Latest NewsNews

ചലച്ചിത്ര മേളയുടെ ചിലവ് ഇങ്ങനെയും ചുരുക്കാം; ഡോ. ബിജുവിന്റെ കുറിപ്പ്

ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശങ്ങള്‍.

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ (രാജ്യാന്തര ചലച്ചിത്രമേള) ചെലവ് കുറച്ചു നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സംവിധായകന്‍ ഡോ. ബിജു പുതിയ ചില നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി. ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശങ്ങള്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബിജുവിന്റെ നിര്‍ദ്ദേശങ്ങള്‍. ഡെലിഗേറ്റ് ഫീസ് 650 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തണമെന്നും മേളയുടെ മൊത്തം ബജറ്റ് മൂന്നു കോടിയായി നിജപ്പെടുത്തണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഡെലിഗേറ്റ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ കുറഞ്ഞത് 2 കോടി രൂപയെങ്കിലും സമാഹരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് നിരക്ക് പകുതിയാക്കാമെങ്കിലും സ്റ്റുഡന്റ്സ് പാസുകളുടെ എണ്ണം കുറയ്ക്കണം. സിനിമ കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളവര്‍ പ്രളയ ദുരന്തകാലത്ത് പ്രേക്ഷക സഹകരണത്തോടെ മേള നടത്തുന്നു എന്ന കാഴ്ചപ്പാടില്‍ 2000 രൂപ ആയാലും സിനിമ കാണാനെത്തുമെന്ന് ഡോ.ബിജു പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ചിലവ് ചുരുക്കി നടത്താന്‍ നടപടികള്‍ സ്വീകരിക്കും എന്നും മുഖ്യമന്ത്രി തിരികെ എത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നും സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവന തീര്‍ത്തും സ്വാഗതാര്‍ഹവും ഉചിതവും ആണ് . ഇതിനായി ഒരു എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നും വാര്‍ത്തയില്‍ കാണുന്നു . വളെരെ നല്ല ഒരു നീക്കം ആണിത് .പക്ഷെ അതോടൊപ്പം ഇത്തവണ വിദേശ ജൂറിയെ ഒഴിവാക്കിയുള്ള മേളയാണ് നിര്‍ദ്ദേശിക്കുന്നത് എന്ന വാര്‍ത്തയും കണ്ടു. അങ്ങനെയെങ്കില്‍ അത് തീര്‍ത്തും ശരിയല്ലാത്ത ഒരു തീരുമാനം ആണ് . സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ എന്നറിയില്ല . ഏതായാലും ചലച്ചിത്ര മേള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ നടപ്പാക്കാവൂ എന്നാല്‍ അതെ സമയം തന്നെ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ഏറ്റവും ചിലവ് ചുരുക്കിയും ആയിരിക്കണം മേള നടത്തേണ്ടത് . ഇക്കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ ചലച്ചിത്ര അക്കാദമിയുടെയും സര്‍ക്കാരിന്റ്റെയും മുന്പാകെ സമര്‍പ്പിക്കുന്നു .ഇവയില്‍ ചിലത് മുന്‍പ് തന്നെ എഴുതിയിട്ടുള്ളതാണ് . അവ കൂടി ചേര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് കുറിക്കുന്നത്

1 . മേളയുടെ മൊത്തം ബഡ്ജറ്റ് മൂന്ന് കോടി രൂപയായി ഈ വര്‍ഷം നിജപ്പെടുത്തുക ( 6 കോടിയോളം രൂപയാണ് മേളയുടെ സാധാരണ ബഡ്ജറ്റ് )
2 . ഇപ്പോള്‍ മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഫീസ് 650 രൂപ ആണ്. ഈ ഒരു വര്‍ഷം അത് 2000 രൂപ ആക്കുക. ഏതാണ്ട് 15000 ത്തോളം ഡെലിഗേറ്റ് ആണ് കേരള മേളയില്‍ രെജിസ്റ്റര്‍ ചെയ്യുന്നത്. 2000 x 15000 = 3,0000000 മൂന്ന് കോടി രൂപ ഇതില്‍ നിന്നും ലഭിക്കും. 15000 പേര് വന്നില്ലെങ്കില്‍ പോലും 10000 ഡെലിഗേറ്റുകളെ പ്രതീക്ഷിക്കാം . അപ്പോഴും 2 കോടി രൂപ ലഭിക്കും . (2000 രൂപയ്ക്ക് 7 ദിവസം കൊണ്ട് 35 സിനിമകള്‍ മിനിമം കാണാന്‍ സാധിക്കും എന്നത് ഓര്‍ക്കുക . വിദ്യാര്‍ത്ഥികള്‍ക്ക് പകുതി തുക ആക്കാവുന്നതാണ് , പക്ഷെ സ്‌റുഡന്റ്‌റ്‌സ് പാസ്സിന്റ്‌റെ എണ്ണം പരിമിതപ്പെടുത്തണം) .
സിനിമ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹമുള്ള സിനിമാ സ്‌നേഹികള്‍ 2000 രൂപ ആയാലും ഇത്തവണ എത്തും. പ്രത്യേകിച്ചും പ്രളയ ദുരന്ത കാലത്ത് മേള പ്രേക്ഷക സഹകരണത്തോടെ നടത്തുന്നു എന്ന ജനകീയ കാഴ്ചപ്പാടില്‍.

