Latest NewsKerala

പ്രളയദുരിതം: സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്രസംഘം

ജനങ്ങളില്‍ നിന്ന് യാതൊരു പരാതികളും ലഭിച്ചില്ലെന്നത് അദ്ഭുതപ്പെടുത്തിയെന്നും സംഘം

തിരുവനന്തപുരം•പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രമന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറിയുമായ ബി.ആര്‍ ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ദുരിതം ബാധിച്ച പന്ത്രണ്ടു ജില്ലകളില്‍ സംഘം നടത്തിയ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സംഘം.

പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തില്‍പ്പെട്ട ജനങ്ങളെ രക്ഷപെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ദ്രുതഗതിയിലുള്ളതും കുറ്റമറ്റതുമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമായിരുന്നുവെന്ന് ബി.ആര്‍ ശര്‍മ പറഞ്ഞു. പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനങ്ങളില്‍നിന്നും യാതൊരു പരാതികളും ലഭിച്ചില്ലെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സംഭവിച്ച പ്രളയക്കെടുതികളുടെ രൂക്ഷത വിലയിരുത്താന്‍ നാലു ടീമുകളായാണ് സംഘം വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചത്. പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ടും ജനങ്ങളില്‍ നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചുമാണ് സംഘം സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ രൂക്ഷത വിലയിരുത്തിയത്. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാകുന്നവിധത്തിലുള്ള റിപ്പോര്‍ട്ട് ഏഴുദിവസത്തിനകം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പൂര്‍ണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് സ്പെഷ്യല്‍ പാക്കേജ് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെമോറാണ്ടം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, വി.എസ്. സുനില്‍കുമാര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, മറ്റു വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button