പത്തനംതിട്ട : ശബരിമലയിൽ നിറപുത്തരിക്കായുള്ള നെൽക്കറ്റകൾ സന്നിധാനത്തെത്തി. നീന്തല്‍ വിദഗ്ദരായ മൂന്ന് അയ്യപ്പഭക്തർ അതിസാഹസികമായി പമ്പ മുറിച്ചുകടന്ന് എത്തിച്ചു നല്‍കുകയായിരുന്നു. പമ്പയിൽ നിന്നും നെൽക്കതിരുമായി പമ്പക്ക് കുറുകെ കട്ടിയ വടത്തിൽ പിടിച്ച് നീന്തി മറുകരയെത്തിച്ച ശേഷം ട്രാക്ടറിൽ സന്നിധാനത്തെത്തിക്കുകയായിരുന്നു. നിറപുത്തരി ചടങ്ങുകള്‍ക്കായി നെല്‍ക്കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെയും സംഘത്തിന്റെയും യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
വൈകിട്ട് ആറരയോടെ ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുല്ലുമേട്ടില്‍ എത്തിച്ചെങ്കിലും കൂരിരിട്ടും കനത്ത മൂടല്‍മഞ്ഞും കാറ്റും കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം രാത്രിയോടെയാണ് അയ്യപ്പ ഭക്തരായ നീന്തല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഏതാനും കറ്റകള്‍ സന്നിധാനത്ത് എത്തിച്ചത്. ഈ നെൽകതിരുകൾ ഉപയോഗിച്ച് ക്യത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകൾ നടക്കും . രാത്രി തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാര്‍ കടുവാ സങ്കേതം ക്യാംപില്‍ താമസിച്ചു.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ യാത്ര പുനരാരംഭിക്കും. എന്നാല്‍ നിറപുത്തരി ചടങ്ങുകള്‍ തന്ത്രിയുടെ അസാന്നിധ്യത്തില്‍ നിശ്ചിത സമയത്ത് ശബരിമലയില്‍ മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
Post Your Comments