3 . സാധാരണ എല്ലാ വര്‍ഷങ്ങളിലും മീഡിയ പാസ്, ഒഫിഷ്യല്‍ പാസ്, എന്നിവ ഫ്രീ ആണ്. ഇത് കൂടാതെ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും ഓഫീസുകളില്‍ കൊടുക്കുന്ന പാസുകള്‍, രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും ചില സംഘടനകള്‍ക്കും കൊടുക്കുന്ന പാസുകള്‍, ചില സിനിമാ സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ എന്നിവയും സൗജന്യമാണ്.ഏതാണ്ട് 3000 ല്‍ അധികം ഫ്രീ പാസുകള്‍ ആണ് ഓരോ മേളയിലും നല്‍കിപോരുന്നത് . ഇത് നിര്‍ത്തലാക്കണം ഇത്തവണ അത്തരത്തില്‍ ഒരു പാസ് പോലും സൗജന്യമായി നല്‍കാതിരിക്കുക . ക്ഷണിച്ചു വരുന്ന സിനിമകളുടെ അതിഥികളും ജൂറികളും വിദേശത്ത് നിന്ന് എത്തുന്ന ക്ഷണിക്കപ്പെട്ട ഫെസ്റ്റിവല്‍ പ്രോഗ്രാമേഴ്സ് , ഫിലിം സെലക്ടേഴ്സ് എന്നിവര്‍ ഒഴികെ എല്ലാവരുടെയും പാസുകള്‍ ഫീസ് ഈടാക്കി മാത്രം നല്‍കുക
4 .മേളയുടെ പ്രചരണ പരിപാടികള്‍ ആയ ഫ്‌ലെക്‌സുകള്‍ ബോര്‍ഡുകള്‍ എന്നിവ കഴിയുന്നത്ര കുറയ്ക്കുക. നഗരത്തില്‍ ഇത്തരം പ്രചാരണ ഫ്‌ലെക്‌സുകള്‍ സ്ഥാപിക്കുന്നതിനായി ഓരോ വര്‍ഷവും വന്‍ തുക ചിലവഴിക്കാറുണ്ട് . ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണം . നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് അടിച്ചു പ്രചാരണം നടത്തേണ്ട കാര്യം ഐ എഫ് എഫ് കെ യ്ക്ക് ഇല്ല .
5 . ഉദ്ഘാടന സമാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളും ആര്ഭാടങ്ങളും ഒഴിവാക്കാം, മേളയുടെ ഉദ്ഘാടനവും സമാപനവും തീര്‍ത്തും ലളിതമായ രീതിയില്‍ നിശാഗന്ധിയില്‍ നടത്താവുന്നതാണ് .
6 . സാധാരണയായി മേളയുടെ ചെലവുകളില്‍ വലിയ ഒരു പങ്ക് താമസ സൗകര്യത്തിനായി വിനിയോഗിക്കേണ്ടി വരാറുണ്ട് . പല സിനിമാ സംഘടനകളുടെ പ്രതിനിധികള്‍ക്കും, ഫെസ്റ്റിവല്‍ , ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്കും താമസ സൗകര്യങ്ങള്‍ നല്‍കാറുണ്ട് . ഇത് ഒഴിവാക്കണം . അക്കാദമിയുടെ ബന്ധപ്പെട്ട ഒഫിഷ്യല്‍സിനും ,അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍ക്കും മാത്രമേ സംഘാടകര്‍ എന്ന നിലയില്‍ താമസം നല്‍കാവൂ . മറ്റൊരു സംഘടനയുടെയും പ്രതിനിധികള്‍ക്ക് സൗജന്യ താമസം നല്‍കുന്നത് കര്‍ശനമായി ഒഴിവാക്കണം
6 . ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ നല്‍കേണ്ടതില്ല എന്ന് തീരുമാനിക്കുക. അതിന് വകയിരുത്തിയ 10 ലക്ഷം രൂപയും , പുരസ്‌കാര ജേതാവിനെ കൊണ്ടുവരാനുള്ള ചിലവുകളും ലാഭിക്കാം .
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ പുരസ്‌കാരം ഒഴിവാക്കുന്നതാണ് നല്ലത് . ലോകത്തെ പല മേളകളിലും ഇങ്ങനെ ഒരു പുരസ്‌കാരം നല്‍കുന്ന രീതി ഒന്നുമില്ല .ഇത് അന്താരാഷ്ട്ര മേളയുടെ ഒരു നിര്‍ബന്ധിത ഘടകവും അല്ല . അതുകൊണ്ടു തന്നെ ഈ ഒരു പുരസ്‌കാരത്തിനായി വരും വര്‍ഷങ്ങളിലും ഇത്ര തുക ചിലവഴിക്കേണ്ടതുണ്ടോ എന്നത് പുനരാലോചിക്കാവുന്നതാണ് . ഇതിന് പകരം പുതിയ മലയാള സിനിമകളുടെ നിര്‍മാണത്തിനായി ഒരു സ്‌ക്രിപ്റ്റ് ഡെവലപ്‌മെന്റ്‌റ് ഫോറമോ , പ്രോജക്ട് പിച്ചിങ്ങോ സംഘടിപ്പിക്കുകയും , അതില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രോജക്ട് / സ്‌ക്രിപ്റ്റ് ന് 5 ലക്ഷം രൂപ വീതം ഐ എഫ് എഫ് കെ ഫിലിം ഫണ്ട് നല്‍കാവുന്നതുമാണ് . ഓരോ വര്‍ഷവും പുതിയ രണ്ട് ചെറുപ്പക്കാര്‍ക്ക് പുതിയ മലയാള സിനിമകള്‍ ചെയ്യുവാനുള്ള ഒരു ഫസ്റ്റ് സപ്പോര്‍ട്ട് ഐ എഫ് എഫ് കെ നല്‍കുന്നു എന്നത് ഏറെ പ്രസക്തമാവുകയും ചെയ്യും .
7 . ഐ എഫ് എഫ് കെ യില്‍ ഒരു വര്‍ഷം സാധാരണ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ എണ്ണം 200 നോട് അടുത്താണ് . ലോക സിനിമകളില്‍ പലതിനും വലിയ തോതില്‍ സ്‌ക്രീനിങ് ഫീസ് നല്‍കേണ്ടി വരും . ഇതാണ് നമ്മുടെ മേളയുടെ ഗണ്യമായ ഒരു ചിലവ് . അത് ഈ വര്‍ഷം ഗണ്യമായി കുറയ്ക്കാവുന്നതാണ് . ഏകദേശം 120 ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി താഴെ പറയുന്ന രീതിയില്‍ സിനിമകളുടെ എണ്ണം ക്രമീകരിക്കാം.

