കൊച്ചി : പെട്രോള്‍-ഡീസല്‍ വില അടുത്തൊന്നും കുറയില്ലെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉല്പാദനം കൂട്ടേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചതോടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമായി. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയ്ക്കാന്‍, ഉല്പാദനം വര്‍ധിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഒപെക് രാജ്യങ്ങള്‍ തള്ളി. ഒപെക്കില്‍ പെടാത്ത റഷ്യയും സമാന നിലപാടു സ്വീകരിച്ചതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയാനുള്ള സാധ്യതകളെല്ലാം മങ്ങുകയാണ്. ഡോളര്‍ ശക്തിപ്രാപിക്കുന്നതിനാല്‍ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്കെല്ലാം നടപടി കനത്ത തിരിച്ചടിയാകും. നികുതി കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ പെട്രോള്‍ വില ലീറ്ററിന്100 രൂപയിലെത്താന്‍ ഇനി അധികം വൈകില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 86 രൂപ കടന്നു. ഡീസല്‍ വില 80 രൂപയിലുമെത്തി.
കഴിഞ്ഞ ജൂണില്‍ എണ്ണ ഉല്പാദനം നിയന്ത്രിക്കാമെന്ന തീരുമാനം ഒപെക് രാജ്യങ്ങള്‍ കൈക്കൊണ്ടിരുന്നു. ഈ നിലപാടില്‍ 100 ശതമാനം ഉറച്ചു നില്ക്കാനാണു കഴിഞ്ഞ ദിവസം അല്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് യോഗത്തിലെ തീരുമാനം. ഇതോടെ വിപണിയിലേക്കു കൂടുതല്‍ അസംസ്കൃത എണ്ണ എത്തുമെന്നും അതുവഴി വിലയില്‍ ആശ്വാസമുണ്ടാകുമെന്നുമുള്ള പ്രതീക്ഷ മങ്ങുകയാണ്. വിപണിയില്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന നിലപാടിലാണ് ഒപെക്. ഒപെക്കിനൊപ്പം തന്നെയാണ് ഇക്കാര്യത്തില്‍ റഷ്യയും. തല്ക്കാലം ഉല്പാദനം കൂട്ടേണ്ടതില്ലെന്നാണു തീരുമാനം. 80 ഡോളറിനടുത്താണ് രാജ്യാന്തര വിപണിയിലെ എണ്ണവില. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രതിദിനം 6 ലക്ഷം ബാരല്‍ ഉല്പാദനം കുറച്ചിരുന്നു. ഡിസംബറിലാണ് അടുത്ത ഒപെക് യോഗം. അതുവരെ എണ്ണ ഉല്പാദനം കൂട്ടുമെന്ന പ്രതീക്ഷയും വേണ്ട.
Post Your Comments