തിരുവനന്തപുരം : കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും: മന്ത്രിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പ്രളയദുരന്തവും രക്ഷാപ്രവര്‍ത്തനവും നടക്കുന്നതിനിടെ വിദേശയാത്രക്ക് പോയ മന്ത്രി പി രാജുവിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.രാജുവിന്റെ വിദേശ യാത്രയെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. സാധാരണഗതിയില്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ മുഖ്യമന്ത്രിയെ അറിയിക്കും. കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്. അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭ കെ. രാജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോട്ടയത്ത് റെഡ് അലര്‍ട്ട് നിലനില്‍ക്കെ തന്നെയാണ് മന്ത്രി നാടുവിട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. മന്ത്രിമാരായ വി എസ്.സുനില്‍കുമാര്‍, കെ. രാജു, എംപിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ മന്ത്രിയും ഇ.ടി മുഹമ്മദ് ബഷീറും ഒഴികെയുള്ളവര്‍ നാട്ടില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച്ച രാവിലെ കെ.രാജു ജര്‍മ്മനിയിലെ ബേണിലേക്ക് പോയത്. മഴക്കെടുതി നേരിടുന്നതിനിടെ ജില്ലകളുടെ ചുമതലയുള്ള മന്ത്രി വിദേശയാത്ര പോയത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. വിദേശയാത്ര നടത്താന്‍ കെ. രാജു നേരത്തെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍, മഴക്കെടുതിയുടെ സാഹചര്യത്തില്‍ യാത്ര നടത്തുന്നത് ഉചിതമാകുമോ എന്ന കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അടിയന്തരമായി ഇടപെട്ട് മന്ത്രി രാജുവിനോട് ഉടന്‍ തിരികെയെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Post Your Comments