Kerala

പ്രകൃതിയെ ചൂഷണം ചെയ്‌ത്‌ സമ്പാദിച്ചതിൽ നിന്ന് ഒരു ശതമാനമെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണം; ഭൂമാഫിയകൾക്കെതിരെ കെ സുരേന്ദ്രൻ

മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനുമടക്കമുള്ളവര്‍ നലകിയ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞതാണ് കേരളത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്

തിരുവനന്തപുരം: കേരളത്തിലെ ദുരന്തത്തിന് യഥാർത്ഥ കാരണക്കാരായ ക്വാറി മാഫിയകളും മണൽ, മണ്ണ് മാഫിയകളും വനം കൊള്ളക്കാരും വൻകിട ഫ്ളാറ്റ് ഉടമകളും പ്രകൃതിയെ ചൂഷണം ചെയ്ത് സമ്പാദിച്ചതിൽനിന്ന് ഒരു ചെറിയ ശതമാനമെങ്കിലും ദുരിതമനുഭവിക്കുന്ന പാവങ്ങൾക്കായി നൽകാൻ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനുമടക്കമുള്ളവര്‍ നലകിയ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞതാണ് കേരളത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന മുന്നറിയിപ്പാണ് ഈ ദുരന്തം നമുക്കു നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: അടിമത്തം എല്ലാ കാലത്തും സഹിച്ചുകൊള്ളുമെന്ന് ആരും ധരിക്കരുത്- കെ.സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രളയക്കെടുതി നേരിടാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു നിൽക്കുന്നു. രാഷ്ട്രീയം ഈ കാര്യത്തിൽ തടസ്സമല്ല. നേപ്പാളിലും പാക്കിസ്ഥാനിലും വരെ ജനങ്ങൾ ദുരിതത്തിലായപ്പോൾ നാം സഹായിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്നതും സംസ്ഥാനം നൽകുന്നതും ജനങ്ങളുടെ പണം തന്നെയാണ്. അകമഴിഞ്ഞ് ജനങ്ങളും സഹായിക്കുന്നുണ്ട്. സഹായമായി ലഭിക്കുന്ന ഓരോ ചില്ലിക്കാശും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തുന്നു എന്നുറപ്പുവരുത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. സുനാമി ദുരന്തത്തിലും ഓഖി ദുരന്തത്തിലും സംഭവിച്ചത് ഇവിടെ സംഭവിച്ചുകൂടാ. ഇക്കാര്യത്തിൽ വേണ്ട ജാഗ്രത പുലർത്താൻ സർക്കാരിനും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. വ്യവസായ പ്രമുഖരും ചലച്ചിത്രതാരങ്ങളുമൊക്കെ നൽകുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നു. എന്നാൽ ഈ ദുരന്തത്തിന് യഥാർത്ഥ കാരണക്കാരായ ക്വാറി മാഫിയകളും മണൽ, മണ്ണ് മാഫിയകളും വനം കൊള്ളക്കാരും വൻകിട ഫ്ളാറ്റ് ഉടമകളും പ്രകൃതിയെ ചൂഷണം ചെയ്ത് സമ്പാദിച്ചതിൽനിന്ന് ഒരു ചെറിയ ശതമാനമെങ്കിലും ഈ സമയത്ത് ദുരിതമനുഭവിക്കുന്ന പാവങ്ങൾക്കായി നൽകാൻ തയ്യാറാവണം. അതുറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനുമടക്കമുള്ളവർ നലകിയ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞതാണ് കേരളത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. നദികളേയും ജലാശയങ്ങളേയും നെൽവയലുകളേയും കുന്നുകളേയും മലകളേയും വെറുതെ വിടുക. പശ്ചിമഘട്ടത്തെ ഇനിയെങ്കിലും തകർക്കാതിരിക്കുക. പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരെ നിലക്കുനിർത്താൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന മുന്നറിയിപ്പാണ് ഈ ദുരന്തം നമുക്കു നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button