Latest NewsKeralaNews

നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍, സ്പീക്കറുടെ ഡയസില്‍ കയറിയും പ്രതിഷേധം

തിരുവനന്തപുരം : നിയമസഭയില്‍ അത്യസാധാരണമായ നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച 12 മണിക്ക് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും വന്‍ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചര്‍ച്ചയും ഇന്ന് നടക്കില്ല.

Read Also: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയില്‍ അറസ്റ്റില്‍; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്

അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയില്‍ നേര്‍ക്കുനേര്‍ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന്‍ വേദം ഓതും പോലെയാണെന്നും വിഡി സതീശന്‍ പരിഹസിച്ചു.

പിന്നാലെ രൂക്ഷഭാഷയില്‍ പിണറായിയും മറുപടി നല്‍കി. നിങ്ങള്‍ക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാന്‍ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സമൂഹത്തിന് മുന്നില്‍ പിണറായി വിജയന്‍ ആരാണ് എന്നും സതീശന്‍ ആരാണ് എന്നും അറിയാം. പിണറായി വിജയന്‍ അഴിമതിക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നല്‍കി.

പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. ഡയസില്‍ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തില്‍ ഇറങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാ ടിവി കട്ട് ചെയ്തു. വാക്ക്‌പോര് സഭാ ടിവി സെന്‍സര്‍ ചെയ്തു. പ്രതിഷേധ ദൃശ്യങ്ങള്‍ ഒഴിവാക്കി. തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തിലാക്കി. സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button