Latest NewsKerala

ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്‌ സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ്‌ നയത്തിന്റെ വിളംബരം- കോടിയേരി

തിരുവനന്തപുരം•കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലീസ്‌ നയത്തിന്റെ വിളംബരമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
സ്‌ത്രീകളേയും കുട്ടികളേയും മാനഭംഗപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ഇരയ്‌ക്ക്‌ നീതി കിട്ടാനുള്ള നിയമപരവും ഭരണപരവുമായ നടപടികളില്‍ ഒരു വിട്ടുവിഴ്‌ചയും എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ കാട്ടില്ലെന്നത്‌ ആവര്‍ത്തിച്ച്‌ ബോധ്യപ്പെടുകയാണ്‌.

ബലാത്സംഗ കേസില്‍ ഒരു ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നത്‌ രാജ്യത്ത്‌ ഇതാദ്യമാണ്‌. പരാതിയ്‌ക്ക്‌ അടിസ്ഥാനം നാല്‌ വര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ നിയമപരമായ മുന്‍കരുതലും തെളിവെടുപ്പും നടത്താനുള്ള ഉത്തരവാദിത്തം പോലീസ്‌ ജാഗ്രതയോടെ നിറവേറ്റി. കന്യാസ്‌ത്രീയുടെ പരാതിയിന്മേല്‍ തെളിവുകളുടെ ബലത്തിലാണ്‌ ബിഷപ്പിനെ അറസ്റ്റു ചെയ്‌തത്‌. ബാഹ്യസമ്മര്‍ദ്ധങ്ങളുടെ ഫലമായി ഉണ്ടായതല്ല പോലീസ്‌ നടപടി. സ്വതന്ത്രമായ അന്വേഷണ അധികാരം പോലീസിന്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. അതിന്റെ ഗുണഫലമായാണ്‌ ജാതിയും മതവും പണവും സ്വാധീനവും നോക്കാതെ സ്‌ത്രീ പീഢകരെ അഴിക്കുള്ളിലാക്കാന്‍ ഇന്ന്‌ കേരള പോലീസിന്‌ കഴിയുന്നത്‌.

ബിഷപ്പിനെതിരെ സമരം ചെയ്യാന്‍ ഏതാനും കന്യാസ്‌ത്രീകള്‍ രംഗത്തു വന്നത്‌ ക്രൈസ്‌തവ സഭയ്‌ക്കുള്ളില്‍ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും അതിന്റെ അര്‍ത്ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം സഭാ നേതൃത്വത്തിനുണ്ടെന്ന്‌ കരുതുന്നതായും താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. കന്യാസ്‌ത്രീകള്‍ സമരം നടത്തിയതില്‍ തെളിഞ്ഞത്‌ അവരുടെ ഇച്ഛാശക്തിയാണ്‌.

സമരത്തില്‍ ഏര്‍പ്പെട്ട കന്യാസ്‌ത്രീകള്‍ നിയമലംഘനം നടത്തിയവരെ നിയമത്തിന്‌ മുന്നില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു രംഗത്ത്‌ വന്നത്‌. എന്നാല്‍ ആ സമരത്തെ ഹൈജാക്ക്‌ ചെയ്‌ത്‌ സര്‍ക്കാര്‍ വിരുദ്ധവും സി.പി.ഐ (എം) വിരുദ്ധവുമാക്കാന്‍ നടത്തിയ രാഷ്‌ട്രീയ വര്‍ഗ്ഗീയ കരുനീക്കങ്ങളെയാണ്‌ സി.പി.ഐ (എം) തുറന്നു കാണിച്ചത്‌. സമരകേന്ദ്രത്തില്‍ വച്ച്‌ പലരും നടത്തിയ പ്രതികരണങ്ങളില്‍ ഇക്കാര്യം വ്യക്തമായിരുന്നു.

കന്യാസ്‌ത്രീകള്‍ നടത്തിയ സമരം സമൂഹത്തില്‍ പ്രതികരണം സൃഷ്ടിച്ചതാണ്‌. ഇരകളെ സംരക്ഷിക്കാനും, വേട്ടക്കാരെ പിടികൂടാനും എല്ലാ പ്രശ്‌നത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഈ പ്രശ്‌നത്തിലും പ്രതിബദ്ധത തെളിയിക്കുകയാണ്‌ ചെയ്‌തത്‌. ഇതിന്‌ മുമ്പ്‌ പല കേസുകളിലും എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നിയമലംഘകരെ പിടികൂടിയത്‌ ഏതെങ്കിലും പ്രക്ഷോഭസമരങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടായിരുന്നില്ല. എല്‍.ഡി.എഫ്‌ ഭരണമായതിനാല്‍ സ്‌ത്രീപീഢകര്‍ ഇരുമ്പഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button