ജീവിതനിലവാരസൂചികയുടെ ആധാരം നിശ്ചയിക്കുന്നത് ഇന്ധനവിലയാണെന്നത് ഇന്ത്യയില്‍ നിഷേധിക്കാനാകാത്ത സത്യമാണ്. റോക്കറ്റ് പോലെ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ പ്രതിപക്ഷം മാത്രമല്ല ജനങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. എണ്ണക്കമ്പനികളുടെ ഇഷ്ടമനുസരിച്ച് ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുന്നത് നികുതി വരുമാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപകരാപ്രദമായേക്കും. എന്നാല്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ളവയുടെ വിലവര്‍ധനയ്ക്ക് അടിത്തറയിടുന്ന എണ്ണക്കമ്പനികളുടെ തീരുമാനത്തിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ വിലവര്‍ധനയെ വിമര്‍ശിച്ച് രംഗത്തെത്തുന്ന സാഹചര്യത്തിലേക്കാണ് ഇന്ധനവില ദിനംപ്രതി കുതിക്കുന്നത്. ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡികരിക്ക് വരെ തുറന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇന്ധനവില വര്‍ധന അതിന്റെ എല്ലാ തീവ്രതയോടെയും അനുഭവിക്കുന്ന മെട്രോ നഗരമായ മുംബൈയില്‍ നടന്ന മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവേയായിരുന്നു ഇന്ധനവിലയെ കുറിച്ച് ഗഡ്കരി ഇങ്ങനെ പ്രതികരിച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്ന നിരൂപണം കേന്ദ്രമന്ത്രിയും ശരിവച്ചെങ്കിലും ഇന്ധനത്തിന്റെ നികുതി കുറച്ച് അധികഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.
കേന്ദ്രമന്ത്രിസഭയിലെ പ്രമുഖന്‍തന്നെ ഇന്ധനവില വര്‍ധന സൃഷ്ടിക്കുന്ന പ്രശ്നം തുറന്നു പറഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കേണ്ടിയിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനമായതെന്ന് എല്ലാവര്‍ക്കും അറിയാം. ഉത്തരവാദിത്തപ്പെട്ട, ജനപക്ഷത്ത് നിന്ന് ചിന്തിക്കുന്ന പ്രധാനമന്ത്രി എന്ന നിലയില്‍ യുപിഎ സര്‍ക്കാരിന്റെ ആ തെറ്റ് തിരുത്താനാണ് നരേന്ദ്രമോദി ശ്രമിക്കേണ്ടത്. പകരം ഇക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനം വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിക്ക് വരെ കാരണമായേക്കാം.കഴിഞ്ഞ മെയ് മുതല്‍ തന്നെ മുംബൈയില്‍ പെട്രോള്‍ വില 84 ല്‍ എത്തിയിരുന്നു. റെക്കോഡ് വിലയില്‍ എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മോദി സര്‍ക്കാരിന് തന്നെ നാണക്കേടാണെന്ന അഭിപ്രായമാണ് ബിജെപി അനുഭാവികള്‍ പോലും പങ്ക് വയ്ക്കുന്നത്.
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടാകുന്ന വിലവ്യത്യാസം മാത്രം കണക്കിലെടുത്തല്ല ഇന്ത്യയില്‍ ഇന്ധനവിലയില്‍ കുറവും കൂടുതലുമുണ്ടാകുന്നതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയാണ് പ്രധാനഘടകം. നികുതി കുറയ്്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായാല്‍ ഇന്ധനവിലയില്‍ ഗണ്യമായ മാറ്റം വരുത്താന്‍ കഴിയുമെന്നിരിക്കെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം ഉണ്ടാകാത്തതും നിര്‍ഭാഗ്യകരമാണ്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധികം നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലാണെന്നതും ഓര്‍ക്കേണ്ടിയിരിക്കുന്നു. ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധനവില എത്താത്തതിന് കാരണവും അധിക നികുതി ഈടാക്കി വരുമാനം കണ്ടെത്താമെന്ന കണക്കുകൂട്ടല്‍ മാത്രമാണ്.
നികുതിയിലൂടെ കണ്ടെത്തുന്ന പണം രാജ്യത്തിന്റെ പുരോഗതിക്ക് തന്നെയാണ് ഉപയോഗിക്കുന്നതെന്നത് യാാഥാര്‍ത്ഥ്യമാണെങ്കിലും അതിന്റെ പേരില്‍ സാധാരണക്കാര്‍ ക്രൂശിക്കപ്പെടുന്നത് ഒട്ടും ആശാസ്യമല്ല. കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് കടിഞ്ഞാണിടേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. രാജ്യത്തിന്റെ ക്ഷേമത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഉദ്ഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പ്രതീക്ഷിക്കാം. അധികം താമസിയാതെ തന്നെ ഇക്കാര്യത്തില്‍ ഉചിതമായ നടപടി കേന്ദ്രസര്‍ക്കാരിന്റ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്. അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Post Your Comments