
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ 8.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ. ഐആര്‍സിടിസിയുടെ കീഴിലുള്ള റെയില്‍ നീര്‍ കുപ്പിവെള്ളമാണ് വിവിധ ഫാക്ടറികളില്‍ നിന്നായി കേരളത്തിൽ എത്തിക്കുക. 2740 പെട്ടി കുപ്പിവെള്ളം തിരുവനന്തപുരം പാറശ്ശാലയിലുള്ള റെയില്‍ നീര്‍ പ്ലാന്റില്‍ നിന്ന് അടിയന്തരമായി എത്തിച്ചിട്ടുണ്ട്. കൂടാതെ ചെന്നൈയിലെ പ്ലാന്റില്‍ നിന്നും വെള്ളമെത്തിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതിയായ ശേഖരമില്ലാത്തത് കൊണ്ട് മറ്റിടങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാനും നിർദേശമുണ്ട്. വരും ദിവസങ്ങളിൽ ബിഹാറിലെ പ്ലാന്റില്‍ നിന്നും വെള്ളമെത്തും.
Also read : മരുന്നിന്റെ സ്വകാര്യ മേഖലയിലെ ഉത്പാദനവും ഇറക്കുമതിയും നിരോധിച്ചു
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ കഴിഞ്ഞദിവസം അടിയന്തരമായി ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഐആര്‍സിടിസിയുടെ രാജ്യത്തെ ഏഴ് പ്ലാന്റുകളില്‍ നിന്ന് 33,60,000 ലിറ്റര്‍ വെള്ളം (2,80,000 ബോക്സ്) ആവശ്യമാകുന്നപക്ഷം കേരളത്തിലെത്തിക്കാന്‍ കഴിയുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. പാറശാലക്കും ചെന്നൈക്കും പുറമെ ദില്ലി, പാറ്റ്ന, മുംബൈ, അമേത്തി, ബിലാസ്പൂര്‍ എന്നിവിടങ്ങളിലും ഐആര്‍സിടിസിക്ക് റെയില്‍ നീര്‍ ഫാക്ടറികളുണ്ട്.
Post Your Comments