യഥാര്‍ത്ഥ വിധിപ്രകാരമുള്ള സദ്യ ഓണസദ്യ തലസ്ഥാനക്കാര്‍ക്ക് സ്വന്തം. തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികള്‍ ഉള്ളതാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ആയ് രാജ്യത്തിന്റെ സംഭാവനയാണ് എന്ന് നാട്ടാചാരങ്ങള്‍ കൊണ്ട് ഊഹിക്കപ്പെടുന്നു. പഴയ ആയ്രാജ്യം തിരുനെല്‍വേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാല്‍ സദ്യയില്‍ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയില്‍ തൊടുകറികള്‍ ഒരിക്കല്‍ മാത്രവും മറ്റു കറികള്‍ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാല്‍ കേരളത്തിന്റെ മറ്റു സ്ഥലങ്ങളില്‍ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യ ആയുര്‍വേദത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ദിവസം ഒരുനേരം സദ്യയാവാം എന്ന് സിദ്ധവൈദ്യത്തിലും പറയുന്നു. സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക.
ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.
Post Your Comments