തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറിൽ കാർഡും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച ആവാസ് ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 5,16,320 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ, 88 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. 4,89,716 പുരുഷ തൊഴിലാളികളും 26,516 വനിതാ തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകട ഇൻഷുറൻസായി 58 ലക്ഷം രൂപ നൽകി. തൊഴിലിടങ്ങളിൽ അപകടങ്ങൾ സംഭവിച്ച 29 പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ് നൽകിയത്.
326 അതിഥി തൊഴിലാളികൾക്ക് ചികിത്സാ സഹായമായി 20,02,338 രൂപ അനുവദിച്ചു. അംഗവൈകല്യം സംഭവിച്ച ഒരാൾക്ക് 50,000 രൂപയും ആവാസ് പദ്ധതി വഴി നൽകി. ചികിത്സാ പദ്ധതിയിൽ പ്രസവ സംബന്ധമായ ചികിത്സയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 നവംബർ ഒന്നിനാണ് പോർട്ടൽ ആരംഭിച്ചത്.
25 തൊഴിൽ മേഖലകളിലുള്ളവരെയാണ് തരംതിരിച്ച് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ വിവിധയിടങ്ങളിൽ ഹെൽപ്പർമാരായി ജോലി നോക്കുന്നവരും കൽപ്പണിക്കാരും കാർപെന്റർമാരും പ്ലംബർമാരും ഉൾപ്പെടും. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമില്ല. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയാകും. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തും. ഇൻഷുറൻസിന് അർഹരായവരുടെ വിവരങ്ങൾ ജില്ലാ ലേബർ ഓഫീസറാണ് തൊഴിൽ വകുപ്പിനെ അറിയിക്കുന്നത്.
കേരളത്തിലെത്തിയശേഷം അതാത് ജില്ലകളിലെ ഫെസിലിറ്റേഷൻ സെൻററുകളിലെത്തിയാൽ അതിഥി തൊഴിലാളികൾക്ക് ആവാസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ചികിത്സാ കാർഡുകൾ വാങ്ങാം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി അതിഥി പോർട്ടലും തൊഴിൽ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments