ബിഗ് ബോസ് മലയാളം ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികൾക്ക് കടുത്ത ടാസ്കുകളാണ് നൽകുന്നത്. ഇന്നലെ നടന്ന ടാസ്കിൽ സാബുമോൻ അബ്ദുസ്സമദിന് കണ്ണിനു ഗുരുതരമായി പരിക്കേറ്റു. മത്സരാർത്ഥികളെ ബഞ്ചിലിരുത്തി മുഖത്തേക്ക് വെള്ളവും അറക്കപ്പൊടിയും മുട്ടയും ഷേവിങ് ക്രീമും ഒക്കെ ഇട്ടായിരുന്നു മത്സരം. ഇത്രയും ആക്രമണങ്ങൾ ഉണ്ടായാലും എഴുനേൽക്കാതെയിരിക്കുക എന്നതായിരുന്നു ടാസ്ക്. ആദ്യ ടീമിൽ അർച്ചന, ശ്രീനിഷ് സുരേഷ് തുടങ്ങിയവരായിരുന്നു. ഇവരിൽ സുരേഷും ശ്രീനിഷും അധിക നേരം പിടിച്ചു നിൽക്കാനാവാതെ പുറത്തായി.
എന്നാൽ അർച്ചന സുശീലൻ ശക്തമായ ആക്രമണങ്ങളിലും അവസാനം വരെ പിടിച്ചു നിന്നു. സാബു ബക്കറ്റിലെ വെള്ളം മുഖത്തേക്ക് ശക്തിയായി അടിച്ചു കൊണ്ടേയിരുന്നിട്ടും അർച്ചന പിന്മാറിയില്ല. ഷിയാസും പേളിയും സാബുവും ഒരുമിച്ചായിരുന്നു അർച്ചനയെ നേരിട്ടത്. എന്നാൽ ബസർ ശബ്ദം കേൾക്കുന്നത് വരെ അർച്ചന പിടിച്ചു നിന്നു. രണ്ടാമത്തെ ടീമായ സാബു, പേളി, ഷിയാസ് എന്നിവരെ ആദ്യത്തെ ടീം പിന്നീട് നേരിടുകയായിരുന്നു. ഇതിനിടയിലാണ് സാബുവിന് പരിക്കേറ്റത്. അർച്ചന അറക്കപ്പൊടി ശക്തിയായി സാബുവിന്റെ മുഖത്തേക്ക് എറിഞ്ഞ സാഹചര്യത്തിൽ കണ്ണ് തുറന്നതിനാൽ കണ്ണിലേക്ക് പൊടികൾ ശക്തിയായി തറയ്ക്കുകയായിരുന്നു.
ഇതിനെ തുടർന്ന് സാബു വേദന സഹിക്കാതെ സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടി. എന്നാൽ സാബുവിന്റെ പരിക്ക് സാരമുള്ളതായതിനാൽ സാബുവിനെ ബിഗ് ബോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണ് കെട്ടിയായിരുന്നു കൊണ്ടുപോയത്. അതിനു ശേഷം ഡോക്ടർ കണ്ണിലെ നിരവധി പൊടികൾ എടുത്തു കളയുകയും ഡ്രസിങ് ചെയ്തു കണ്ണ് മൂടിക്കെട്ടി തിരിച്ചയക്കുകയുമായിരുന്നു. വേദന അസഹനീയമായതിനാൽ ഡോക്ടർ തന്നെ ഇത് ലേബർ പെയിനെക്കാൾ വലിയ വേദനയാണ് എന്ന് സാബുവിനോട് പറഞ്ഞതായി സാബു സുരേഷിനോട് പറഞ്ഞു.
ടാസ്കിൽ സാബുവിന്റെ ടീം തന്നെയായിരുന്നു വിജയികൾ. ഇതിനിടെ ടാസ്കിന്റെ ക്യാപ്റ്റൻ ആയിരുന്ന അദിതി പക്ഷപാതപരമായി ഒരു ടീമിനോട് ഇടപെട്ടാൽ അവർക്കും ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. സാബുവിന്റെ പരിക്കിൽ പ്രേക്ഷകരും ആരാധകരും വളരെയധികം ആശങ്ക പങ്കുവെക്കുന്നുണ്ട്.
Post Your Comments