കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ രാജാ റാംമോഹന്‍ റോയ് സരണിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ശുചീകരണത്തിനിടെ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം അഭ്യൂഹമെന്ന് പോലീസ്. ആശുപത്രിയിലെ രാസപദാര്‍ത്ഥങ്ങളാണ് ബാഗിനുള്ളിലുണ്ടായതെന്ന് പൊലീസിന്റെ വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പ്രദേശത്ത് വളരെയധികം പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ പൊലീസ് തന്നെ മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തിയത് ദുരൂഹതയ്ക്കിടയാക്കി. കിഴക്കന്‍ കൊല്‍ക്കത്തയിലെ ഹരീദേപൂരിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രദേശത്തെ കാടുകയറിയ സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറുകളില്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന സംശയം പോലീസിനെ അറിയിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. തുടര്‍ന്ന് ഇവിടെയെത്തിയ പോലീസ് പ്രാഥമിക പരിശോധന നടത്തി പ്ലാസ്റ്റിക്ക് കൂടുകള്‍ക്ക് ഉള്ളില്‍ നവജാത ശിശുക്കളുടെ മൃതദേഹം തന്നെയാണെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ ഗര്‍ഭഛിദ്രം നടത്തുന്ന റാക്കറ്റുകളിലാണ് സംശയം എന്നും പൊലീസ് വ്യക്തമാക്കി. ഇതേസമയം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊല്‍ക്കത്തയില സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും പ്രദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു.
ALSO READ:ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കുപ്പിയില്‍
എന്നാല്‍ ഗര്‍ഭഛിദ്രം നടത്തി മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതാകാമെന്ന സംശയത്തില്‍ ചില നഴ്‌സിങ്ങ് ഹോമുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വിശദീകരണം. വാര്‍ത്താ സമ്മേളനം നടത്തിയാണ് മൃതദേഹം കണ്ടെത്തിയ വാര്‍ത്ത അഭ്യൂഹമാണെന്ന് പോലീസ് വ്യക്തമാക്കിയത്. പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലത്ത് എത്തി വിദഗ്ദ്ധ പരിശോധന നടത്തിയെന്നും കൂടിനുള്ളില്‍ കണ്ടത് ആശുപത്രിയിലെ രാസമാലിന്യമാണെന്നുമാണ് പോലീസ് പറഞ്ഞത്.
Post Your Comments