Article

മാധവ് ഗാഡ്ഗില്‍ പറഞ്ഞതും നമ്മള്‍ കേള്‍ക്കാതിരുന്നതും

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി എന്നല്ലാതെ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ ആരും തന്നെ തയ്യാറായില്ല.

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മാധവ് ഗാഡ്ഗില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്നല്ലാതെ അത് എന്താണെന്നോ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനോ മിനക്കെടാന്‍ മിക്കവരും തയ്യാറായില്ല. എന്നാല്‍ കേരളത്തെ മഹാപ്രളയം വിഴുങ്ങിയപ്പോള്‍ വീണ്ടും മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാവുകയാണ്. ലാഭം മാത്രം നോക്കി അത്യാര്‍ത്തിയോടെയുള്ള പരിസ്ഥിതി ചൂഷണം ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് എങ്ങിനെയാണെന്ന് അക്കമിട്ട് വിവരിക്കുന്ന റിപ്പോര്‍ട്ടാണ് പൂനെയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. 2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരി 9ന് നീലഗിരിമലകളിലെ കോത്തഗിരിയില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്.

ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഏകദേശം 28 കോടി ജനങ്ങള്‍ക്ക് ഈ വനങ്ങള്‍ ജീവിതവിഭവങ്ങള്‍ തരുന്നുണ്ട് . ഈ മേഖലയിലെ അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു.

Read Also: വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കായുള്ള പുതിയ നിബന്ധനകൾ പുറത്ത്

പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങള്‍ക്കും സാങ്കേതിക ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരത്തിനും ശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധങ്ങളുയര്‍ന്നു. എന്നാല്‍ അന്ന് അത് നടപ്പാക്കിയിരുന്നെങ്കില്‍ കേരളം ഇത്രത്തോളം പ്രളയത്തിന് വകപ്പെടില്ലായിരുന്നെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നുണ്ട്. ഭൂമിയെയും മണ്ണിനെയും ദുരുപയോഗം ചെയ്തതാണ് ദുരന്തത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു.

റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഇക്കാലത്തിനിടക്ക് കയ്യേറ്റം വര്‍ധിച്ചു. ജലാശയങ്ങളും ഭൂഗര്‍ഭജലം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളും കയ്യേറ്റം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ ഒഴുക്ക് അതിനാല്‍ ഗുരുതരമായി. മണ്ണിടിച്ചിലിന് പാറമടകള്‍ കാരണമായി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും സാമ്പത്തിക താത്പര്യത്തിന് കൈകോര്‍ത്തു.

അവരാണ് ദുരന്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിത താത്പര്യക്കാര്‍ ഒന്നിച്ചു. ജനങ്ങള്‍ ഇക്കാര്യം പരിശോധിക്കണം. ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ടെന്നും ഗാഡ്ഗില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. അവര്‍ക്കായി.

ഗാഡ്ഗില്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍

.ജനിതക മാറ്റം വരുത്തിയ കൃഷിരീതി പ്രദേശത്ത് നിരോധിക്കുക
.പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക
.പുതിയ പ്രത്യേക സാമ്പത്തിക മേഖലകളോ ഹില്‍ സ്റ്റേഷനുകളോ അനുവദിക്കരുത്
.പൊതു സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിലും 1,2 പരിസ്ഥിതി ലോല മേഖലകളിലെ വനമേഖല
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും നിരോധനം.
.1,2 മേഖലകളിലെ ഖനനത്തിന് നിരോധനം.
.പുതിയ ഡാമുകള്‍ അനുവദിക്കില്ല.
. 1 പ്രദേശത്ത് താപവൈദ്യുത പ്ലാന്റുകള്‍ക്കും വന്‍കിട കാറ്റാടിപ്പാടങ്ങള്‍ക്കും പുതുതായി അനുമതി ഉണ്ടാകില്ല.
.പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങള്‍ ഒന്നും അനുവദിക്കില്ല.
.1,2 സോണുകളില്‍ പുതിയ റെയില്‍വേ പാളങ്ങളും ഉണ്ടാകില്ല.
.ടൂറിസത്തിന്റെ നിയന്ത്രണം.
.രാസ കീടനാശിനി പ്രയോഗങ്ങള്‍ അടുത്ത അഞ്ച് മുതല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുക.
ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാന്‍ പശ്ചിമ ഘട്ട കമ്മറ്റി വേണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകള്‍ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടും സമിതി എടുത്തു.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സര്‍ക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഈ ആശങ്കള്‍ പരിഗണിച്ചും ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ വിലയിരുത്തിയും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന നിര്‍ദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

എന്നാല്‍ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളെ തത്ത്വത്തില്‍ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരിരംഗന്‍ സമിതിയും മുന്നോട്ട് വെച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളില്‍ കാതലായ മാറ്റങ്ങളും നിര്‍ദ്ദേശിച്ചു.

കസ്തൂരിരംഗന്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍

.ഖനനവും ക്വാറികളും നിര്‍ത്തലാക്കുക.
.പുതിയ താപ വൈദ്യുത പദ്ധതികളും ജലവൈദ്യുത പദ്ധതികളും ഉപാധികളോടെ അനുവദിക്കാം.
.മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങള്‍ക്ക് നിരോധനം.
.20,000 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിട പദ്ധതികള്‍ അനുവദിക്കാം, എന്നാല്‍ ടൗണ്‍ഷിപ്പുകള്‍ നിരോധിക്കണം.
.വനമേഖല മറ്റ് കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുവദിക്കാം.

ഈ റിപ്പോര്‍ട്ട് വന്ന് ഒരു വര്‍ഷത്തിന് ശേഷം പരിസ്ഥിതി മന്ത്രാലയം 56,285 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചു. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത് 59,940 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു.

Read Also: സുപ്രീം കോടതി വിധിയിൽ സന്തോഷം, പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല: പ്രിയ വാര്യർ പറയുന്നു

കേരളത്തില്‍ കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത് 13,108 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതിലോല പ്രദേശമാക്കണമെന്നാണ്. എന്നാല്‍ കേരളസര്‍ക്കാരിന്റെ ഇടപെടലില്‍ ഇത് 9,993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി എന്നല്ലാതെ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ ആരും തന്നെ തയ്യാറായില്ല. ഓരോ പ്രളയും ഉരുള്‍പ്പൊട്ടലുകളും വരുമ്പോള്‍ മാത്രം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയ്‌ക്കെടുത്താല്‍ പോര. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് മുഖം തിരിക്കുന്നത് മഹാദുരന്തത്തിന് തന്നെ വഴിവെച്ചേക്കുമെന്ന് നാം മനസിലാക്കണം. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ പരിസ്ഥിതിയില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോര്‍ട്ട്- കേരളത്തിന് പ്രസക്തമായ ഭാഗങ്ങള്‍ (പിഡിഎഫ് രൂപത്തില്‍)

<iframe src=”https://www.eastcoastdaily.com/wp-content/uploads/2018/09/gadgil-report-malayalam-ilovepdf-compressed.pdf” width=”800″ height=1200″></iframe>

Read Also: ധനുഷിനെയും വിജയ് സേതുപതിയെയും അഭിനേതാക്കളാക്കി സിനിമ ചെയ്യണം എന്നത് വലിയ ആഗ്രഹം : അനുരാഗ് കശ്യപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button