ദീപാ.റ്റി.മോഹന്‍
അമ്മമടുപ്പിന്റെ ആത്മ ശോകങ്ങള്‍
അമ്മിക്കല്ലിനോടൊപ്പം മുത്തമിട്ടു മുത്തമിട്ടു
മെലിഞ്ഞ ഞരമ്പുകള്‍ രുചിയുടെ
തേങ്ങാപ്പീരയാല് പിഴിഞ്ഞ് ചേര്‍ക്കുന്നു .
ജീവിതം മറന്നുപോയൊരമ്മ കാഴ്ചയിടറി,
കിണറ്റില്‍ തട്ടിയകലുന്ന സ്നേഹത്തണ്ണീരിനെ
തൊട്ടിയിലേറ്റി കോരി, തേഞ്ഞ കയറിനാല്‍.
മൂന്നു കല്ലുകള്‍ വച്ചു ജീവിതം വേവിച്ച് ഹോമിച്ച്
കനവു പൊള്ളി ദുഃഖഹേതുക്കള്‍
ചികയാതെ ദൈവമേ സമയമേറെയായല്ലോ
യെന്നുരുവിട്ട് അടുപ്പിന് ആത്മാവില്‍ അഗ്നിപൂജക്കൊരുങ്ങുന്നു.
നാമിരുവരും ഇഴനെയ്തു നെയ്തു കൊതിച്ചൊരദ്ധ്വാനത്തിന്
വിയര്‍പ്പുകണങ്ങളാല്‍ മൊട്ടിട്ട വെള്ളരിവള്ളികള്‍ തളിര്‍ത്തതു പൂത്തോയെന്നും
ആകാശത്തിന് അതിരുകള്‍ നോക്കി ചിരിച്ചോയെന്നും
കദനത്തിന്‍ വിത്തുകള്‍ വിരല്‍ നീട്ടി നോക്കിയോയെന്നും അമ്മ അരകല്ലിനോടടക്കം പറയാറുണ്ട്.
വെളിച്ചം കടമെടുത്തോരിരുല്
വയസ്സ്, കണക്കു പറഞ്ഞെത്തി ചുളിവുകളെണ്ണി
നോവുചോരും കണ്ണുനീര് കണങ്ങള്‍ പരിതപിച്ചു .
ഒടിഞ്ഞ മരചില്ലയിലെ കനവുകള്‍ പെറുക്കിവച്ചമ്മ
കെട്ടുപോയ അടുപ്പില്‍ വച്ചൂതീ കൊളുത്തുന്നു.
പുകനിറഞ്ഞു കലങ്ങിയ കണ്ണുകള്‍
ആരോടും പരാതിയില്ലെന്നു വിതുമ്പി വിതുമ്പി
അലിഞ്ഞു വീടിനു ചുറ്റും വലം വെക്കുന്നുണ്ടാകും
നെഞ്ചകം തേങ്ങുന്നോരു ടലുടഞ്ഞ വിഗ്രഹം .
പറന്നു പറന്നു മറവി കൂടുന്ന
വിഷാദിയാമൊരു ശ്യാമ മേഘംപോല്‍
വിറങ്ങലിച്ച് വിറങ്ങലിച്ച്
മടുപ്പും കിതപ്പുമില്ലാതെ
ഒരമ്മ കൂടെയുണ്ട് അടുക്കളയില്‍ .
Post Your Comments