പൊൻകുന്നം: തോട്ടിലൂടെ ഒഴുകി പാഴായി പോകുന്ന വെള്ളത്തെ വൈദ്യുതിയാക്കി മാറ്റി ബേബിച്ചൻ. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കര്‍ഷക തൊഴിലാളിയായി ഇപ്പോഴും ജോലി ചെയ്യുന്ന സാബു എരുമേലി പഞ്ചായത്തിലെ ചേനപ്പാടി ഗ്രാമത്തിലാണ് ജനിച്ചുവീണത്.
ജനിച്ചു വളര്‍ന്ന പാതിപാറ ഗ്രാമത്തിലെ തോട്ടിലൂടെ ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം ദിനംപ്രതി ഒഴുകിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സാബു ഈ വെള്ളം തടഞ്ഞു നിര്‍ത്തി എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഏറെ ആലോചിച്ചു. തന്റെ ഉള്ളില്‍ ഉദിച്ചുപൊങ്ങിയ ആശയം അയല്പക്കക്കാരോടും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും പങ്കുവച്ചു. അയല്‍വാസിയും ചെത്തുതൊഴിലാളിയുമായ ചെങ്കല്ലിങ്കല് ജയദേവനും ഇദേഹത്തിന്റെ സഹോദര പുത്രനായ അഖിലും മാത്രമാണ് പദ്ധതിയോട് സഹകരിച്ചത്. ഇതര വാസികളും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും സാബുവിനെ നിരുൽസാഹപ്പെടുത്തുകയാണുണ്ടായത്.
സാബു ഇടുക്കി വൈദ്യുതി നിലയിത്തിലെത്തി ജനറേറ്റര്‍ സംവിധാനത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തി. തിരികെ വന്ന സാബു ബാംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി റിന്യൂവല്‍ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുകയും ഒന്നര ലക്ഷത്തിലേറെ രൂപ വിലവരുന്ന മോട്ടോറും ഇതര സാമഗ്രഹികളും വാങ്ങി. ഇതിന് ഇരുപതിനായിരം രൂപ മാത്രമേ ചെലവായുള്ളൂ. ബാക്കി തുക കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡിയാണ്.
പാതിപാറ തോട്ടില്‍ 63 മീറ്റര്‍ നീളത്തില്‍ നാലിഞ്ച് എച്ച്ഡി പൈപ്പ് സ്ഥാപിച്ച് ഇതില്‍ കൂടി വെള്ളം കടത്തിവിട്ട് ഇതിന്റെ ചുവട്ടിലായി മിനി പവര്‍ സ്റ്റേഷനും ജനറേറ്ററും സ്ഥാപിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വര്‍ഷ കാലത്തു മാത്രമേ ഇവിടെ വൈദ്യുതി ഉത്പാദനം നടക്കുകയുള്ളു. പാതിപാറ സാബു, ചെങ്കല്ലിങ്കല് ജയദേവൻ, അഖില്‍ എന്നിവരുടെ വീടുകളിലും ചേനപ്പാടി കണ്ണമ്പള്ളി ദേവീക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപം, ക്ഷേത്ര കവാടത്തിലെ തെരുവിളക്ക് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ ഈ പദ്ധതിയില്‍ നിന്നുമാണ് പ്രവര്‍ത്തിക്കുന്നത്. പാതിപാറ തോട്ടില്‍ മിനി ചെക്കുഡാം നിര്‍മിച്ചാല്‍ ഈ പ്രദേശത്തെ ഒട്ടേറെ പേര്‍ക്ക് വൈദുതിയെടുക്കാനാകും.
ബ്രെയിൻ ട്യൂമർ ബാധിതനായ സാബുവിന് കണ്ടുപിടുത്തങ്ങൾ ഇനിയും നടത്തണമെന്നാണ് ആഗ്രഹം അതിനായുള്ള ശ്രമങ്ങളിലാണ് ഈ 51കാരൻ
Post Your Comments