Latest NewsKerala

പിണറായി കൂട്ടക്കൊല: പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പിൽ നിർണ്ണായക വിവരങ്ങൾ,തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് ആറിടത്ത്

തന്റെ ജീവിതം എങ്ങനെ ഈ തരത്തിലായി എന്ന് പറയുന്നിടത്താണ് കൂട്ടാളി ആയിരുന്ന ഒരാളുടെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്.

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യയുടെ ജയില്‍ ഡയറിക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് സൗമ്യ ആറ് സ്ഥലത്താണ് ഡയറിയില്‍ എഴുതി വച്ചിരിക്കുന്നത്. വനിതാ ജയിലില്‍ സൗമ്യ ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ച ടൗണ്‍ സിഐ ആണ് ഡയറിക്കുറിപ്പുകളും പരിശോധിച്ചത്. ആറ് നോട്ട് ബുക്കുകളിലാണ് സൗമ്യ ജീവിത കഥകളും കവിതകളും എഴുതി വച്ചിരിക്കുന്നത്. ഇതില്‍ തന്റെ ജീവിതം എങ്ങനെ ഈ തരത്തിലായി എന്ന് പറയുന്നിടത്താണ് കൂട്ടാളി ആയിരുന്ന ഒരാളുടെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്.

നാട്ടുകാരനായ ഇയാള്‍ തന്നെ വിദേശത്ത് കൊണ്ടുപോകാമെന്ന് ഉറപ്പ് തന്നു. മറ്റ് പല പ്രതീക്ഷകളും തന്നു. ഇങ്ങനെ വരികള്‍ക്കിടയില്‍ ആറ് തവണ ഇയാളുടെ പേര് ആവര്‍ത്തിക്കുന്നുണ്ട് സൗമ്യ. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ച മൂന്ന് പേരില്‍ ഒരാളുടെ പേര് തന്നെയാണ് ഡയറിയിലും എഴുതിയിരിക്കുന്നത്. എന്നാല്‍ തന്റെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയ സംഭവവുമായി ഇയാളുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടുമില്ല. ഇതോടൊപ്പം ആറ് കവിതകളാണ് ഡയറിക്കുറിപ്പില്‍ അടങ്ങിരിക്കുന്നത്. അത് മുഴുവന്‍ ജയില്‍ അന്തരീക്ഷത്തെ കുറിച്ചുള്ളതാണ്.

കുറിപ്പ് പൂര്‍ണ്ണമായി വായിച്ച കണ്ണൂര്‍ ടൗണ്‍ സിഐ ഇതിലെ പ്രസക്തഭാഗങ്ങള്‍ പ്രത്യേക നോട്ടായി തലശ്ശേരിയിലെ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. ഡയറിയിലെ വിവാദ ഭാഗങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ കണ്ണൂര്‍ സിഐ കുറിപ്പ് കൈമാറിയിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ് അന്വേഷണം എത്തി നില്‍ക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഉത്തരവായിട്ടില്ല.

നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘമാണെങ്കില്‍ ഏക പ്രതി ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച്‌ എല്ലാം അവസാനിപ്പിക്കാനുള്ള നീക്കത്തിലുമാണ്. ജില്ലാ പൊലീസ് മേധാവി ട്രെയിനിംഗിന്റെ ഭാഗമായി സ്ഥലത്തില്ലാത്തതും കേസിന്റെ മെല്ലെപ്പോക്കിന് കാരണമായി. ബന്ധുക്കളുടെയും ജനകീയ സമിതിയുടെയും ആവശ്യം പോലും പരിഗണിക്കപ്പെടാതെ ചില സംശയങ്ങള്‍ ബാക്കിയാക്കി എത്തുമെത്താത്ത അവസ്ഥയില്‍ ഒതുങ്ങുകയാണ് പിണറായി കൂട്ടക്കൊല കേസും പ്രതിയുടെ മരണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button