ഓരോ സമരവും ഓരോ മുന്നറിയിപ്പുകളാണ്. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ആഞ്ഞടിക്കലുകളാണ് ഓരോ സമരവും. ശക്തമായ സമരങ്ങളിലൂടെ മാത്രമേ നീതി ഉറപ്പിക്കാനാവു എന്ന നിലയാണ് ഇപ്പോള്‍. എന്നാല്‍ ഇത്തരം സമരങ്ങള്‍ക്ക് മുന്‍പില്‍ രാഷ്ട്രീയ ശക്തികള്‍ മൂക്ക് കുത്തുന്ന അവസ്ഥയും നമുക്ക് കാണാം. കഴിഞ്ഞ കുറച്ച് കാലങ്ങള്‍ കൊണ്ട് തന്നെ നാം അത് തിരിച്ചറിഞ്ഞതാണ്. സംസ്ഥാനത്ത് നിലവില്‍ കൊടുമ്പിരി കൊണ്ട സമരങ്ങളിലൊന്നാണ് കന്യാസ്ത്രീമാര്‍ സമരമുഖത്തേക്കിറങ്ങിയത്. ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരെ ശബ്ദിക്കാന്‍ തയ്യാറായി ആദ്യം രംഗത്തെത്തിയ നാല് കന്യാസ്ത്രീമാര്‍ക്ക് ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് കൊടുത്തേ മതിയാകു. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെയാണ് ഇവര്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചത്. സഭ പുറത്താക്കി തിരിച്ചു ചെന്നാല്‍ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാല്‍ സെമിത്തേരിയില്‍ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവള്‍ക്കുവേണ്ടി, അവളുടെ നീതിക്കു വേണ്ടി ഫ്രാങ്കോക്കെയ്തിരെയുള്ള പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ഇവര്‍. പിന്നീട് നാല് കന്യാസ്ത്രീമാര്‍ക്ക് പിന്തുണ നല്‍കി നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടത്.
ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികള്‍ തുടക്കത്തില്‍ കൈകൊണ്ടതെങ്കിലും പിന്നീട് ജനശക്തിക്ക് മുന്‍പില്‍ മുട്ട്മടക്കേണ്ടി വന്നു. നാല് വോട്ടിന് വേണ്ടി സഭയേയോ മറ്റ് മതസംരക്ഷകരെയോ പിണക്കാതെ മുന്നോട്ടു പോകാനായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. എന്നാല്‍ ഇരയാക്കപ്പെട്ടവളുടെ നീതിക്ക് വേണ്ടി കേരളത്തിലെ വന്‍ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും, ഭരണവിരുദ്ധ വികാരം ഉയരുന്നതും കണ്ടതോടെ അധികാരികള്‍ക്ക് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ നിവൃത്തിയില്ലെന്നായി. അങ്ങനെ പീഡനപരാതിയില്‍ ബിഷപ്പ് അറസ്റ്റിലായതോടെ കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയമാണ് നാം കണ്ടത്. നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീമാര്‍ വിപ്ലവ നായികമാരായി തന്നെ വാഴ്ത്തപ്പെടും. ക്രിസ്തീയ വിശ്വാസികള്‍ മാത്രമല്ല, കേരളം ഒന്നാകെ ഏറ്റെടുത്ത സമരമായിരുന്നു ഇത്. കേരളത്തിലെ നീതി ബോധം നശിക്കാത്ത ജനങ്ങളുടെ പ്രതികരണ വിജയമാണ് ബിഷപ്പിന്റെ അറസ്റ്റ്. ഇതൊരു പൂര്‍ണ്ണ വിജയമായി കാണാന്‍ കഴിയില്ല, പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാതെ തക്കതായ ശിക്ഷ ലഭിക്കുമ്പോഴാണ് ഈ സമരം പൂര്‍ണ വിജയത്തിലെത്തിയെന്ന് നമുക്ക് പ്രഖ്യാപിക്കാന്‍ കഴിയുക.
നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കും ഒടുവില്‍ ജനഹിതത്തിന് ഭരണാധികാരികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുട്ടുമടക്കേണ്ടി വരികയായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് സ്ഥീരികരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്ന ഉച്ചയോടെ സമരപന്തലില്‍ ആഹ്ലാദ പ്രകടനങ്ങളും അഭിവാദ്യവിളികളും മുഴങ്ങിയിരുന്നു. കന്യാസ്ത്രീകളുടെ കണ്ണീരിന്റെ വിജയമെന്നാണ് ഫ്രാങ്കോയുടെ അറസ്റ്റിനെ സമരസമിതി വിശേഷിപ്പിച്ചത്. ജൂണ്‍ ആദ്യയാഴ്ചയിലായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കൂട്ടം പുരോഹിതര്‍ക്കെതിരേ വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത നാല് പുരോഹിതല്‍ ബലാല്‍സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിക്ക് പിറകെയായിരുന്നു ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ രംഗത്തെത്തയത്.
2014 മുതല്‍ 13 തവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ആരോപണം. ആരോപണം ആദ്യം സാധാരണ വാര്‍ത്തയായി ഒതുങ്ങിയെങ്കിലും പിന്നീട് ആരോപണം മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരിയായിരുന്നു. പരാതി നല്‍കി 87 ദിവസം പിന്നിടുമ്പോഴാണ് സഭയിലും രാഷ്ട്രീയത്തിലും ഉന്നത ബന്ധങ്ങളുള്ള ബിഷപ്പ് അറസ്റ്റിലായത്. സമരം ശക്തമായതോടെ ബിഷപ്പിന്റെ അറസ്റ്റ് അല്ലാതെ മറ്റുവഴികള്‍ അധികാരികള്‍ക്ക് മുന്‍പില്‍ ഇല്ലായിരുന്നു. ഓരോ സമരവും നീതിക്ക് വേണ്ടിയുള്ളതാണ്. നീതി മരിക്കാത്തിടത്തോളം അത് പിന്തുണയ്ക്കുന്ന ജനങ്ങളുടെ ശക്തി കൂടുകയല്ലാതെ കുറയില്ലെന്ന് രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കിയാല്‍ നന്ന്.
Post Your Comments