന്ന ദുരന്തം എങ്ങനെയാണ് ലോകം മുഴുവന്‍ വ്യാപിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഇക്കാലത്തും അതു സംഭവിച്ചേക്കാം. അത് മനുഷ്യകുലത്തെ തന്നെ ഇല്ലാതാക്കാന്‍ ശക്തവുമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button