തിരുവനന്തപുരം: സംസ്ഥാനത്ത് വെളളത്തിന്റെ നിരക്ക് വര്‍ധിപ്പിച്ച് ജല അതോറിറ്റി. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ നിരക്കിനേക്കാള്‍, അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് ഇതോടെ ഉണ്ടാകുക.
വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ, 1000 ലിറ്ററിന് നാല് രൂപ 41 പൈസ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. നിലവിലെ നിരക്ക്, നാല് രൂപ 20 പൈസയാണ്. ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നു ഗാര്‍ഹികേതര ഉപഭോക്താക്കള്‍ ആദ്യം നല്‍കിയിരുന്നത്. എന്നാല്‍, പുതുക്കിയ നിരക്ക് പ്രകാരം 16 രൂപ 54 പൈസ നല്‍കേണ്ടിവരും. വ്യവസായിക കണക്ഷനുകള്‍ക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതുക്കിയ നിരക്ക്.
ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം വര്‍ധനവാണ് ജല അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 5000 ലിറ്റര്‍ വെള്ളത്തിന് 21 രൂപയാണ് ഈടാക്കുന്നത്. ഇനി അത് 22.05 രൂപയാകും. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക.
Post Your Comments