അബുദാബി: ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ അഞ്ചാം വയസില്‍ ഇടംകണ്ടെത്തിയിരിക്കുകയാണ് മുഹമ്മദ് ഐസാസ് ഷമീം എന്ന മലയാളി ബാലൻ. ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്തു പറഞ്ഞാണ് വ്യത്യസ്തമായൊരു റെക്കോര്‍ഡ് ഐസാസ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
എ ചൈല്‍ഡ് വിത് എ യൂണിക് ടാലന്‍റ് വിഭാഗത്തിലാണ് ഐസാസ് 2018ല്‍ പുറത്തിറങ്ങിയ ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചത്. കണ്ണൂര്‍ സ്വദേശിയും അബുദാബി ക്വിക് മിക്സ് ബെറ്റണ്‍ എല്‍എല്‍സിയിലെ എച്ച്ആര്‍ ഓഫിസറുമായ ഷമീം പാലോട്ടിന്‍റെയും അസ്റയുടെയും മകനാണ് ഐസാസ്.
ആദ്യം കാണുന്നവർക്ക് തുടക്കത്തിൽ കൗതുകവും പിന്നെ അമ്പരപ്പുമാണ് അഞ്ചു വയസുകാരൻ മുഹമ്മദ് ഐസാസ് സമ്മാനിക്കുക. കാരണം മുഹമ്മദ് ഐസാസിന്‍റെ ലോകവും സുഹൃത്തുക്കളും ദിനോസറുകളാണ്. മുന്നൂറോളം ദിനോസറുകളെ പോലെ തന്നെ കടുപ്പമുള്ള അവയുടെ പേരുകളും പ്രത്യേകതകളും ഐസാസിന് ഹൃദിസ്ഥമാണ്.
ഓരോ ദിനോസറുകളെ മനസിലാക്കാനും അവയുടെ പ്രത്യേകതകൾ ഓർത്തു വയ്ക്കാനും ചില പൊടിക്കൈകളുണ്ട് ഈ കൊച്ചുമിടുക്കന്. മുഖം മുതലയെ പോലെ ഇരിക്കുന്നത് സ്പിനോസോറസ്, ബുർജ് ഖലീഫയെ പോലെ ഉയരമുള്ളവൻ ബ്രേഷിസോറസ്, റെക്സിനേക്കാൾ ശക്തൻ ടൈനോസോറസ്… ഇങ്ങനെ ഒരുത്തരെയും സ്വന്തം ഭാഷയിൽ പരിചയപ്പെടുത്തും ഐസാസ്. ചരിത്രാതീത കാലത്തിലെ ഏത് മൃഗങ്ങളെ കാണിച്ചാലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്‍റെ പേരും ശാസ്ത്ര നാമവും പറയും ഈ കൊച്ചുമിടുക്കന്‍. രൂപസാദ്യശ്യമുള്ള രണ്ട് ദിനോസറുകളെ കണ്ടാല്‍ അവയുടെ വ്യത്യാസവും വിശദീകരിക്കുന്നു.
ഐസാസ് ദിനോസറുകളെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. ഏതാണ്ട് രണ്ടര വയസുള്ളപ്പോള്‍ ദിനോസറിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടം കണ്ടാണ് ആ ഇഷ്ടം മനസിൽ കയറിയത്. മറ്റു കുട്ടികൾ കാർട്ടൂൺ ചാനലുകൾ കാണുമ്പോൾ ഐസാസിനിഷ്ടം ഡിസ്കവറി ചാനലാണെന്ന് പിതാവ് ഷമീമും മാതാവ് അസ്റയും പറഞ്ഞു. മൂന്ന് വസയാപ്പോൾ യൂട്യൂബിൽ നിന്ന് മൃഗങ്ങളെ കുറിച്ചും മറ്റുമുള്ള ഡോക്യുമെന്‍ററികളും ഐസാസ് സ്വന്തമായി കണ്ടു തുടങ്ങി. അടുത്തിടെ ദിനോസർ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലെത്തിയപ്പോള്‍ ഐസാസിന്‍റെ സന്തോഷവും പ്രകടനവും കണ്ട് കടക്കാരനും അത്ഭുതപ്പെട്ടുപോയി.
ഓരോന്നിനെയും എടുത്ത് അവയുടെ വിശേഷങ്ങളില്‍ വാചാലനായി ഐസാസ്. കൂട്ടത്തില്‍ തന്‍റെ ശേഖരത്തിലില്ലാത്ത ദിനോസറിനായി വാശിപിടിച്ചു. ഒടുവില്‍ വന്‍തുക നല്‍കി ഐസാസിന്‍റെ ഇഷ്ടത്തോടൊപ്പം നില്‍ക്കേണ്ടി വന്നു മാതാപിതാക്കള്‍ക്ക്. ടി-റെക്സിനെ കാണിച്ച് ഡി ഫോര്‍ ദിനോസര്‍ എന്ന് പറയുന്നത് ശരിയല്ലെന്നാണ് സണ്‍റൈസ് സ്കൂളിലെ കെജി ടു വിദ്യാര്‍ഥിയായ ഐസാസിന്‍റെ അഭിപ്രായം. ടോയ് ഷോപ്പില്‍ നിന്ന് കിട്ടുന്ന ദിനോസറുകളുടെ ചെറിയ നിര്‍മാണ തകരാറു പോലും ഈ കുരുന്ന് തിരിച്ചറിയും. ദിനോസറുകളുടെ പേര് തിരിച്ചറിയാനായി യൂടൂബില്‍ നടന്ന മല്‍സരത്തില്‍ ശരിയായ ഉത്തരം നല്‍കിയത് ഐസാസായിരുന്നുവെന്ന് മാതാവ് അസ്റ പറയുന്നു.
Post Your Comments