തിരുവനന്തപുരം : പ്രളയദുരന്തത്തിൽ ഭൂമി നഷ്ടപ്പെട്ടവരെ സഹായിക്കാനായി സ്വന്തം ഭൂമി വാഗ്‌ദാനം ചെയ്ത് കത്തെഴുതിയവർക്ക് സർക്കാരിന്റെ വക ചില നിർദ്ദേശങ്ങൾ. വെറുമൊരു കത്തിലൂടെ ഭൂമി വാഗ്‌ദാനം ചെയ്യാൻ സാധിക്കില്ല. 1958-ലെ നിയമപ്രകാരം അപേക്ഷിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ ഭൂമിദാനം സാധുവാകൂ.
നിയമമനുസരിച്ച് നിശ്ചിതമാതൃകയിൽ ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകണം. ആർ.ഡി.ഒ. തെളിവെടുപ്പുനടത്തി ഉടമസ്ഥത സ്ഥിരീകരിച്ചശേഷം മാത്രമേ ദാനം അംഗീകരിക്കൂ. മറ്റാർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും പ്രസിദ്ധീകരിക്കും.ഇവർക്ക് രേഖകൾ ഹാജരാക്കാനും അവസരം നൽകും.
Read also:യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച ആള്‍ദൈവം പിടിയില്‍
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കേസുണ്ടെങ്കിൽ അത്തരം ഭൂമി സ്വീകരിക്കില്ല. എന്നാൽ, കേസ് സർക്കാരും ഭൂവുടമയും തമ്മിലാണെങ്കിൽ അവകാശം വിട്ടൊഴിയുന്നതോടെ കേസും ഇല്ലാതാവും. ഭൂമിസംബന്ധിച്ച് തർക്കങ്ങളില്ലെന്ന് ഉറപ്പായാൽ ആ ഭൂമി സർക്കാർ പുറമ്പോക്കായി പ്രഖ്യാപിക്കും. ജില്ലാ കളക്ടർക്കാണ് ഇതിന് അന്തിമാധികാരം. ഭൂവുടമയ്ക്ക് ദുരന്തത്തിൽപ്പെട്ട ആരെയെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ സർക്കാർ വഴിയല്ലാതെ നേരിട്ടും ഭൂമി രജിസ്റ്റർചെയ്ത് നൽകാം.
ദാനസമ്മത കത്തുകിട്ടിയാൽ അതത് ജില്ലാ കളക്ടർക്ക് കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. സമ്മതം അറിയിച്ചവരെ ഉദ്യോഗസ്ഥർ കണ്ടെത്തി അപേക്ഷ സ്വീകരിച്ച് നിയമപ്രകാരമുള്ള നടപടികളെടുക്കുമെന്ന് റവന്യൂവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments