Latest NewsGulf

കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍

ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേയ്ക്ക് സഹായം ഒഴുകുന്നു

ദുബായ് : കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍. കുടുംബങ്ങള്‍ ദുരന്തത്തില്‍പ്പെട്ടതിനാല്‍ പലര്‍ക്കും വീട്ടിലേയ്ക്ക് വിളിച്ചിട്ടും ഫോണില്‍ കിട്ടാത്ത അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് പ്രവാസി മലയാളികളില്‍ പലരും. കുടുംബങ്ങളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാല്‍ അവരെ സഹായിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് നാടുകളില്‍ നിന്ന് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

പത്തനംതിട്ടയിലെ ഇടയാറന്മുള കോഴിപ്പാലം, മാലക്കര ഭാഗങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി പറയുന്നു. ഗള്‍ഫില്‍ നിന്നു വേനലവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ പിഞ്ചു കുട്ടികളും ഇതിലുള്‍പ്പെടും.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേയ്ക്ക് ഗള്‍ഫില്‍ നിന്ന് സഹായങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നു. വന്‍ വ്യവസായികള്‍ കോടികള്‍ നല്‍കിയതിന് പിന്നാലെ, സന്നദ്ധ സംഘടനകളും വ്യക്തികളും സംഭാവനകള്‍ അയക്കുന്നുണ്ട്. പലരും തീരുമാനിച്ചിരുന്ന ബലി പെരുന്നാള്‍, ഓണ, ആഘോഷങ്ങള്‍ മാറ്റിവച്ച് അതിനായി സ്വരൂപിച്ചിരുന്ന പണം അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. ഇതു കൂടാതെ, വിവിധ കാര്‍ഗോ സ്ഥാപനങ്ങളും പുതിയ വസ്ത്രങ്ങളും മറ്റും ശേഖരിച്ച് സൗജന്യമായി അയക്കുന്നു.

റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടിയന്തര സഹായമെന്ന നിലയ്ക്ക് നല്‍കിയതായി പ്രസിഡന്റ് റെജി കെ.ജേക്കബ് അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ തുക ശേഖരിച്ച് അയച്ചുകൊടുക്കും.

ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അബുദാബി മലയാളി സമാജവും സീബ്രീസ് കാര്‍ഗോയും കൈകോര്‍ക്കുന്നു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ആളുകള്‍ക്ക് പുതിയ വസ്ത്രങ്ങളും മറ്റും എത്തിക്കുമെന്ന് അബുദാബി മലയാളി സമാജം, ഇന്‍കാസ് അബുദാബി ഭാരവാഹികള്‍ പറഞ്ഞു.

Read Also : പ്രളയത്തിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് സർവീസ്

ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് പുതിയ വസ്ത്രങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളുമയക്കാന്‍ പഴയ-പുതിയ കാര്‍ട്ടനുകള്‍ ആവശ്യമുണ്ടെന്ന് റോണാ കാര്‍ഗോ ഉടമ നവനീത് പറഞ്ഞു. ഇതിനകം വന്‍തോതില്‍ പുതിയ വസ്ത്രങ്ങളും ശേഖരിച്ച് വച്ചിട്ടുണ്ട്. ഇവ എത്രയും പെട്ടെന്നു വിവിധ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് അയച്ചുകൊടുക്കും. ഇതിനകം കുറേ സാധനങ്ങള്‍ അയച്ചു കഴിഞ്ഞു. പുതിയ വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ +971 50 769 6187 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും നവനീത് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button