A , അന്താരാഷ്ട്ര മത്സര വിഭാഗം – 14 സിനിമകള്‍ (നിലവിലുള്ളത് പോലെ തന്നെ )
B,ഇന്ത്യന്‍ സിനിമാ വിഭാഗം – 7 സിനിമകള്‍ (നിലവിലുള്ളത് പോലെ തന്നെ )
C, മലയാള സിനിമാ വിഭാഗം – 12 സിനിമകള്‍ (പുതുക്കിയ നിയമാവലി അനുസരിച്ചു )
D, വേള്‍ഡ് സിനിമാ വിഭാഗം – 80
നിലവില്‍ 120 ഓളം സിനിമകള്‍ ആണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഇതില്‍ ഏതാണ്ട് 80 ഓളം സിനിമകള്‍ സ്‌ക്രീനിങ് ഫീസ് നല്‍കിയാണ് കൊണ്ടുവരുന്നത് . 50 ലക്ഷത്തില്‍ അധികം രൂപ ആണ് ഈ ഇനത്തില്‍ ചിലവഴിക്കേണ്ടി വരുന്നത് . ഈ വര്‍ഷം ലോക സിനിമകളുടെ എണ്ണം 80 ആക്കുകയും അതില്‍ തന്നെ 50 സിനിമകള്‍ മാത്രം സ്‌ക്രീനിങ് ഫീസ് നല്‍കി കൊണ്ടുവരേണ്ടവ ആയി നിജപ്പെടുത്തുകയും ചെയ്യുക . കാന്‍ , ബെര്‍ലിന്‍ , വെനീസ് തുടങ്ങിയ പ്രധാന മേളകളില്‍ പുരസ്‌കാരം നേടുകയും ശ്രദ്ധേയമാവുകയും ചെയ്ത ചിത്രങ്ങള്‍ , ലോക സിനിമയിലെ സമകാലിക മാസ്റ്റേഴ്സിന്റെ ചിത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും സ്‌ക്രീനിങ് ഫീസുകള്‍ നല്‍കി കൊണ്ടുവരേണ്ട സിനിമകളില്‍ പ്രാമുഖ്യം നല്‍കുക . 50 സിനിമകള്‍ മാത്രം സ്‌ക്രീനിങ് ഫീസ് നല്‍കി കൊണ്ടുവരേണ്ടതായി നിജപ്പെടുത്തിയാല്‍ ചിലവ് 25-30 ലക്ഷത്തോളം രൂപ മാത്രമേ ആകൂ .
E, കണ്‍ട്രി ഫോക്കസ് വിഭാഗം നാലോ അഞ്ചോ സിനിമകള്‍ ഉള്‍പ്പെടുത്തി ചെയ്യാവുന്നതാണ് . സ്‌ക്രീനിങ് ഫീസ് ഇല്ലാതെ ചിത്രങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളെ വേണം ഉള്‍പ്പെടുത്താന്‍ .
F, സ്‌ക്രീനിങ് ഫീസ് കൊടുത്തു ചെയ്യേണ്ട റിട്രോസ്‌പെക്ടീവ് , കുറേറ്റര്‍ സെക്ഷന്‍ , സ്പെഷ്യല്‍ സ്‌ക്രീനിങ് , ഹോമേജ് തുടങ്ങിയ വിഭാഗങ്ങള്‍ ഇത്തവണ ഒഴിവാക്കാവുന്നതാണ് .

