‘പെണ്ണേ നീ അബലയാണ് പുരുഷന് മുന്‍പില്‍ എന്നും തല കുനിക്കേണ്ടവള്‍. സമൂഹത്തില്‍ ഒച്ചയുണ്ടാക്കാതെ എന്നും ഉള്‍ വലിയേണ്ടവള്‍ ‘ ഓരോ മാതാപിതാക്കളുടെയും ഓര്‍മ്മപ്പെടുത്തലുകളാണ്.
പ്രാചീന കാലം മുതല്‍ക്കേ സാമൂഹിക സങ്കല്പങ്ങളിലെല്ലാം പുരുഷന്റെ തൊട്ടു കീഴിലാണ് സ്ത്രീക്ക് സ്ഥാനം നല്‍കിയിരുന്നത്.എന്നാല്‍ അതിനു ശേഷം സാമൂഹിക പരിഷ് കര്‍ത്താക്കളുടെ പ്രവത്തന ഫലമായി സ്ത്രീകളുടെ ചരിത്രം മാറി. ആധുനിക കാലത്തു ഇന്ത്യയിലെ സ്ത്രീകള്‍ പ്രസിഡന്റ് മുതല്‍ ഗവര്‍ണര്‍മാര്‍ വരെയുള്ള ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്ത്രീയായാലും പുരുഷനായാലും സാമൂഹികജീവിയെന്നൊരു ബോധമുടലെടുക്കണം.
സ്ത്രീസമത്വ വാദം ആശയസംഘര്‍ഷങ്ങളിലകപ്പെടുമ്പോള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശമെന്നത് ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളിലൊന്നാണ്. ലൈംഗികത സ്വയം നിര്‍ണയാവകാശമാണ്, ഇതിനിടയില്‍ നടനമാടുന്ന സ്ത്രീ പീഡനങ്ങള്‍. പുരുഷനൊപ്പം തന്നെ പദവിയിലും സ്ത്രീ മുന്നിട്ടു നില്‍ക്കുന്നുവെന്ന മാനവികതയുടെ ഒരേ ആശയങ്ങള്‍ നിലനില്‍ക്കെ, സ്ത്രീ സുരക്ഷയില്‍ വീഴ്ച സംഭവിക്കുന്നു. സഹജീവിയുടെ സുരക്ഷയും ക്ഷേമവും ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന ചിന്ത ചിലപ്പോള്‍ ഏറെക്കുറെ പ്രശ്നം പരിഹരിക്കാം.
പീഡനങ്ങളുടെ കഥകള്‍ മാത്രമാണ്,പൊടിപ്പും തൊങ്ങലും ചേര്‍ത്തു ഭംഗിയായ ഭാഷയിലാകും ഏതു പത്രങ്ങള്‍ തുറന്നാലും.ചാനലുകളില്‍ ചര്‍ച്ചകളും ഗംഭീരമാക്കും. സൂര്യനെല്ലി പെണ്‍കുട്ടിയും സൗമ്യയും ജിഷയുമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങിയിട്ടില്ല . ഭാര്യയുടെ അനുവാദമില്ലാതെ ഭോഗിക്കുന്ന പുരുഷനായാലും അവളെ പീഡിപ്പിക്കുകയാണ്. പുരോഗതിയെ നോക്കി പായുന്ന മനുഷ്യന്‍ അവന്റെ അപഹാസ്യ ചിന്താഗതിയെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ബന്ധങ്ങള്‍ അന്യമാകുന്ന പുരുഷന്മാരിലാകാം ഇത്തരം പ്രവണതകള്‍ കണ്ടു വരുന്നത്. മനുഷ്യ സംസ്‌കാരത്തെ തന്നെ നശിപ്പിക്കുന്ന ഹീനമായ അതിക്രമങ്ങള്‍ നിയമവ്യവസ്ഥതികള്‍ക്ക് കുറവൊന്നുമില്ലാത്ത നമ്മുടെ നാട്ടില്‍ അവ പാലിക്കപ്പെടാനുള്ള കാല താമസമോ അവര്‍ക്കായി സംസാരിക്കാനുള്ള രാഷ്ട്രീയ ബലമോ പണമോ ആകാം ഇതിനെല്ലാം മൂലകാരണം. ഗള്‍ഫ് രാജ്യങ്ങളെ പോലെയുള്ള അതികഠിനമായ നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള പുനര്‍ചിന്ത കൂടിയേ തീരൂ.
സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്നു പറയുന്ന ആര്‍ഷഭാരതമേ സ്ത്രീ സുരക്ഷയെവിടെ?
ജീവിത സാഹചര്യങ്ങളില്‍ ഉരുത്തിരിയുന്ന വെല്ലുവിളികളില്‍ ഒറ്റപ്പെട്ടുപോകുന്ന ചില നിമിഷങ്ങള്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചാല്‍ അവര്‍ക്കെതിരെ ഉയരുന്ന കുപ്രചരണങ്ങള്‍, മാനസിക പീഡനങ്ങളിലൂടെയുണ്ടാകുന്ന സംഘര്‍ഷങ്ങളും, ഭിന്നതകളും മനോഭാവങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇവയിലൊന്നും അടി പതറാതെ സധൈര്യം മുന്നോട്ട് പോവുക തന്നെ വേണം സ്ത്രീകള്‍. ഈ സന്ദേശമാണ് വനിതാ ദിനത്തില്‍ സ്ത്രീകളോട് പറയാനുള്ളതെനിക്ക്.
എല്ലാം സ്ത്രീ സുഹൃത്തുക്കള്‍ക്കും സ്നേഹത്തില്‍ പൊതിഞ്ഞ ‘വനിതാദിനാശംസകള്‍ ‘.
ദീപാ.റ്റി. മോഹന്‍
Post Your Comments