KeralaLatest News

പ്രളയം തകര്‍ത്തത് 168 ആശുപത്രികളെ; 120 കോടിയുടെ നഷ്ടം

തിരുവനന്തപുരം• പ്രളയ ദുരന്തത്തെ തുടര്‍ന്ന് 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 50 ആശുപത്രികള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും 96 ആശുപത്രികള്‍ക്ക് ഭാഗീകമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 120 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടി രൂപയുടേയും ഉപകരണങ്ങള്‍ക്ക് 10 കോടി രൂപയുടേയും ഫര്‍ണിച്ചറുകള്‍ക്ക് 10 കോടി രൂപയുടേയും മരുന്നുകള്‍ക്ക് 20 കോടി രൂപയുടേയുമാണ് നാശനഷ്ടമുണ്ടായത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നഷ്ടം പൂര്‍ണമായും കണക്കാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

READ ALSO: അങ്ങയുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടാന്‍ ഇതുകൂടി ചെയ്യൂ; മുഖ്യമന്തിയോട് ആവശ്യവുമായി ശാരദക്കുട്ടി

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എന്‍.എച്ച്.എം. എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങളുടെ കണക്കെടുത്തത്. ഈ കണക്കുകള്‍ എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയറുടെ മേല്‍നോട്ടത്തിലാണ് ക്രോഡീകരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും കണക്കെടുത്തത് കെ.എം.എസ്.സി.എല്‍. മുഖേനയാണ്.

തകര്‍ന്ന ആശുപത്രികള്‍ക്ക് പകരം വാടക കെട്ടിടത്തില്‍ ആശുപത്രികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില അഭ്യൂദയകാക്ഷികള്‍ ആശുപത്രികള്‍ പുതുക്കി പണിയുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. ആശുപത്രികള്‍ പുനസൃഷ്ടിക്കാനായി വലിയ ഏജന്‍സികള്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വിവിധ ജില്ലകളിലായി ഉപയോഗ്യമല്ലാത്ത 22 ആശുപത്രികളുടെ പുനര്‍നിര്‍മ്മാണത്തിന് മാത്രം 50.05 കോടി രൂപയുടെ ചെലവ് വരും. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക് അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മണ്‍ട്രോതുരുത്ത്, ആലപ്പുഴ ജില്ലയിലെ കുപ്പപ്പുറം, മുട്ടാര്‍, നീലംപേരൂര്‍, തകഴി, കടമ്പൂര്‍, കോട്ടയം ജില്ലയിലെ അയ്മനം, മലപ്പുറത്തെ ഇരിങ്ങല്ലൂര്‍, കോഴിക്കോട്ടെ കക്കോടി, കണ്ണൂരിലെ വള്ളിത്തോട്, മേക്കുന്ന് എന്നിവയും ആലപ്പുഴ ജില്ലയിലെ വെളിയനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും പൂര്‍ണമായും ഉപയോഗശൂന്യമായി.

READ ALSO: പ്രളയത്തിൽ മരുന്നുകൾ എല്ലാം നശിച്ച ആശുപത്രിക്ക് ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി

വലിയ തോതില്‍ കേടുപാട് പറ്റിയ 50 ആശുപത്രികളുടെ പുനരുദ്ധാരണത്തിന് 20.30 കോടി ചെലവാകും. ഇടുക്കി ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളായ തൃശൂര്‍ ചാലക്കുടി, ഇടുക്കി കട്ടപ്പന, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൊല്ലം കിളികൊല്ലൂര്‍, ആലപ്പുഴ തകഴി, കാവാലം, ബുദ്ധനല്ലൂര്‍, എറമാലിക്കര, പാണ്ടനാട്, കോട്ടയം അയ്മനം, പാറാമ്പുഴ, ഉദയനാര്‍പുരം, ഇടുക്കി കെ.പി. കോളനി, കാമാക്ഷി, പെരുവണ്ണത്താനം, തൃശൂര്‍ പടിയൂര്‍, പറപ്പുകര, തൈക്കാട്, മുപ്പാലിയം, മലപ്പുറം വഴക്കാട്, വയനാട് പൊഴുതാനം, കണ്ണൂര്‍ പള്ളിക്കുന്ന് എന്നിവയ്ക്കും സബ് സെന്ററുകളായ കോട്ടയം പറമ്പുവാരെ, ചെങ്ങളം, കുമരകം സൗത്ത്, കുമരകം നോര്‍ത്ത്, അട്ടിപീടിക, ആറ്റിന്‍കര, വടയാര്‍, പാരിപ്പ്, കുമ്മനം, അയ്മനം ഈസ്റ്റ്, കുടമാളൂര്‍, വടക്കേമുറി, പള്ളിയാട്, ഇടുക്കി പശുപാറ, ആനപ്പാലം, മത്തായിപ്പാറ, എന്‍.ആര്‍. സിറ്റി, തൃശൂര്‍ മടയിക്കോണം, വെള്ളഞ്ചിറ, ബ്രഹ്മകുളം, നൂറടി, വയനാട് മാടന്‍കുന്ന്, മലപ്പുറം ചെവായൂര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ ആലപ്പുഴ ചെമ്പുപുറം, ഇടുക്കി വണ്ടിപ്പെരിയാര്‍, കുടുംബാരോഗ്യ കേന്ദ്രമായ ഇടുക്കി കഞ്ഞിയാര്‍, അപ്പര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൃശൂര്‍ ആനപ്പുഴ, കണ്ണൂര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നവയ്ക്കാണ് വലിയ രീതിയില്‍ കേടുപാടുണ്ടായത്.

ഭാഗീകമായ രീതിയില്‍ കേടുപാടുണ്ടായ 96 ആശുപത്രികളുടെ നവീകരണത്തിനായി 9.65 കോടി ചെലവാകും. കൊല്ലം പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട പമ്പ ഗവ. ഡിസ്‌പെന്‍സറി, എറണാകുളം നോര്‍ത്ത് പരവൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവയ്ക്കും വിവിധ ജില്ലകളിലായി 21 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും 5 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും 7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും 60 സബ് സെന്ററുകള്‍ക്കുമാണ് കേടുപാട് പറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button