8 . മത്സര വിഭാഗത്തില്‍ അന്താരാഷ്ട്ര ജൂറിയെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം ഏറ്റവും അപകടകരമായ ഒന്നാണ് . ഒരിക്കലും ഇത് ചെയ്യരുത് . ഫിയാപ്ഫ് അക്രിഡിറ്റേഷന്‍ ഉള്ള ലോകത്തെ സ്‌പെഷ്യലിസ്റ്റ് കോമ്പറ്റിഷന്‍ മേളകള്‍ ആകെ 24 എണ്ണം മാത്രമാണ് ഉള്ളത് . അതില്‍ ഒന്നാണ് കേരള മേള . ഒരു അന്താരാഷ്ട്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗം അന്താരാഷ്ട്ര ജൂറി തന്നെയാണ് വിധി നിര്‍ണ്ണയം നടത്തേണ്ടത് . അന്താരാഷ്ട്ര ജൂറിയെ കൊണ്ട് വരിക എന്നത് പലരും ധരിക്കുന്നത് പോലെ അത്ര വലിയ ചിലവുള്ള ഒരു കാര്യമേ അല്ല .ജൂറി അംഗങ്ങള്‍ക്ക് സാധാരണ ആയി പ്രതിഫലം നല്‍കാറില്ല . യാത്രാ ചിലവും താമസ സൗകര്യങ്ങളും മാത്രമാണ് നല്‍കാറുള്ളത് . അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 5 ജൂറി അംഗങ്ങള്‍ ആണുള്ളത് . ഇതില്‍ ഒരാള്‍ സാധാരണയായി ഇന്ത്യയില്‍ നിന്നുള്ള അംഗം ആയിരിക്കും . മറ്റ് നാല് പേരുടെ വിമാന യാത്രാക്കൂലിയും താമസവും മാത്രമാണ് ജൂറി ചിലവായി വരുന്നത് . ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നോ , ഏഷ്യയോട് വളരെ അടുത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ ജൂറി അംഗങ്ങളെ നിശ്ചയിച്ചാല്‍ വളരെ കുറഞ്ഞ വിമാനക്കൂലിയില്‍ ജൂറി അംഗങ്ങളെ എത്തിക്കാന്‍ സാധിക്കും . ആ രീതിയില്‍ അംഗങ്ങളെ കണ്ടെത്തുക ആണ് വേണ്ടത് . അതല്ലാതെ വിദേശ ജൂറികളെ വേണ്ട എന്ന് നിര്‍ദേശിക്കുന്നത് ഫിയാപ്ഫ് റൂളുകളുടെ ലംഘനം മാത്രമല്ല അന്താരാഷ്ട്ര മേള എന്ന സ്റ്റാറ്റസിനെ തരം താഴ്ത്തുക കൂടിയാണ് . ലോകത്തെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര മേളയില്‍ അന്താരാഷ്ട്ര മത്സര വിഭാഗം വിധി നിര്‍ണ്ണയം നടത്തുന്നത് ഒരു പ്രാദേശിക ജൂറി ആണ് എന്നത് എത്ര മാത്രം അപഹാസ്യമായ ഒരു ഏര്‍പ്പാട് ആണ് എന്ന് ആലോചിച്ചു നോക്കാവുന്നതേ ഉള്ളൂ . ഇത് ഒരു കാരണവശാലും സംഭവിക്കാന്‍ ഇടയാകരുത് .

