Latest NewsIndia

നിരപരാധികൾ കുറ്റം സമ്മതിക്കാൻ കൊടും പീഡനവും മര്‍ദ്ദനവും : കോടതിയിൽ വാ തുറക്കാതിരിക്കാൻ സമ്മർദ്ദം, അഭയ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥൻ തന്നെ രാജീവ് ഗാന്ധി വധത്തിലും :പേരറിവാളന്‍ മാധ്യമങ്ങളോട് പറഞ്ഞത്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 27 വര്‍ഷം ജയിലില്‍ കിടക്കുകയും ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിലൂടെ പുറത്തിറങ്ങാന്‍ ഒരുങ്ങുകയും ചെയ്യുന്ന പേരറിവാളന്‍ അഭയക്കേസുമായി ബന്ധപ്പെടുത്തിയാണ് തന്റെ അനുഭവം വിവരിച്ചത്.’കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ സിബിഐ എസ്‌പി ത്യാഗരാജനെപ്പറ്റി പറയേണ്ടതുണ്ട്. അദ്ദേഹം ഒരു ക്രഡിബിലിറ്റിയും ഇല്ലാത്ത ഓഫീസറാണ്. കേസില്‍ അറസ്റ്റിലായ 26 വ്യക്തികളില്‍ 17 പേരുടെ കുറ്റസമ്മതമൊഴികള്‍ രേഖപ്പെടുത്തിയത് അദ്ദേഹമാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ചില കുറ്റാരോപിതരെ രക്ഷിക്കാനായി അദ്ദേഹം വ്യാജരേഖകള്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എങ്ങനെയാണ് രാജീവ് ഗാന്ധി കേസില്‍ കുറ്റസമ്മതമൊഴികള്‍ ലഭിച്ചതെന്ന് പറയേണ്ട കാര്യമുണ്ടോ?-പേരറിവാളന്‍ ചോദിക്കുന്നു.

1993 ല്‍ കേരളത്തിലെ കോട്ടയം എന്ന സ്ഥലത്ത് അഭയ എന്ന കന്യാസ്ത്രീ ബലാത്സംഗത്തിന് വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ തോമസ് വര്‍ഗീസായിരുന്നു. തോമസ് വര്‍ഗീസ് വലിയ രീതിയിലുള്ള കുഴപ്പങ്ങള്‍ക്ക് വിധേയനായി.
ഒടുവില്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന്, താന്‍ ജോലി രാജിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പറഞ്ഞ കാരണം ത്യാഗരാജന്‍ കേസ് ആത്മഹത്യയാക്കി അവസാനിപ്പിക്കാന്‍ തന്റെ മേല്‍ വലിയതോതില്‍ സമ്മര്‍ദം ചെലുത്തുന്നൂവെന്നാണ്. ത്യാഗരാജന്റെ വിശ്വാസ്യത കോടതി ചോദ്യം ചെയ്യുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ത്യാഗരാജന്‍ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി എന്റെ കാര്യത്തില്‍ എങ്ങനെ സത്യമാവും?.

ഇതേ ത്യാഗരാജന്റെ നേതൃത്വത്തില്‍ അതിഭീകരമായാണ് പേരറിവാളനെയും കൂട്ടരെയും മര്‍ദിച്ചത്. വെറും 19 വയസ്സുള്ള വിദ്യാര്‍ത്ഥിയായ താന്‍ പെരിയാറിന്റെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അകാരണമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച്‌ തന്നെ കൊണ്ട് കുറ്റ സമ്മതം എഴുതിവാങ്ങിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെതുടര്‍ന്ന് 1991 ജൂണ്‍ പത്തിന്, എന്റെ നാടായ വെല്ലൂര്‍ ജില്ലയിലെ ജൊലാര്‍പേട്ടില്‍ പൊലീസ് അന്വേഷണം നടന്നിരുന്നു. തമിഴ്-ഈഴം വിമോചനക്കാരുടെയും ദ്രാവിഡാര്‍ കഴകം അനുഭാവികളുടെയും വീടുകളിലായിരുന്നു അന്വേഷണം. ആ സമയത്ത് പൊലീസ് വീട്ടില്‍ വന്ന് മാതാപിതാക്കളോട് എന്നെപ്പറ്റി ചോദിച്ചിരുന്നു.

