കൊച്ചി: ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതിയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). ഈയിടെ പുറത്തിറക്കിയ ‘ജീവൻ ശാന്തി’ പെൻഷൻ പദ്ധതിയാണ് ട്രാൻസ്ജെൻഡറുകൾക്ക് പോളിസി ഉടമയും അവകാശിയും ആകാവുന്ന ആദ്യത്തെ എൽഐസി പോളിസി.
ഒറ്റത്തവണ പ്രീമിയം അടയ്ക്കേണ്ട പെൻഷൻ പദ്ധതിയാണ് ജീവൻ ശാന്തി. പെൻഷൻ തൊട്ടടുത്ത മാസം മുതലോ നിശ്ചിത കാലാവധിക്കു ശേഷമോ കിട്ടുന്ന രീതി തിരഞ്ഞെടുക്കാം. സാധാരണ പോളിസികളിൽ ഭർത്താവ്, ഭാര്യ, മക്കൾ എന്നീ കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഇതിൽ വിപുലമാക്കിയിട്ടുണ്ട്.
ഒറ്റയ്ക്കോ രണ്ടുപേരുടെ പേരിലോ എടുക്കാമെന്ന വ്യവസ്ഥയിൽ ഭർത്താവ്, ഭാര്യ, മക്കൾ, കൊച്ചുമക്കൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ എന്നിങ്ങനെ അടുത്ത ബന്ധുക്കളിലാരുമാകാം പങ്കാളി. സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ ഭേദമില്ല. ഒന്നരലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഉയർന്ന പരിധിയില്ല. 30 വയസ്സുമുതൽ 79 വയസ്സുവരെയുള്ളവർക്കു ചേരാം.
പോളിസി പ്രൊപ്പോസൽ ഫോമിൽ ഉടമയുടെ പേരിനൊപ്പം സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്നു ചേർക്കാൻ എൽഐസിക്ക് 2016 ൽ ഇൻഷുറൻസ് നിയന്ത്രണ ഏജൻസിയുടെ (ഐആർഡിഎ) അനുമതി ലഭിച്ചിരുന്നെങ്കിലും അത്തരമൊരു പോളിസി ഇപ്പോഴാണു പുറത്തിറങ്ങുന്നത്. ലൈഫ് ഇൻഷുറൻസ് വിപണിയുടെ 70 ശതമാനത്തോളം കയ്യാളുന്നത് പൊതുമേഖലാ സ്ഥാപനമായ എൽഐസിയാണ്.
Post Your Comments