9 . ഇതേപോലെ തന്നെ ഫിപ്രെസ്‌കി നെറ്റ്പാക് ജൂറികളും ഒരു അന്താരാഷ്ട്ര മേളയുടെ അവിഭാജ്യ ഘടകം ആണ് .അതും നിര്‍ത്തലാക്കരുത് . ലോകത്ത് അപൂര്‍വം മേളകള്‍ക്കാണ് ഫിപ്രെസ്‌കി നെറ്റ്പാക് ജൂറി പുരസ്‌കാരങ്ങള്‍ നല്‍കുന്നത് . ആ സ്റ്റാറ്റസും നമ്മള്‍ നിലനിര്‍ത്തേണ്ടതുണ്ട് . മൂന്ന് ജൂറി അംഗങ്ങള്‍ വീതമാണ് ഈ രണ്ട് വിഭാഗത്തിലും ഉള്ളത് . അതില്‍ ഓരോ അംഗങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ആണ് . അതുകൊണ്ട് ഫിപ്രെസ്‌കിയിലും നെറ്റ്പാക്കിലും ആയി നാല് ജൂറി അംഗങ്ങള്‍ മാത്രമേ വേണ്ടൂ . ഇവര്‍ക്കും പ്രതിഫലം നല്‍കാറില്ല . ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജൂറി അംഗങ്ങളെ നിശ്ചയിച്ചാല്‍ യാത്ര ഇനത്തിലും ചെറിയ ചിലവ് മാത്രമേ ഉണ്ടാകൂ .
10 . ചലച്ചിത്ര മേള നടത്തുന്ന സര്‍ക്കാര്‍ / സ്വകാര്യ തിയറ്ററുകള്‍ വാടക ഇനത്തില്‍ ഈ വര്‍ഷം പരമാവധി വിട്ടുവീഴ്ച്ച ചെയ്തു തരുവാന്‍ ആവശ്യപ്പെടുക
11 . മേളയുടെ പ്രധാന വേദികളില്‍ എല്ലാം തന്നെ ഓരോ ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിങ് ബോക്‌സുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാവുന്നതാണ്.

12 .ഫെസ്റ്റിവല്‍ വെബ് സൈറ്റ് റീ ഡിസൈന്‍ ചെയ്യുക. പ്രളയവും അതിജീവന പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ പ്രധാനമായി ശ്രദ്ധിക്കുന്ന തരത്തില്‍ ഉണ്ടാകണം. ദുരിതാശ്വാസ നിധിയുടെ ബാങ്ക് ഡീറ്റയില്‍സും ഓണ്‍ലൈന്‍ പേയ്‌മെന്റ്‌റ് രീതിയും ഉള്‍പ്പെടുത്താവുന്നതാണ് (ചില വിദേശ ചലച്ചിത്ര മേളകളും, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയും ഒക്കെ ഇതിനോടകം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ ശ്രമം തുടങ്ങിയതും ശ്രദ്ധിക്കുമല്ലോ)

https://www.facebook.com/dr.biju/posts/10212928181582483

shortlink

Related Articles

Post Your Comments

Related Articles


Back to top button