തിരുവനന്തപുരം : യുവാവിനെ കൊന്ന ശേഷം മൃതദേഹം കത്തിച്ച സംഭവത്തിലെ പ്രധാന പ്രതിയും സുഹൃത്തുമായ യുവാവ് അറസ്റ്റില്‍. വലിയതുറ വാട്ട്‌സ് റോഡില്‍ അനു അജു (27) അറസ്റ്റിലായി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടു വീട്ടില്‍ ആകാശി(22)നെയാണ് അനുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം മാര്‍ച്ച് 31നു കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തിനടുത്തുള്ള കൊറ്റയടിയില്‍ കൊണ്ടുപോയി കത്തിച്ചത്. രണ്ടു സ്ത്രീകളടക്കം നാലു പ്രതികളുള്ള കേസില്‍ അനു അജുവിന്റെ മാതാവ് അല്‍ഫോണ്‍സ, ഭാര്യ രേഷ്മ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. മറ്റൊരു പ്രതി കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരി വിളാകം വീട്ടില്‍ ജിത്തു എന്ന ജിതിന്‍ (22) വാഹനമോഷണക്കേസിലുള്‍പ്പെട്ടു ജയിലിലാണ്.
ഇരുചക്രവാഹനമോഷണക്കേസിലെ പ്രതികളാണു കൊല്ലപ്പെട്ട ആകാശും പ്രതികളായ അനുവും ജിത്തുവും. മൂവരും ജയിലില്‍ നിന്നിറങ്ങി അനുവിന്റെ നേതൃത്വത്തില്‍ വീണ്ടും ബൈക്ക് മോഷണം ആരംഭിച്ചു. ആകാശും ജിത്തുവും ചേര്‍ന്നു മോഷ്ടിക്കുന്ന വാഹനങ്ങള്‍ അനുവിന്റെ വലിയതുറയിലുള്ള ‘മെറ്റല്‍ ലെപേര്‍ഡ്’ എന്ന വര്‍ക്ഷോപ്പിലെത്തിച്ചു നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജരേഖകളുണ്ടാക്കി ആവശ്യക്കാര്‍ക്കു വാടകയ്ക്കു കൊടുക്കുന്നതായിരുന്നു രീതി. നിരവധി വാഹനങ്ങള്‍ മോഷണം നടത്തി അനുവിനു കൈമാറിയ ആകാശ്, കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നു രണ്ടു പേരും തെറ്റി. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ മൂവരും ചേര്‍ന്നു നടത്തിയ മോഷണങ്ങളെക്കുറിച്ചു പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ആകാശ് ഭീഷണിപ്പെടുത്തി.
തുടര്‍ന്നാണ് ഇയാളെ കൊല്ലാന്‍ അനുവും ജിത്തുവും രേഷ്മയും ചേര്‍ന്നു പദ്ധതി തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു. രേഷ്മ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് വലിയതുറയിലുള്ള വര്‍ക്ഷോപ്പിലെത്തിയ ആകാശിനെ ബീയറില്‍ ഉറക്കഗുളിക കലര്‍ത്തി ബോധം കെടുത്തി കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്നു വര്‍ക്ഷോപ്പില്‍ മൃതദേഹം ഷീറ്റ് കൊണ്ടു മൂടിയ ശേഷം ഫോണുമായി കൊല്ലം ബസ് സ്റ്റാന്‍ഡിലെത്തി ആകാശിന്റെ ഫെയ്‌സ് ബുക്കില്‍നിന്നു പത്തനംതിട്ടയിലേക്കു പോകുകയാണെന്ന തരത്തില്‍ സ്റ്റാറ്റസ് ഇട്ട ശേഷം ഫോണ്‍ അവിടെ നശിപ്പിച്ചു. തുടര്‍ന്ന്, വൈകിട്ട് തിരികെയെത്തിയ സംഘം വലിയ കാര്‍ വാടകയ്‌ക്കെടുത്തു മൃതദേഹം തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തെ വിജനമായ സ്ഥലത്തെത്തിച്ചു പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തിരികെയെത്തി വര്‍ക്ഷോപ്പിലെ തെളിവും നശിപ്പിച്ചു.
സംഭവത്തിനു ശേഷം, രണ്ടു മാസം കഴിഞ്ഞ് സുഹൃത്തുക്കളും വീട്ടുകാരും ആകാശിനെ തിരക്കുന്നുവെന്നു മനസ്സിലാക്കിയ അനു മറ്റു രണ്ടുപേരെയും കൂട്ടി ബെംഗളൂരുവിലെത്തിയ ശേഷം അവിടെ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു രേഷ്മയെക്കൊണ്ട് ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങി ആകാശിന്റെ അച്ഛനെ വിളിച്ച് ആകാശ് ബെംഗളൂരുവിലാണെന്നും ഇനി തിരികെ നാട്ടിലേക്കു വരില്ലെന്നും അറിയിച്ചു. ആകാശിനെ കാണാനില്ലെന്നു കാട്ടി പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.
Post Your Comments