കൊച്ചി: തുറമുഖ ജീവനക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി കേന്ദ്രം. ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലെ നാല്‍പ്പതിനായിരത്തോളം വരുന്ന ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം 20900 രൂപയും കൂടിയത് 88700 രൂപയുമാണ്. ജീവനക്കാര്‍ക്ക് 4500 രൂപ മുതല്‍ 19000 രൂപ വരെ പ്രതിമാസ വര്‍ധന ലഭിക്കും.
മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമീഷണര്‍ മുമ്പാകെ തുറമുഖ മാനേജ്‌മെന്റുകളും തൊഴിലാളികളുടെ കേന്ദ്ര ഫെഡറേഷന്‍ നേതാക്കളുമാണ് 2017 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള കരാര്‍ ഒപ്പു വച്ചത്. തുറമുഖ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ പോര്‍ട്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സഞ്ജയ് ഭാട്ടിയ, മാനേജിങ് ഡയറക്ടര്‍ എ ജനാര്‍ദന റാവു, തുറമുഖ ട്രസ്റ്റുകളുടെ ചെയര്‍മാന്‍മാര്‍, കേന്ദ്ര തൊഴിലാളി ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് സി ഡി നന്ദകുമാര്‍, പി എം മുഹമ്മദ് ഹനീഫ്, ഡി കെ ശര്‍മ, എം എല്‍ ബെല്ലാനി, ജി എം കൃഷ്ണമൂര്‍ത്തി, കേഴ്‌സി പരേഖ്, എസ് കെ ഷെട്ടെ, എസ് ആര്‍ അപരാജ്, വി വി റാണെ, ടി നരേന്ദ്ര റാവു, പി കെ സാമന്തറേ, സി എച്ച് മസേന്‍, ഉപാര്‍ക്കര്‍ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.
Also Read : കേരളത്തിന്റെ മുഖച്ഛായ മാറാനൊരുങ്ങുന്നു; വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
2017 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. വീട്ടുവാടക അലവന്‍സ് നിലവിലുള്ള നിരക്കില്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തില്‍ ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റീ ഇംബേഴ്‌സ്‌മെന്റ്, വാഷിങ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആനുകൂല്യം, ലീവ് ട്രാവല്‍ കണ്‍സഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒപ്പം ലഭിക്കും. കൂടാതെ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ആനുപാതിക വര്‍ധനയുണ്ടാകും.
Post Your Comments