ചെന്നൈ പെരിയാര്‍ തിഡലിലെ ‘വിടുതൈ’ഓഫിസില്‍ കമ്പ്യൂട്ടര്‍ സെക്ഷന്‍ ഓഫിസിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെയായിരുന്നു താമസം. പെരിയാര്‍ തിഡല്‍ അധികാരികളെ മാതാപിതാക്കള്‍ അന്വേഷണത്തെ സഹായിക്കാനായി പൊലീസിന് മുന്നില്‍ കൊണ്ടുവരുകയും ചെയ്തു.ജൂണ്‍ 11ന് രാത്രി 10.30ന് അച്ഛനുമമ്മയും എന്നെ സിബിഐ ഇന്‍സ്പെക്ടര്‍മാരായ ഗംഗാധരന്‍, രാമസ്വാമി, പേരറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്ക് കൈമാറി. ചെന്നൈ എഗ്മോറിലെ പെരിയാര്‍ തിഡല്‍ ഓഫിസില്‍വച്ചായിരുന്നു അത്. പെരിയാര്‍ തിഡലിലെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറല്‍.എന്നെ സിബിഐ മല്ലിഗൈ ഓഫിസിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം, അതായത് 1991 ജൂണ്‍ 12 ന്, തിരിച്ചുവിടാമെന്ന് പറഞ്ഞിരുന്നു. എന്നെ നേരെ മുകളിലെ നിലയിലേക്കാണ് കൊണ്ടുപോയത്. അവിടെ ഡി.ഐ.ജി രാജു, എസ്. പി ത്യാഗരാജന്‍, എസ്‌പി സലീം അലി തുടങ്ങിയവരുണ്ടായിരുന്നു. അവരെന്റെ വിദ്യാഭ്യാസത്തെപറ്റിയും കുടുംബ പശ്ചാത്തലത്തെപറ്റിയും ചോദിച്ചു.ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിലെ ഡിപ്ളോമ പഠിച്ചത് വിദ്യാഭ്യാസയോഗ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായി പറഞ്ഞപ്പോള്‍ ഡി.ഐ.ജി രാജു ചോദിച്ചു: ‘നീയല്ലേ ബോംബുണ്ടാക്കിയയാള്‍?” ഞാന്‍ ഞെട്ടി. ബോംബുണ്ടാക്കല്‍ എങ്ങനെ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടി.

ആ സമയത്ത് ഷര്‍ട്ടിന്റെ അടിഭാഗത്തായി ചെറിയ ദ്വാരമുണ്ടായിരുന്നു. അതില്‍ നോക്കി അദ്ദേഹം പറഞ്ഞു: ”ശ്രീപെരുംപത്തൂരിലെ ബോംബ്സ്ഫോടനത്തില്‍ സംഭവിച്ചതല്ലെടാ ഈ ദ്വാരം?” ഞാന്‍ നിഷേധിച്ചു. ‘ശരിയായ പരിചരണം” ലഭിച്ചാലേ ഇവന്‍ കാര്യങ്ങള്‍ സമ്മതിക്കൂ എന്നുപറഞ്ഞ് എന്നെ രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറി.താഴത്തെ നിലയിലേക്ക്കൊണ്ടുവന്നു. പാന്റും ഷര്‍ട്ടും മാറ്റി ‘ജട്ടി’മാത്രം ധരിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇന്‍സ്പെക്ടര്‍ സുന്ദരരാജനും പേര് ഓര്‍മയില്ലാത്ത രണ്ടുപരും നഗ്നശരീരത്തില്‍ കൈകൊണ്ട് ആഞ്ഞടിച്ചു. ഒരാള്‍ കാല്‍ ഷൂസുവെച്ച്‌ ഞെരിച്ചു. പെട്ടെന്ന് ഇന്‍സ്പെക്ടര്‍ സുന്ദര്‍രാജ് മുട്ടുവെച്ച്‌ എന്റെ വൃഷണങ്ങളില്‍ ഇടിച്ചു. വലിയ വേദനയില്‍ ഞാന്‍ നിലത്തുവീണു. എനിക്ക് ബന്ധമില്ലാത്ത സംഭവവുമായി ബന്ധപ്പെട്ട, അറിയാത്ത കാര്യങ്ങള്‍ പറയാനായി പീഡനം തുടങ്ങി.

