ലണ്ടന്‍ : ഇന്ത്യന്‍ കോടീശ്വര പുത്രിയുടെ പഠനത്തിന് മാത്രമായി കോടികളുടെ ബംഗ്ലാവ്, പെണ്‍കുട്ടിയ്ക്ക് ചുറ്റും 12 പരിചാരകര്‍. കോടീശ്വരനായ ഇന്ത്യക്കാരന്റെ മകള്‍ സ്‌കോഡ്‌ലാന്‍ഡിലാണ് പഠിയ്ക്കുന്നത്. സ്‌കോട്ലന്‍ഡിനു കിഴക്കായി യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവിലാണ് ഈ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി പഠിക്കുന്നത്.
ഒപ്പം പഠിക്കുന്നവരെല്ലാം ഹോസ്റ്റലിലും മറ്റുമാണു താമസം. അവിടെ നിന്നു തന്നെയാണു ചിലപ്പോഴെല്ലാം ഭക്ഷണവും. മകളുടെ കാര്യം നോക്കാന്‍ അവിടെ ആരുണ്ടാകുമെന്ന് ആധിയായതോടെ പിതാവ് ഏതാനും മാസം മുന്‍പ് യുകെയിലെ മുന്‍നിര പത്രത്തില്‍ പരസ്യം കൊടുത്തു- ‘പരിചാരകരെ ആവശ്യമുണ്ട്’. റിക്രൂട്ടിങ് ഏജന്‍സിയായ സില്‍വര്‍ സ്വാന്‍ വഴിയായിരുന്നു പരസ്യം. എന്നാല്‍ കോടീശ്വരന്‍ ആരാണെന്നോ മകളുടെ പേരോ ഒന്നും ഏജന്‍സി പുറത്തുവിട്ടിട്ടില്ല.
ഒന്നും രണ്ടുമല്ല, പന്ത്രണ്ടു പേരെയാണ് മകളെ പരിചരിക്കാന്‍ വേണ്ടി മാത്രമായി ആ കോടീശ്വരന്‍ ജോലിക്കെടുത്തത്. രാവിലെ വിളിച്ചുണര്‍ത്തുന്നതു മുതല്‍ കോളജില്‍ കൊണ്ടുപോയി തിരികെ കൊണ്ടു വന്ന് രാത്രി അത്താഴം നല്‍കി ഉറക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നോക്കാനാണ് ഇവര്‍. ഷോപ്പിങ്ങിനു പോകുമ്പോള്‍ സഹായിയായി മറ്റൊരു പരിചാരിക.
Read Also : ഈ കോടീശ്വരന്‍മാരെല്ലാംഎങ്ങോട്ട് പോകുന്നു?
മകള്‍ക്കു താമസിക്കാന്‍ വേണ്ടി ഒരു പടുകൂറ്റന്‍ മാളികയും ഒരുക്കി പിതാവ്. ഒരു ഹൗസ് മാനേജര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, ഒരു പൂന്തോട്ടക്കാരന്‍, ഒരു വനിതാ പരിചാരിക, ദിവസവുമുള്ള ഭക്ഷണത്തിന് ഒരു പാചകക്കാരന്‍, മൂന്നു സഹായികള്‍, ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിത്തരാന്‍ പ്രത്യേകമൊരു പാചകക്കാരന്‍, ഡ്രൈവര്‍ എന്നിവരാണ് കൂറ്റന്‍ മാളികയിലുള്ളത്. സ്‌കോട്ടിഷ് സര്‍വകലാശാലയിലെ നാലു വര്‍ഷത്തെ പഠനകാലത്തും ഈ പന്ത്രണ്ടു പേരും മാളികയും പെണ്‍കുട്ടിക്കു സൗകര്യമൊരുക്കിയുണ്ടാകും.
എപ്പോഴും പ്രസന്നയായ ഊര്‍ജസ്വലയായ പെണ്‍കുട്ടിയെയാണു വനിതാ പരിചാരകയായി വേണ്ടതെന്ന കാര്യം ഉള്‍പ്പെടെയായിരുന്നു 12 പേര്‍ക്കായി പരസ്യം നല്‍കിയത്. വിളിച്ചുണര്‍ത്തുന്നതു മുതല്‍ പെണ്‍കുട്ടിയുടെ എല്ലാ കാര്യങ്ങളും ഈ വനിതാ പരിചാരികയാണു നോക്കേണ്ടത്. ദിനചര്യകളും ഓരോ ദിവസത്തെ പരിപാടികളുമെല്ലാം ചാര്‍ട്ട് ചെയ്യുന്നതും ഇവര്‍ തന്നെ. പെണ്‍കുട്ടിയെ കോളജിലേക്ക് ഒരുക്കി അയയ്ക്കുന്നതിനുളള നടപടിക്കും മുന്‍കയ്യെടുക്കുന്നത് ഈ പ്രധാന പരിചാരികയായിരിക്കും. വസ്ത്രങ്ങള്‍ വാങ്ങുമ്പോഴും ഷോപ്പിങ്ങിനിടയിലുമെല്ലാം ഇവര്‍ ഒപ്പം കാണും.
പെണ്‍കുട്ടിയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നതിനു വാതില്‍ തുറന്നു നല്‍കേണ്ടത് പാചകക്കാരനാണ്. സഹായികള്‍ മൂന്നു പേരും ഭക്ഷണം വിളമ്പും. മേശയും കസേരകളുമെല്ലാം വൃത്തിയാക്കി വയ്‌ക്കേണ്ടതും ഇവര്‍ തന്നെ. എല്ലാ പരിചാരകര്‍ക്കും നല്‍കുന്ന ശമ്പളവും ചെറുതൊന്നുമല്ല. 30,000 പൗണ്ടാണ് ഒരാളുടെ വാര്‍ഷിക ശമ്പളം. അതേസമയം ഇന്ത്യന്‍ കോടീശ്വരന്റേയും മകളുടേയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
Post Your Comments