പ്രളയക്കെടുതി മഹാപ്രളയമാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന ആരോപണം ഉയര്‍ത്തി വി.ഡി സതീശന്‍ എംഎല്‍എ. ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരെ ആരാണ് ചുമതലയേല്‍പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കി ഡാം രാത്രി തുറന്നപ്പോള്‍ കടലില്‍ വേലിയേറ്റമായിരുന്നു. അതുകൊണ്ടാണ് പറവൂരില്‍ വെള്ളം കയറിയത്. ഈ പ്രാഥമിക കാര്യം പോലും അറിയാത്തവരാണോ ഇവര്‍. രാത്രിയില്‍ അണക്കെട്ട് തുറന്ന് വിട്ട് പ്രളയമുണ്ടാക്കി. കനത്ത മഴപെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നു.
ഒരു മാസക്കാലം അണക്കെട്ട് തുറന്നു വിടാന്‍ അവസരമുണ്ടായിട്ടും നോക്കി നിന്നു. ട്രെയല്‍ റണ്‍ നടത്തുമെന്ന് എംഎം മണി മന്ത്രിസഭ യോഗത്തില്‍ പറഞ്ഞപ്പോള്‍ റവന്യു മന്ത്രി അതിനെയെതിര്‍ത്തുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പാളിച്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യത്തെ ദിവസം രക്ഷാ പ്രവര്‍ത്തനം നടന്നില്ല. മുഖ്യമന്ത്രി ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്ന് പറയുന്നു. ഒരു ഉദ്യോഗസ്ഥന്‍ പോലും പറവൂരില്‍ എത്തിയില്ല. വെള്ളമിറങ്ങിയതിന് ശേഷമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
സുഖമില്ലാത്തവരെ കൊണ്ടു പോകാന്‍ ആംബുലന്‍സ് പോലുമില്ലാത്തതായിരുന്നു. മരിച്ച രണ്ട് പേരെ ആംബുലന്‍സില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം കെ.എസ്ആര്‍ടിസി ബസ്സില്‍ കയറ്റിവിട്ടത് വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ഡാമുകളും ഒരുമിച്ച് തുറന്ന് മഹാപ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദികള്‍ ആരാണെന്നും നിയമസഭയില്‍ വി ഡി സതീശന്‍ ചോദിച്ചു.
Post Your Comments