തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ജനത്തിന് ഇരട്ടപ്രഹരവുമായി സർക്കാർ. വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പിന്നാലെ വെള്ളക്കരവും കൂട്ടുകയാണ്. നിലവിലെ നിരക്ക് അഞ്ച് ശതമാനം കൂട്ടാനാണ് തീരുമാനം. ജല അതോറിറ്റിയുടെ ശുപാര്‍ശ ഫെബ്രുവരിയിൽ സര്‍ക്കാരിന് നൽകും. വാർത്ത വന്നത് മുതൽ സർക്കാരിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇതിൽ പ്രതികരിച്ച് ജല വകുപ്പ് മന്ത്രി രംഗത്തെത്തി. ജനരോക്ഷം കുറയ്ക്കുന്നതിനായി ഇതിന്മേൽ ആലോചനകൾ നടക്കുന്നതേ ഉള്ളൂ എന്നാണ് ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം.
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിക്കുന്നതിനിടെയാണ് ജനങ്ങളെ കഷ്ടത്തിലാക്കുന്ന പുതിയ തീരുമാനം സർക്കാർ സ്വീകരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ നിരക്ക് അഞ്ച് ശതമാനം കൂടും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായി കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും.
അതേസമയം, വൈദ്യുതി നിരക്ക് കൂട്ടിയതിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാൽ, ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദീകരിച്ചത്. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാതെ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങള്‍ നിരക്ക് വര്‍ധന ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും വൈദ്യുത മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments