തിരുവനന്തപുരം ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന ‘പപ്പട അമ്മൂമ്മ’ എന്ന എൺപത്തിയേഴുകാരിക്ക് ഫേസ്‌ബുക്ക് സഹായം ഇപ്പോൾ തലവേദനയാകുന്നു. ‘പപ്പട അമ്മൂമ്മ’ എന്ന വസുമതിയമ്മയുടെ കഥ ഏറെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. ‘25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം’ എന്ന തലക്കെട്ടിൽ പ്രചരിച്ച അമ്മൂമ്മയുടെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആക്കുകയായിരുന്നു.
വാർത്ത പരന്നതോടെ നിരവധി ആളുകൾ അമ്മൂമ്മയുടെ വീട്ടിലെത്തി വിശേഷങ്ങൾ തിരക്കി. ചിലർ സഹായ വാഗ്ദാനങ്ങള്‍ നൽകുകയും സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവയ്ക്കുകയും ചെയ്തു. വസുമതിയമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നു ചേർന്നുവെന്നുള്ള വാർത്തയും ഇതോടൊപ്പം പ്രചരിക്കാൻ തുടങ്ങി. അതോടെ അമ്മൂമ്മയുടെ കഷ്ടപ്പാടും തുടങ്ങി. ഇപ്പോൾ പപ്പടം വിൽക്കാൻ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. വാർത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വിൽക്കുന്നത്? വീട്ടിൽ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവർ പോലും ചോദിക്കുന്നത്.
കച്ചവടം ഇതോടെ വളരെ മോശമായി. ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണ്. സഹായിക്കാം എന്നു പറഞ്ഞ് കുറേപേർ വന്നു. നല്ല മനുഷ്യരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചിലർ എനിക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, പൂർണമായി എന്നെ ഏറ്റെടുക്കുകയാണെന്നും എന്റെ കയ്യിലെ പപ്പടം മുഴുവൻ വാങ്ങുന്നുവെന്നും ഫെയ്സ്ബുക്കിൽ ഇട്ടു. ആരാണ്, എന്താണ് എന്നൊക്കെ 87 കഴിഞ്ഞ ഞാൻ എങ്ങനെ അറിയാനാണ്. പിന്നീട് ഇവരുടെ പൊടി പോലും കണ്ടിട്ടില്ല.’’ വസുമതിയമ്മ പറഞ്ഞു.
സഹായ വാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനാണ് പലരും ശ്രമിച്ചത്. ഭക്ഷണം വാങ്ങി നൽകി അമ്മൂമ്മക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു പോയവരുമുണ്ട്. ഞാൻ ഏത് വിധേനയും ജോലിയെടുത്ത് ജീവിക്കും, ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. . കോടീശ്വരിയായി, ലക്ഷപ്രഭുവായി എന്നൊക്കെ പറഞ്ഞ് ഉപദ്രവിക്കരുതേ എന്ന് മാത്രമാണ് അമ്മൂമ്മയുടെ ഇപ്പോഴത്തെ അപേക്ഷ.
Post Your Comments