ഫ്‌ളോറിഡ : ചന്ദ്രനിലേയും ചൊവ്വയിലേയും രഹസ്യങ്ങള്‍ മനുഷ്യരിലേയ്ക്ക് എത്തിച്ച നാസ പുതിയ ദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. സൂര്യനാണ് ഇനി നാസയുടെ ലക്ഷ്യം. ഇതോടെ സൂര്യന്റെ രഹസ്യങ്ങള്‍ അറിയാന്‍ നാസയുടെ സൗരപദ്ധതി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവര്‍ സ്റ്റേഷനില്‍ നിന്ന് ഡെല്‍റ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്. സൂര്യന്റെ രഹസ്യങ്ങളറിയാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.
മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം സ്വന്തമാക്കാന്‍ കൂടിയണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ യാത്ര. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ഇരുപതുവര്‍ഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത പാര്‍ക്കര്‍ സോളര്‍ പ്രോബ് ഏഴു വര്‍ഷമെടുത്താണു ദൗത്യം പൂര്‍ത്തിയാക്കുക.
സൂര്യനോട് 61 ലക്ഷം കിലോമീറ്റര്‍ അടുത്തുനിന്നാകും പാര്‍ക്കറിന്റെ നിരീക്ഷണം, ലക്ഷക്കണക്കിനു ഡിഗ്രി സെല്‍ഷ്യസ് വരുന്ന കടുത്ത താപനില അതീജീവിച്ച് സൂര്യന്റെ കൊറോണ എന്നറിയപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം.
read also : ഭാരതം ലോക രാജ്യങ്ങളുടെ നെറുകയിലേക്ക്, പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു
സൂര്യനെച്ചുറ്റിയുള്ള വാതക പടലമായ കൊറോണയില്‍നിന്നാണ് സൗരവാതത്തിന്റെ ഉത്ഭവം. സൗരോപരിതലത്തേക്കാള്‍ 300 മടങ്ങ് ഇരട്ടി ചൂടാണ് കൊറോണയില്‍. ഏഴു വര്‍ഷം നീളുന്ന ദൗത്യത്തിനിടയില്‍ 24 തവണ പേടകം കൊറോണയെ കടന്നുപോകും.
1371 ഡിഗ്രി ചൂട് പേടകത്തിന്റെ പുറംകവചത്തില്‍ അനുഭവപ്പെടുമെന്നാണു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. ഇതില്‍നിന്ന് ഉള്ളിലുള്ള ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെയും വിവിധ ഉപകരണങ്ങളെയും സംരക്ഷിക്കാനായി 4.5 ഇഞ്ച് കനത്തില്‍ പ്രത്യേക താപകവചം ഉള്‍പ്പെടെ ഒട്ടേറെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭൂമിയില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 500 മടങ്ങ് ശക്തിയുള്ള വികിരണം പ്രതിരോധിക്കാനും ഇതിനു ശേഷിയുണ്ട്. എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചാല്‍ 85 ഡിഗ്രി ചൂട് മാത്രമേ പേടകത്തിന്റെ ഉള്ളില്‍ അനുഭവപ്പെടുകയുള്ളു.
ചൊവ്വയിലേക്കു പേടകം വിക്ഷേപിക്കുന്നതിന്റെ 55 ഇരട്ടി ഊര്‍ജം വേണ്ടിവരുന്ന സോളാര്‍ പാര്‍ക്കറിനെ എല്ലാ സാഹചര്യങ്ങളും അനുകൂലമാക്കി വിക്ഷേപണം നടത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
Post Your Comments