അടുത്ത ദിവസം മല്ലിഗൈ ഓഫിസിന്റെ മുകളിലത്തെ നിലയില്‍ ‘പീഡന അറ’ എന്നുവിളിക്കുന്നിടത്തേക്ക് കൊണ്ടുപോയി. ഇന്‍സ്പെക്ടര്‍മാരായ രമേഷ്, മാധവന്‍, ചെല്ലദുരൈ, ഡി.എസ്‌പി ശിവാജി എന്നിവര്‍ക്ക് എന്നെ കൈമാറി. മല്ലിഗൈയില്‍ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധരാണ് അവര്‍. ഭക്ഷണവും വെള്ളവും നിഷേധിച്ചു. മൂത്രമൊഴിക്കാന്‍പോലും സമ്മതിച്ചില്ല.ഇന്‍സ്പെക്ടര്‍ മാധവനും രമേഷും കൈവിടര്‍ത്തി, മുട്ട് മടക്കി ഇല്ലാത്ത കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഈ നിലയില്‍ ദീര്‍ഘനേരം നിര്‍ത്തി. കാലിന്റെ പിന്‍ഭാഗത്തെ പേശികളില്‍ സിമന്റ് നിറച്ച പി.വി സി പൈപ്പുകൊണ്ട് ആഞ്ഞടിച്ചു. ഇന്‍സ്പെക്ടര്‍ ചെല്ലദൂരൈ കൈമുട്ട് ഊക്കോടെ അടിക്കാനായി വലിച്ചുപിടിച്ചു.അവിടെ ഡി.എസ്‌പി കൃഷ്ണമൂര്‍ത്തിയെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പീഡനം തുടര്‍ന്നു. അദ്ദേഹം പീഡനത്തിന് മറ്റൊരു രീതിയാണ് സ്വീകരിച്ചത്.

ഭിത്തിക്ക് പുറംതിരിഞ്ഞ്് നിലത്ത് ഇരിക്കാന്‍ പറഞ്ഞു. ഒരു പൊലീസുകാരനോട് ഒരു കാല്‍ ഭിത്തിയോടു ചേര്‍ത്ത് പിടിക്കാന്‍ പറഞ്ഞു. മറ്റേ കാല്‍ അദ്ദേഹം മുകളിലേക്ക് പിടിച്ച്‌ 180 ഡിഗ്രിയില്‍ അകറ്റി. ആ സമയത്ത് അനുഭവിച്ച വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ പറ്റില്ല.ഇന്‍സ്പെക്ടര്‍ ടി.എന്‍. വെങ്കിടേശ്വരനും പീഡിപ്പിച്ചു. അദ്ദേഹം വിരലുകള്‍ക്കിടയില്‍ പെന്‍സിലുകളും ചെറിയ കോലുകളും വെച്ചശേഷം വിരലുകള്‍കൊണ്ട് തിരിച്ചു. നഖങ്ങള്‍ക്കിടയില്‍ പിന്നുകള്‍ കുത്തിക്കേറ്റി. കാലിലെ ചെറുവിരലുകള്‍ ഷൂസുകൊണ്ട് ഞെരിച്ചുടച്ചു.സിബിഐ ഓഫിസര്‍മാര്‍ സാഡിസ്റ്റ് ആഹ്ളാദം അനുഭവിക്കുകയായിരുന്നു. ഒരു ദിവസം മുറിയില്‍നിന്ന് മറ്റൊരു ഇന്‍സ്പെക്ടര്‍ കാണണമെന്ന് പറഞ്ഞതിനാല്‍ ‘പീഡന അറ’യിലേക്ക് എന്നെ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ നിലത്തിരിക്കാന്‍ പറഞ്ഞു. ഉടനെ ഷൂസ്‌കൊണ്ട്് മുഖത്തിന്റെ ഇടതുവശത്ത് ആഞ്ഞ്ചവിട്ടാന്‍ തുടങ്ങി. ഇന്‍സ്പെക്ടര്‍ പറഞ്ഞു, നീ നിന്റെ രാജ്യത്തുനിന്ന് ഇവിടെ വന്ന് ഞങ്ങളുടെ നേതാവിനെ കൊന്നല്ലേ.”

