സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കടന്നുവരുന്ന കാലത്താണ് ആര്‍ത്തവമെന്നാല്‍ ജൈവ പ്രക്രിയ മാത്രമാണെന്നുള്ള ധാരണയില്ലാതെ സ്ത്രീകളെ ഈ സമയങ്ങളില്‍ അകറ്റി നിറുത്താന്‍ ശ്രമിക്കുന്നത്. എട്ടാംക്ലാസ്സിലെ അവധിക്കാലത്താണ് ആദ്യമായി എനിക്ക് ആര്‍ത്തവമുണ്ടായത്. ഏറെ ദിവസമായി നീണ്ടു നിന്ന വേദന, ആര്‍ത്തവത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തതും ഒരു പോരായ്മയായി ആ സമയത്ത്. എന്തോ വലിയ രോഗം തന്നെ പിടികൂടിയെന്ന ധാരണയാല്‍ രക്തക്കറ പുരണ്ട തുണി ആരും കാണാതെ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. ഇതുകണ്ട അടുത്തുള്ള ചേച്ചിയാണ് അമ്മയെ വിവരം ധരിപ്പിച്ചത്.
അമ്മ മാറ്റിനിറുത്തി കാര്യങ്ങള്‍ തിരക്കുകയും മോളൊരു വലിയ കുട്ടിയായി, ഇനി മുതല്‍ കൊച്ചു കുട്ടികളുടെ കൂടെ ഓടിച്ചാടി നടക്കരുതെന്ന വിലക്കാണ് മനസ്സിനെ ഏറെ വേദനിപ്പിച്ചത്. ഇനി മുതല്‍ രക്തക്കറ പുരണ്ട തുണി വലിച്ചെറിയരുതെന്ന് കൂടി താക്കീത്. അങ്ങനെ ചെയ്താല്‍ സര്‍പ്പം അതില്‍ തൊട്ട് തല തല്ലി മരിക്കും. അങ്ങനെ ഉണ്ടായാല്‍ സര്‍പ്പ കോപം ഉണ്ടാകുമെന്ന് കൂടിയുള്ള ഭയപ്പെടുത്തലും. ഇതുകേട്ട് വലുതാകേണ്ടിയിരുന്നില്ല എന്നു ഭഗവാനോട് വ്യസനത്തോടെ പരാതിയും ബോധിപ്പിച്ചു.
ഭാഗ്യവശാല്‍ എന്റെ വീട്ടില്‍ വലിയ ആചാരങ്ങള്‍ പുലര്‍ത്തിയിരുന്നില്ല. അമ്മ പുരോഗമന ചിന്താഗതിക്കാരിയായത് ഭാഗ്യം. വിളക്കു കത്തിക്കുന്ന മുറിയില്‍ പ്രവേശിച്ചു കൂടാ അത്ര മാത്രം. വിവാഹ ശേഷം ഭര്‍ത്തൃഗൃഹത്തില്‍ ചെന്നപ്പോള്‍ മുതലാണ് കഠിന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വന്നത്. കുളിക്കാതെ അടുക്കളയില്‍ കയറിക്കൂടാ. ഏഴു ദിവസം വിളക്കു വച്ചു കൂടാ, ഭര്‍ത്താവിനൊപ്പം ശയിച്ചുകൂടാ…. വിഷമവും, ശ്വാസം മുട്ടലും അനുഭവിച്ച ദിനങ്ങള്‍.
പഴയകാലത്ത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ കുറച്ചു അകലം പാലിച്ചിരുന്നു. അതാകും അന്നത്തെ കുട്ടികള്‍ ആര്‍ത്തവത്തിനു മുമ്പില്‍ പകച്ചു നിന്നത്. ഇന്നാകട്ടെ മാതാപിതാക്കളും കുട്ടികളും സുഹൃത്തുക്കളെ പോലെയാണ്. അമ്മമാര്‍ കുട്ടികളുമായി തുറന്നു പറയാന്‍ മടിയില്ലാത്തത് കാരണമാകാം ഇന്നത്തെ കുട്ടികള്‍ക്ക് ആര്‍ത്തവത്തോട് ഭയമോ നിലവിളിയോ ഇല്ലാത്തത്.
ഇന്നൊക്കെ ടി.വി തുറന്നാല്‍ സദാ സമയവും പാഡുകളുടെ പരസ്യമാണ്. പണ്ടൊക്കെ ഇതെന്താണെന്നു ചോദിച്ചാല്‍ നിനക്കിതറിയാന്‍ പ്രായമായിട്ടില്ലെന്ന സ്ഥിരം പല്ലവിയോട് ഒഴിഞ്ഞു മാറുന്ന അമ്മമാര്‍. സ്വാഭാവികമായി ഈ സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന കുട്ടിയുടെ മനസ്സില്‍ ഇതെന്തോ പുറത്തു പറയാന്‍ പറ്റാത്ത രഹസ്യമാണെന്ന ധാരണ അറിയാതെ ഉടലെടുക്കും.
എന്തുമാറ്റം വന്നാലും പെണ്ണുങ്ങള്‍ക്ക് ആര്‍ത്തവം പ്രത്യേക ദിനങ്ങള്‍ തന്നെയാണ്. പുതുജീവനെ വരവേല്‍ക്കുന്ന മാറ്റമാണ് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ധന്യമാം മാറ്റത്തെ നാം വേദനയോടെയും ഭീതിയോടെയും കാണുന്നു. പഴയകാലത്ത് പാഡ് വാങ്ങാന്‍ എത്ര വിഷമിച്ചും ഭയന്നുമാണ് കടയില്‍ കയറി ചെല്ലുന്നത്. ഇന്നാകട്ടെ ഉച്ചത്തില്‍ തന്നെ പാഡ് സൈസ് അളവ് പറഞ്ഞു വാങ്ങി വരുന്നു. ഇതൊക്കെയാണ് അന്നത്തെ കാലത്തെ കുട്ടികളും ഇന്നുള്ള കുട്ടികളുമായുള്ള വ്യത്യാസങ്ങള്‍.
Post Your Comments