
ഓണസദ്യയ്ക്ക് പതിവായി ഒരേ തരത്തിലുള്ള വിഭവങ്ങളാണ് പലരും പാകം ചെയ്യുന്നത് . എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി വരുന്ന ഓണത്തിന് ചില വിഭവങ്ങൾ ഉണ്ടാക്കിയാലോ ? എന്നാൽ നമ്മൾ ഉണ്ടാക്കുന്ന ആഹാരമൊക്കെ ആരോഗ്യ ഗുണവും നൽകുന്നുണ്ടോ എന്നുകൂടി ചിന്തിക്കണം. അങ്ങനെയെങ്കിൽ ആരോഗ്യകരമായ മൂന്നു വിഭവങ്ങളെ പരിചയപ്പെടാം.
പാവയ്ക്കാ കിച്ചടി
പാവയ്ക്ക പൊടിയായരിഞ്ഞത് – 1 കപ്പ് ,തൈര് – 1 കപ്പ്, പച്ചമുളക് – 2 എണ്ണം, ജീരകം, ഉലുവ – ¼ ടീ സ്പൂൺ വീതം, കടുക് – ½ ടീ. സ്പൂൺ വീതം, എണ്ണ – 2 ടീ. സ്പൂൺ വീതം + പാവയ്ക്ക വറുക്കാൻ, ഉണക്കമുളക് – 2 എണ്ണം, ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം : തേങ്ങ, ജീരകം, ¼ ടീ.സ്പൂൺ, കടുക്, പച്ചമുളക് എന്നിവ വെണ്ണ പോലരച്ച് ഉപ്പിട്ട തൈരിൽ ചേർത്തിളക്കി വയ്ക്കുക. പാവയക്ക പൊടിയായരിഞ്ഞത് ചൂടെണ്ണയിൽ ഇട്ട് വറുത്ത് ഇളം ബ്രൗൺ നിറമാക്കി തൈര് അരപ്പ് മിശ്രിതത്തിൽ ചേർക്കുക.
2 ടീ സ്പൂൺ എണ്ണ ചൂടാക്കി ¼ ടീ സ്പൂൺ കടുക്, ഉലുവ, ഉണക്കമുളക് എന്നിവയിട്ട് വറുത്ത് കറുക് പൊട്ടുമ്പോൾ കറി ഇതിലേക്കൊഴിച്ച് 1 തിള വന്നാലുടൻ വാങ്ങുക.
ആരോഗ്യ വശം : പാവയ്ക്കക്ക് കലോറി കുറവാണ് വിളർച്ച, പ്രമേഹം എന്നിവക്ക് പരിഹാരമാണ്. ദഹനശക്തി ഒരേപോലെ നിലനിർത്തുന്നു. ജീവകം സി, മഗ്നീഷ്യം, സിങ്ക് പൊട്ടാസ്യം എന്നിവയുണ്ട്.
മത്തങ്ങ – കുമ്പളങ്ങ ഓലൻ
മത്തങ്ങ – 1 കപ്പ്, ½ കനം കുറഞ്ഞ സമചതുര കഷണങ്ങള്‍, കുമ്പളങ്ങ – 1 കപ്പ്, ½ കനം, കുറഞ്ഞ സമചതുര കഷണങ്ങൾ, പച്ചമുളക് – 4 എണ്ണം, പിളർന്നത്, ഉപ്പ് – പാകത്തിന്, തേങ്ങാപ്പാല്‍ (1–ാം പാൽ) – 2 കപ്പ്, കറിവേപ്പില – 2 തണ്ട്, വെളിച്ചെണ്ണ – 2 ടീ സ്പൂൺ
തയാറാക്കുന്ന വിധം : കുമ്പളങ്ങയുടെയും മത്തങ്ങയുടെയും കഷണങ്ങളും ഉപ്പും പിളർന്ന പച്ചമുളകും ഒരു പാത്രത്തിലിട്ട് വറ്റാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ (1–ാം പാൽ) ഒഴിച്ച് വാങ്ങുക. കറിവേപ്പില ഉതിർത്തതും വെളിച്ചെണ്ണയും ചേർത്തടച്ച് അല്പനേരം വയ്ക്കുക. അതിനു ശേഷം വിളമ്പുക.
ആരോഗ്യ വശം : മത്തങ്ങ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം. നാരുവർഗ്ഗം, പൊട്ടാസ്യം, ജീവകം ‘സി’ എന്നിവ അടങ്ങിയിട്ടുണ്ട്.
കുമ്പളങ്ങ ആസ്മ, പ്രമേഹം, മലബന്ധം, മലബന്ധ വിരശല്യം, ജലദോഷം, സൈനസ് എന്നിവയ്ക്ക് പരിഹാരമാണ്. ഔഷധഗുണം നിറഞ്ഞ ഒരു കറിയാണിത് അധികം എരിവില്ലാത്തതിനാൽ കുട്ടികൾക്കും കഴിക്കാം.
മുളയരി പ്രഥമൻ
മുളയരി – 200 ഗ്രാം, ശർക്കര – 500 ഗ്രാം, തേങ്ങാപ്പാൽ : 1–ാം പാൽ – 1 കപ്പ്, 2–ാം പാൽ – 4 കപ്പ്, 3–ാം പാൽ – 5 കപ്പ്, ചുക്കുപൊടി – 1 ടീ സ്പൂണ്‍, ജീരകപ്പൊടി – ½ ടീ സ്പൂൺ, ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ, നെയ്യ് – 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം : മുളയരി 3–4 തവണ കഴുകുക. ഇത് ഇനി വെള്ളത്തിലിട്ട് കുറെ നേരം വയ്ക്കുക. നന്നായി കുതിരുമ്പോള്‍ അല്പം വീർത്ത് വരും. ഇത് അരിച്ചു വാരി വയ്ക്കുക.
ശർക്കര ചീകിയത് ഒരു പാത്രത്തിലിട്ട് കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക. ശർക്കര പൂർണമായും അലിഞ്ഞാൽ വാങ്ങി ആറാന്‍ വയ്ക്കുക. ഇനി ഇത് തെളിച്ചൂറ്റി അതിലെ അഴുക്ക് മാറ്റുക.
ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കി 3–ാം പാൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് മുളയരി ചേർത്ത് ¾ വേവാക്കുക. ഇനി കുറച്ചു വെള്ളം കൂടി ചേർക്കാം. മുളയരി നന്നായി വെന്ത് കഴിഞ്ഞാൽ 2–ാം പാലും ഒഴിക്കാം. ഇത് അല്പമൊന്ന് കുറുകുമ്പോൾ ശർക്കരപ്പാനി ഒഴിക്കുക. കുറച്ചു വറ്റിയാൽ ഒന്നാം പാൽ, നെയ്യ്, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് ഉടനെ വാങ്ങുക.
ആരോഗ്യവശം : മുളയരി ആഹാരവും ഔഷധവുമാണ്. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ എന്നിവക്കൊക്കെ പരിഹാരമാണ് മുളയരി.
പഞ്ചസാരയ്ക്ക് പകരം ശർക്കരയാണ് ചേർത്തിരിക്കുന്നത്. ശർക്കര പഞ്ചസാരയെക്കാൾ ആരോഗ്യത്തിന് യോജിച്ചതാണ്. നെയ്യ് വളരെ കുറഞ്ഞ അളവിൽ മാത്രമെ ചേർത്തിട്ടുള്ളു.
Post Your Comments