വശത്തിരുന്ന ഇന്‍സ്പെക്ടര്‍ മാധവന്‍ പുഞ്ചിരിച്ച്‌, ‘ഇയാള്‍ സിലോണില്‍നിന്നല്ല, തമിഴ്‌നാട്ടില്‍നിന്നാണ്” എന്നു പറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചയച്ചു. ഞാനിത് പറയാന്‍ കാരണം, സിബിഐ ഓഫിസര്‍മാര്‍ പിടിച്ചുകൊണ്ടുവന്നിരിക്കുന്നവര്‍ ആരെന്നുപോലും അറിയാതെയാണ് പീഡനവും മര്‍ദനവും അഴിച്ചുവിട്ടത് എന്ന് സൂചിപ്പിക്കാനാണ്. ഇത്തരത്തിലായിരുന്നു ഞാനുള്‍പ്പെടെയുള്ള നിരപരാധികള്‍ മര്‍ദിക്കപ്പെട്ടത്.എസ്‌പി ത്യാഗരാജന്റെ ഓഫിസ് മല്ലിഗൈയില്‍ താഴത്തെ നിലയിലായിരുന്നു. അദ്ദേഹം പുലര്‍ച്ച മൂന്നിനും നാലിനും വിളിപ്പിക്കും. തുടര്‍ന്ന്, അദ്ദേഹം എന്തുംചോദിക്കും. ഞാന്‍ നിര്‍ത്താതെ മറുപടി പറയണം. രാത്രി വൈകി അറിയാതെ ഉറങ്ങിപ്പോയാല്‍ അയാള്‍ മര്‍ദിക്കും. വ്യാജ ആരോപണങ്ങള്‍ സമ്മതിക്കുന്നതുവരെ വെള്ളം തരേണ്ടെന്നായിരുന്നു തീരുമാനം. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വായില്‍ ഒന്നോ രണ്ടോ തുള്ളി ഉറ്റിക്കും. രാത്രി ഉറങ്ങാന്‍ അനുവദിക്കില്ല. ഉറക്കാതിരിക്കാന്‍ പ്രത്യേക ഗാര്‍ഡുകളെ നിയമിച്ചിരുന്നു. ഉറങ്ങാന്‍ തുടങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കും. ഭക്ഷണംപോലും അവരുടെ പീഡനായുധമായിരുന്നു.

ഒപ്പം പലതരത്തിലുള്ള മര്‍ദനവും. ഇത്തരത്തിലുള്ള ശാരീരികവും മാനസികവുമായ പീഡനത്തിനാണ് ഞാന്‍ വിധേയമായത്.19ാം തീയതിവരെ അവരെന്നെ കോടതിയില്‍ ഹാജരാക്കിയില്ല. നിയമവിരുദ്ധ കസ്റ്റഡിയില്‍, കുളിക്കാനോ പല്ല് തേക്കാനോ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു അവര്‍. ഒടുവില്‍, ശരീരത്തിലെ ദുര്‍ഗന്ധം സഹിക്കാനാവാതെവന്നപ്പോള്‍ 19ാം തീയതി ഇന്‍സ്പെക്ടര്‍ രമേഷ് കുളിക്കാന്‍ അനുവദിച്ചു. ഈ അനുവാദത്തിനുള്ള മറ്റൊരു കാരണം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നതാണ്.

ഒരു ദിവസം ഡി.ഐ.ജി ശ്രീകുമാര്‍ വന്നു പറഞ്ഞു:

‘ഡാ, എന്റെ നാട്ടുകാരനായ കെ.ജി.എഫ് നിന്റെ നാട്ടിലുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലുമൊരു സ്ഥലം കാണിച്ചാല്‍ ഞാന്‍ നിന്നെ മോചിപ്പിക്കും.”

ഞാന്‍ ചോദിച്ചു: ”സാര്‍, എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?”

‘എ.കെ 47 റൈഫ്ള്‍, വയര്‍ലെസ് സെറ്റ്, സ്വര്‍ണക്കട്ടികള്‍ എന്നിവ മണ്ണിനടിയില്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്?”

ഞാന്‍ പറഞ്ഞു: ”അറിയാമെങ്കില്‍ മാത്രമേ എനിക്ക് പറയാനാവൂ. അത് എന്റെ കൈയില്‍ ഇല്ല. ഞാനെങ്ങനെ അത് നല്‍കും?”

”ഇങ്ങനെയാണെങ്കില്‍ നിന്നെയാര്‍ക്കും രക്ഷിക്കാനാവില്ല”എന്നു പറഞ്ഞ് അദ്ദേഹം അവിടംവിട്ടു.

