സിഡ്‌നി : അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ 16 മണിക്കൂറിനുള്ളില്‍ രക്ഷിക്കാനാകുമെന്ന് ഇന്ത്യന്‍ നാവികസേന. ഇന്നലെ രാത്രി ഏഴിന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3,704 കിലോമീറ്റര്‍ അകലെയാണ് അഭിലാഷിന്റെ പായ്‌വഞ്ചി എസ്.വി. തുരീയ ഇപ്പോഴുള്ളത്. കന്യാകുമാരിയില്‍നിന്ന് 5,020 കിലോമീറ്റര്‍ അകലെയാണിത്. കഴിഞ്ഞ ദിവസമാണു പായ്‌വഞ്ചി തകര്‍ന്നതായി കാണിച്ച് അഭിലാഷ് സന്ദേശം അയച്ചത്. വിവരം ലഭിച്ചതിനു പിന്നാലെ നാവിക സേന തെരച്ചില്‍ ആരംഭിച്ചിരുന്നു.
അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പെട്ടു കിടക്കുന്ന സ്‌ഥലം നാവികസേനയുടെ പി.8ഐ വിമാനം കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ സൈനിക വിമാനവും പായ്‌വഞ്ചിക്കടുത്തെത്തിയെങ്കിലും അഭിലാഷുമായി ബന്ധപ്പെടാനായില്ല. ബോട്ടിനുള്ളിലെ പ്രത്യേക അറയിലാണ് അഭിലാഷുള്ളത്. അദ്ദേഹത്തിന്റെ പക്കലുള്ള സാറ്റലൈറ്റ് ഫോണ്‍ തകരാറിലായി. എമര്‍ജന്‍സി ബാഗില്‍ മറ്റൊരു സാറ്റലൈറ്റ് ഫോണുണ്ടെങ്കിലും ആരോഗ്യം മോശമായതിനാല്‍ അദ്ദേഹത്തിന് അത് എടുത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കിയത്.
Post Your Comments