തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജിന്റെ വിവാദ പരാമർശം അദ്ദേഹം കൂടി അംഗമായ നിയമ സഭാ എത്തിക്സ് കമ്മറ്റിയെ കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനം. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണു വിഷയം കമ്മിറ്റിക്കു വിട്ടത്.പരാതിപ്പെട്ട സ്ത്രീക്കെതിരെ നിയമസഭാ സാമാജികനിൽ നിന്നുണ്ടായ ഇത്തരം പരാമർശം ദൗർഭാഗ്യകരമാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി. എ.പ്രദീപ്കുമാർ എംഎൽഎ ആണ് കമ്മിറ്റി അധ്യക്ഷൻ.
കമ്മിറ്റിയിൽ നിന്നു ജോർജ് സ്വയം മാറിനിൽക്കുമെന്നാണു പ്രതീക്ഷയെന്നു സ്പീക്കർ പറഞ്ഞു.സഭയ്ക്കു പുറത്തുള്ള പെരുമാറ്റത്തിന്റെ പേരിൽ എത്തിക്സ് കമ്മിറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യമായി നടപടി നേരിട്ടതും പി.സി.ജോർജ് ആയിരുന്നു. 2013 ൽ ചാനൽ അഭിമുഖത്തിൽ കെ.ആർ.ഗൗരിയമ്മ, ടി.വി.തോമസ് ആർ. ബാലകൃഷ്ണ പിള്ള, കെ.ബി.ഗണേഷ് കുമാർ എന്നിവരെക്കുറിച്ച് അന്നു ചീഫ് വിപ് സ്ഥാനത്തിരുന്നു നടത്തിയ പരാമർശങ്ങളാണ് പരാതിക്കിടയാക്കിയത്.
കെ.മുരളീധരൻ അധ്യക്ഷനായ പ്രിവിലെജസ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇതു പരിശോധിച്ചു. ഇതിനെ തുടർന്ന് 2015 -ൽ ജോർജ്ജിന് താക്കീത് നൽകിയിരുന്നു.ഇതേസമയം, കന്യാസ്ത്രീയെക്കുറിച്ച് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു വനിതാകമ്മീഷൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ജോർജിന്റെ പരാമർശങ്ങളിൽ കമ്മിഷൻ ശക്തമായ അതൃപ്തി അറിയിക്കുന്നതായി കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.
Post Your Comments