ഈ ഡി.ഐ.ജി ശ്രീകുമാര്‍ കൊഡൈക്കരെ ഷണ്‍മുഖം കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിന്നീട് പങ്കാളിയായ ആളാണ്. 24 മണിക്കൂറും കൈകള്‍ വിലങ്ങണിയിച്ചിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ചെയ്യുമ്ബോള്‍ പോലും. ഭക്ഷണം നല്‍കുമ്ബോള്‍ മാത്രം ഒരുകൈയിലെ വിലങ്ങുമാറ്റും. ഉറങ്ങുമ്ബോഴും വിലങ്ങുണ്ടാവും. പിന്നീട് മര്‍ദനത്തിനായി വിവിധ മാര്‍ഗങ്ങളും രീതികളും ഉപയോഗിച്ചു. അതെല്ലാം വളരെ ഭീകരവും പ്രാണനെടുക്കുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമായിരുന്നു.ജൂണ്‍ 19നാണ് ചെങ്കല്‍പേട്ടിലെ കോടതിയില്‍, ഇപ്പോള്‍ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന റോബര്‍ട്ട് പയസിനൊപ്പം എന്നെ കൊണ്ടുപോകുന്നത്. കോടതിയില്‍ വാ തുറക്കരുതെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. മിണ്ടാതിരുന്നാല്‍ മോചിപ്പിക്കുമെന്നും പറഞ്ഞു. അല്ലെങ്കില്‍, മല്ലിഗൈയില്‍ കൊണ്ടുപോയി പീഡനം തുടരുമെന്നും. പേടിപ്പിക്കുന്നതായിരുന്നു

അവിടത്തെ അവസ്ഥ. അങ്ങോട്ടേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ഭയപ്പെട്ടു. കോടതി ഞങ്ങളുടെ പേരുവിളിക്കുകയും മുന്നോട്ട് നില്‍ക്കാനും പറഞ്ഞു. പിന്നീട് ഡി.എസ്‌പി രഹോത്തമിനോട് എന്തോ പറഞ്ഞു. അദ്ദേഹം സാക്ഷിക്കൂട്ടില്‍നിന്ന് എന്തൊക്കെയോ വാദങ്ങള്‍ നിരത്തി. പിന്നെയാണ് ജഡ്ജിക്കു മുന്നിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. കോടതി ഞങ്ങളെ 1991 ജൂലൈ 19വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. അങ്ങനെ പിന്നെയും മല്ലിഗൈയിലെ ‘പീഡന അറ’യിലേക്ക് തിരിച്ചെത്തി.ആ ഒരു മാസം പീഡനങ്ങളുടെ തുടര്‍ച്ചയായിരുന്നു. നിശ്ചിത ഇടവേളകളില്‍ ഞങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. പുറത്ത് പരിക്കുകള്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുള്ള മര്‍ദനമായിരുന്നു നേരിട്ടത്. ശക്തമായി കാല്‍വണ്ണയില്‍ വടികൊണ്ട് അടിക്കും. പിന്നെ ചാടാനായി ആവശ്യപ്പെടും. ഇത്തരത്തിലുള്ളതായിരുന്നു ഒരു പീഡനം.

രണ്ടാമത്തെ തവണ ഹാജരാക്കിയത് ചെന്നൈ ഹൈക്കോടതി വളപ്പിലുള്ള ടാഡ കോടതിയിലാണ്. ജസ്റ്റിസ് സിദ്ദിഖിന് മുന്നിലാണ് ഹാജരാക്കിയത്. അതിന് മുമ്ബേ, കോടതിയില്‍ ഒരക്ഷരം മിണ്ടാതെ നിശ്ശബ്ദമായി നില്‍ക്കണമെന്ന് ഡി.എസ്‌പിമാര്‍ ആജ്ഞാപിച്ചിരുന്നു. മിണ്ടിയാല്‍ തിരിച്ചെത്തുമ്ബോള്‍ പീഡനം ഉണ്ടാവുമെന്നും പറഞ്ഞു. ഓഗസ്റ്റ് 16വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിക്ക് പുറത്ത് അച്ഛനുമമ്മയും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്ന എല്ലാവരെയും നോക്കാന്‍പോലും അവസരം കിട്ടിയില്ല.മൂന്നാം തവണ കോടതിയില്‍ ഹാജരാക്കിയത് ഞങ്ങളെ പാര്‍പ്പിച്ചിരുന്ന പൂനമല്ലി പ്രത്യേക ജയിലില്‍തന്നെയായിരുന്നു. ആ ജയില്‍സമുച്ചയം സിബിഐ ആളുകളെ തടവിലാക്കാനും പീഡിപ്പിക്കാനുമായി ഏറ്റെടുത്തതാണ്. മല്ലിഗൈയില്‍നിന്ന് എന്നെ ഓഗസ്റ്റ് മൂന്നിന് പുനമലൈ സബ്ജയിലിലേക്ക് കൊണ്ടുപോയി. അപ്പോള്‍ ഡി.എസ്‌പി രാമകൃഷ്ണനായിരുന്നു ചുമതല. ദിവസവും ഉദ്യോഗസ്ഥര്‍ പീഡനം അഴിച്ചുവിട്ടു..

