പത്തനംതിട്ട: അടുത്ത തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്മജ വേണുഗോപാല്‍. സിപിഐഎമ്മിനും കോണ്‍ഗ്രസിനും നല്ല നായകന്മാരില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ട് പേരുടേയും ഫോട്ടോ മാത്രം അവശേഷിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ.
പ്രമുഖമായ ഒരു സമുദായത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി. കോണ്‍ഗ്രസിനെ അനുസരിപ്പിക്കുന്നത് അവരുടെ മിടുക്കാണെന്നും പത്മജ വിമര്‍ശിച്ചു. ‘രാത്രിയില്‍ ഞാന്‍ കരയാറുണ്ട്. ഇവിടെ വന്നപ്പോള്‍ കണ്ണുനിറഞ്ഞുപോയി. സദസ്സില്‍ നിറയെ വനിതകളെ കണ്ടപ്പോള്‍ സന്തോഷം. 50 വയസ്സിന് താഴെയുള്ള എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ട്’, പത്മജ ചോദിച്ചു.പെണ്ണായാൽ കോൺഗ്രസിൽ തീർന്നുവെന്നും ബിജെപി വേദികളിൽ മുനിരയിൽ തന്നെ സ്ത്രീകളുണ്ടെന്നും പത്മജ പറഞ്ഞു.
അനില്‍ ആന്‍റണിയുടെ പ്രചാരണ യോഗത്തില്‍ പത്മജ വേണുഗോപാലിന് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇവിടെ സ്ത്രീകൾക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പത്മജ പറഞ്ഞു. മോദിയുടെ വീടാണ് ഭാരതം. കോൺഗ്രസിന് നല്ല നേതൃത്വം ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും. കെ കരുണാകരന്റെ മകളെ കോൺഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് എന്‍റെ സഹോദരന് മനസിലാകും.
കെ മുരളീധരന് പരവതാനി വിരിച്ചാണ് താൻ പോന്നത്. അല്പം വൈകി എല്ലാം മനസ്സിൽ ആകുന്നയാളാണ് കെ മുരളീധരൻ. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഹങ്കാരത്തിന് മാത്രം കുറവില്ല. പണ്ട് കോണ്‍ഗ്രസില്‍ ആരോഗ്യകരമായ മത്സരമായിരുന്നു. ഇന്ന് കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും ഓരോ ഗ്രൂപ്പ്. കുടുംബവും കുട്ടികളും ഇല്ലാത്ത മോദിക്ക് ഭാരതമാണ് കുടുംബം എന്നും പത്മജ പറഞ്ഞു. ആന്റണിയും കരുണാകരനും രണ്ട് ഗ്രൂപ്പുകാരാണ്. എന്നാല്‍ ഞങ്ങള്‍ മക്കള്‍ തമ്മില്‍ വലിയ സ്‌നേഹമാണ്.
ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും. അടുത്ത തവണ കോണ്‍ഗ്രസ് കേരള നിയമസഭയില്‍ അധികാരത്തില്‍ എത്തില്ല. തനിക്ക് ധാരാളം വ്യക്തിബന്ധങ്ങള്‍ ഉണ്ട്. അച്ഛന്‍ സങ്കടപ്പെട്ട് കരഞ്ഞ് കൊണ്ടാണ് ഭൂമിയില്‍ നിന്ന് പോയത്. അച്ഛന്‍ എന്നെ ശപിക്കില്ല. ഇനി മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇനി കേരളത്തില്‍ ഉണ്ടാകില്ല. അനിൽ ആന്റണി എനിക്ക് അനിയനെ പോലെ ആണ്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
Post Your Comments