തിരുവനന്തപുരം: വിവാദമായ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആണെന്ന് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നമ്പി നാരായണന്‍ കേസരി ജേര്‍ണലിസ്റ്റ് യൂണിയന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ താഴെയിറക്കണമെന്ന ലക്ഷ്യമുള്ളവരോ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കരുതെന്ന് ആഗ്രഹമുള്ളവരോ ആയിരിക്കാം ചാരക്കേസിന് പിന്നില്‍. കേസില്‍ നഷ്ടപരിഹാരമല്ല പ്രശ്നം. ചാരനെന്ന വിളിപ്പേര് മാറണമെന്നതായിരുന്നു തന്റെ ലക്ഷ്യം. താന്‍ ചാരനല്ലെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ഉണ്ടാക്കിയവര്‍ അത്ര ബുദ്ധിമാന്മാരല്ല. സി.ബി.ഐ ഈ കേസ് അട്ടിമറിച്ചുവെന്ന് കരുതുന്നില്ല. ഈ കേസില്‍ ഭൂരിഭാഗം മാധ്യമങ്ങള്‍ക്കും അറിവില്ലായ്‌മയാണ്.
അവര്‍ മറ്റുള്ളവരെ വഴിതെറ്റിക്കുകയായിരുന്നു. രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം ചാരക്കേസിന് കാരണമായിട്ടുണ്ട്. ഇല്ലാത്ത സാങ്കേതിക വിദ്യ വില്‍ക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. വാര്‍ത്തയില്ലാതെ ഇരുന്നപ്പോള്‍ ലഭിച്ച സെന്‍സേഷണിലായ ഒരു കാര്യം പടച്ചുണ്ടാക്കുകയായിരുന്നുവെന്നും നമ്പി നാരായണന്‍ പറഞ്ഞു. തന്നെ പീഡിപ്പിച്ച ഐ.ബിയിലെ പതിനൊന്ന് പേരുടേയും പേരുകള്‍ അറിയാം. എന്നാല്‍ ചിത്രങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments