ന്യൂഡല്‍ഹി : പായ്വഞ്ചിയില്‍ ലോകം ചുറ്റി യാത്രയ്ക്കിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള സാധ്യത തെളിയുന്നു. അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്താനായേക്കുമെന്നാണ് സൂചന. ഫ്രാന്‍സിന്റെ മല്‍സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തേക്ക് എത്താറായത്. ഓസ്‌ട്രേലിയന്‍ കപ്പലായ എച്ച്എംഎഎസ് ബല്ലാറാത്ത് തൊട്ടുപിന്നാലെ എത്തും. ഐഎന്‍എസ് സത്പുരയ്ക്കു വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു.
വിമാനത്തില്‍നിന്നെടുത്ത പായ്വഞ്ചിയുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഐഎന്‍എസ് സത്പുര, ഐഎന്‍എസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകളാണ് അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുള്ളത്. എന്നാല്‍ സമീപത്തുള്ള ഓസിരിസാണ് ആദ്യമെത്തുക. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മത്സരത്തിന്റെ 83-ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നാണ് അഭിലാഷ് ടോമിക്കു പരുക്കേറ്റത്. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
Post Your Comments