സബ്ജയിലിലെ ഓഫിസ് ശരിക്കും പീഡന അറയായിരുന്നു. അവിടെവെച്ചും പീഡിപ്പിക്കപ്പെട്ടു. വിവിധ ദിവസങ്ങള്‍ അടയാളപ്പെടുത്തിയ, കൈകൊണ്ടെഴുതിയ കടലാസുകളില്‍ ഒപ്പിടാന്‍ എസ്‌പി ത്യാഗരാജന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥര്‍ പീഡനം ഒഴിവാക്കി.കടലാസുകളില്‍ എഴുതിയതെന്തെന്ന് വായിക്കാന്‍ അനുവദിച്ചില്ല. ഇതില്‍ ഒപ്പിട്ടാല്‍ മോചിപ്പിക്കപ്പെടും എന്നാണ് പറഞ്ഞത്. ആ സമയത്ത് ടാഡനിയമം എന്താണെന്ന് അറിയുമായിരുന്നില്ല. എനിക്ക് മാത്രമല്ല, തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും ടാഡ പുതിയ കാര്യമായിരുന്നു. ഈ സാഹചര്യത്തില്‍ മര്‍ദനം താങ്ങാനാവാതെ ഞാന്‍ രേഖകളില്‍ അവരുടെ നിര്‍ദ്ദേശപ്രകാരം ഒപ്പിട്ടു, ജീവന്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍. പക്ഷേ, അന്ന് ജീവന്‍ രക്ഷിക്കാന്‍ ഇട്ട ഒപ്പുകള്‍ ഇന്നെന്റെ ജീവന്‍ ആവശ്യപ്പെടുന്നു. രേഖകള്‍ ഒപ്പിട്ടശേഷം അവരെന്നെ തടവ്മുറിയില്‍ വീണ്ടും അടച്ചു. ഞാന്‍ കരയാന്‍ തുടങ്ങി.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ എന്നോട്, ”എന്തിനാണ് നീ കരയുന്നത്” എന്ന് ചോദിച്ചു. ഞാനെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചു: ”പൊലീസ് കസ്റ്റഡിയിലുള്ളപ്പോള്‍ ഇടുന്ന ഒപ്പിന് കോടതിയില്‍ വിലയില്ല. അതിനാല്‍ രേഖയില്‍ എന്തെഴുതിയാലും അത് നിന്നെ ബാധിക്കില്ല.” ഞാന്‍ അത് വിശ്വസിച്ചു. മനുഷ്യസ്നേഹം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. ആ പൊലീസുകാരന്റെ പ്രസ്താവനയില്‍ സത്യമുണ്ടായിരുന്നു. സാധാരണ നിയമപ്രക്രിയയിലെ പരിചയംവച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ടാഡയെപ്പറ്റി ഒന്നുമറിയില്ല എന്നതായിരുന്നു ദുരന്തം.’-പേരറിവാളന്‍ വ്യക്തമാക്കി.പിന്നീട് അതേ ത്യാഗരാജന്‍ തന്നെ പേരറിവളാന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞിട്ടും അംഗീകരിച്ചതുമില്ല.പേരറിവാളനെ ക്രൂരമായി പീഡിപ്പിച്ച എസ്‌പി ത്യാഗരാജന്‍ തന്നെ പിന്നീട് നിലപാട് തിരുത്തി കോടതയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രാജിവ് ഗാന്ധിയെ വധിച്ച ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററികള്‍ എത്തിച്ചു നല്‍കിയിരുന്നു എന്നാണ് പേരറിവാളനെതിരെ ആരോപിക്കുന്ന കുറ്റം. എന്നാല്‍ ബാറ്ററികള്‍ എന്താവശ്യത്തിനായിരുന്നു എന്ന് പോലും പേരറിവാളന് അറിയില്ലായിരുന്നു എന്നായിരുന്നു ത്യാഗരാജന്റെ സത്യവാങ്മൂലം.

പേരറിവാളന്‍ നിരപരാധിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിരുന്നതാണ്.അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച്‌ സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു.പേരറിവാളന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കടപ്പാട്; മറുനാടൻ മലയാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button