തിരുവനന്തപുരം•വെള്ളക്കെട്ടില്‍നിന്നു കരകയറാത്ത കുട്ടനാടിനെ രക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ പമ്പുകള്‍ എത്തിച്ച് വെള്ളം വറ്റിക്കല്‍ ദൗത്യത്തിനു തുടക്കമായി. കഴിഞ്ഞ ദിവസം കുട്ടനാട് സന്ദര്‍ശിച്ച ജലവിഭവമന്ത്രി ശ്രീ. മാത്യു ടി. തോമസ്, ഒപ്പമുണ്ടായിരുന്ന വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെംബര്‍ ടി. രവീന്ദ്രനും ചീഫ് എന്‍ജിനീയര്‍(ഓപറേഷന്‍സ്) ബി.ഷാജഹാനും നല്‍കിയ നിര്‍ദേശമനുസരിച്ചാണ് 2017ലെ വരള്‍ച്ചാകാലത്ത് നെയ്യാര്‍ഡാമില്‍നിന്ന് തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളമെത്തിക്കാന്‍ ഉപയോഗിച്ച രണ്ടു കൂറ്റന്‍ പമ്പുകളെത്തിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. മണിക്കൂറില്‍ 12 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്ന, പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പമ്പുകള്‍ കനകാശ്ശേരി പാടശേഖരത്താണ് പ്രവര്‍ത്തിപ്പിക്കുന്നത്. 180എച്ച്പി ശേഷിയുള്ള പമ്പുകള്‍ക്ക് രണ്ടര ടണ്‍ വീതമാണ് ഭാരം.
വെള്ളത്തിലാണ്ടു കിടക്കുന്ന പ്രദേശത്ത് ട്രാന്‍സ്ഫോമര്‍, പാനല്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കാന്‍ കരയില്ലാത്തതിനാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിങ് പമ്പിങ് സ്റ്റേഷന്‍ നിര്‍മിച്ചാണ് പമ്പിങ് തുടങ്ങിയത്. കേരളത്തില്‍ ആദ്യമായാണ് ഫ്ളോട്ടിങ് പമ്പിങ് സ്റ്റേഷന്‍ ഉപയോഗിച്ച് പമ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിലേക്ക് കെഎസ്ഇബി 11 കെവി കണക്ഷനും നല്‍കി. ചെളിനിറഞ്ഞു കിടക്കുന്ന പാടശേഖരത്ത് പമ്പ് ചെളിയില്‍ പുതഞ്ഞുപോകാതിരിക്കാനും പ്ലാറ്റ്ഫോം നിര്‍മിച്ചു. അഞ്ചുദിവസംകൊണ്ട് വെള്ളം ഒരു മീറ്ററോളം വറ്റിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. പാടങ്ങളില്‍നിന്ന് വെള്ളം താഴുമ്പോള്‍ വെള്ളക്കെട്ടില്‍ കിടക്കുന്ന വീടുകളില്‍നിന്നും സ്കൂളുകളില്‍നിന്നും വെള്ളമിറങ്ങും.
നെയ്യാര്‍ഡാമില്‍ ഉപയോഗശേഷം കാളിപ്പാറയില്‍ സൂക്ഷിച്ചിരുന്ന പമ്പുകള്‍ കഴിഞ്ഞ ദിവസം പുന്നമട ഫിനിഷിങ് പോയിന്‍റിനു സമീപമെത്തിച്ച് ക്രെയിന്‍ ഉപയോഗിച്ച് ജങ്കാറിലേക്കു മാറ്റിയാണ് കനകാശ്ശേരി പാടശേഖരത്തു കൊണ്ടുവന്നത്. ജല അതോറിറ്റി തിരുവനന്തപുരം പ്രോജക്ട് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി.അജീഷ് കുമാര്‍, എഇമാരായ ബിനുകുമാര്‍, അനൂപ് എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം ഡിഎസ് ഇലക്ട്രിക്കല്‍ ആന്‍ഡ് പവര്‍ എന്ന സ്ഥാപനത്തിലെ ഇരുപതോളം ജീവനക്കാരാണ് പമ്പ് സ്ഥാപിക്കുന്ന ജോലികള്‍ ചെയ്തത്.
Post Your Comments