വലിയതോതിൽ ആദായനികുതി വെട്ടിച്ചത് രാഹുൽ ഗാന്ധിക്ക് പുതിയ തലവേദനയാകുമെന്ന് സൂചനകൾ. 2011-12 സാമ്പത്തിക വർഷത്തിൽ തന്റെ യഥാർഥ വരുമാനം മുഴുവൻ കാണിക്കാതെയാണ് രാഹുൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്‍തത് എന്നതാണ് വകുപ്പ് കണ്ടെത്തിയത്. മാത്രമല്ല അവരുടെ വിലയിരുത്തലനുസരിച്ച് ഏതാണ്ട് 154 കോടിയുടെ വരുമാനമാണ് ഒളിപ്പിച്ചുവെച്ചത്. ചെറിയ പ്രശ്നമല്ല അത്കോൺഗ്രസ് അധ്യക്ഷന് ഉണ്ടാക്കാൻ പോകുന്നത്. അതിലുപരി, സർക്കാരിന് മുന്നിൽ കള്ളക്കണക്ക് കൊടുത്തു എന്ന ചീത്തപ്പേരും അദ്ദേഹത്തിന് പേറേണ്ടിവരും. സ്വന്തം പാർട്ടിയുടെ സർക്കാർ ഭരിക്കുന്ന കാലത്ത് വലിയ കള്ളത്തരം നടത്തി എന്നത് ചെറിയ കാര്യമല്ലല്ലോ. ഇന്ത്യയിൽ ചില വ്യവസായികൾ ഇതൊക്കെ മുൻപ് ചെയ്തിട്ടുണ്ടാവും; എന്നാൽ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് ഇത്തരത്തിൽ വസ്തുതകൾ ഒളിച്ചു വെക്കുന്നതും വരുമാനം മറച്ചുവെക്കുന്നതും അതിന്റെപേരിൽ പിടിക്കപ്പെടുന്നതും ആദ്യമായിരിക്കും.
‘നാഷണൽ ഹെറാൾഡ്’ കേസിന്റെ ബാക്കിയാണ് പുതിയ പുലിവാലുകൾ. തലസ്ഥാന നഗരിയിൽ കണ്ണായ കണ്ണായ സ്ഥലത്ത് പത്രം തുടങ്ങുന്നതിന് കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചിരുന്നു. അവിടെയാണ് കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡും സ്ഥലം സംഘടിപ്പിച്ചത് ; നാഷണൽ ഹെറാൾഡ് പത്രവും തുടങ്ങി. പിന്നീട് പത്രം അടച്ചുപൂട്ടി. എന്നാൽ ആ കെട്ടിടം, ചട്ടങ്ങൾക്ക് വിരുദ്ധമായി, വാടകക്ക് കൊടുത്ത് കോടികൾ സ്വന്തമാക്കി. അതിനുശേഷം പണ്ഡിറ്റ് നെഹ്‌റുവും സർദാർ പട്ടേലും അടക്കമുള്ള പഴയകാല കോൺഗ്രസുകാരൊക്കെ ചേർന്ന് തുടങ്ങിയ പത്രത്തിന്റെ ഉടമസ്ഥാവകാശം വളഞ്ഞ വഴിയിലൂടെ സോണിയ- രാഹുൽ ഗാന്ധി പ്രഭൃതികൾ കയ്യടക്കി. അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ് എന്ന കമ്പനി കോൺഗ്രസ് പാർട്ടിക്ക് കൊടുക്കാനുള്ള 90. 25 കോടി രൂപ ഈടാക്കാനുള്ള അവകാശം പുതിയതായി രൂപം കൊണ്ട യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വിലക്ക് വാങ്ങുകയായിരുന്നു. അതിനായി യങ് ഇന്ത്യൻ നൽകിയത് അൻപത് ലക്ഷം മാത്രം. അങ്ങിനെ ആ കണ്ണായ സ്ഥലവും അതിലെ മുന്തിയ കെട്ടിടവും സോണിയ പരിവാർ സ്വന്തമാക്കി എന്നർത്ഥം.
ഇനി യങ് ഇന്ത്യൻ ആരുടേതാണ് എന്ന് നോക്കുക. ആ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഡയറക്ടർമാർ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, കോൺഗ്രസ് ജനറൽ സെക്രട്ടറി ഓസ്കർ ഫെർണാണ്ടസ്, സാം പിട്രോഡ എന്നിവർ. വോറയും ഓസ്കറും, പിട്രോഡയും സോണിയ പരിവാറിന്റെ വിശ്വസ്തർ. അതൊരു കൂട്ടുകച്ചവടമായിരുന്നു. കോൺഗ്രസിന് കൊടുക്കാനുള്ള തുക കൊടുത്ത് ആ കമ്പനി ഇവർ കൈവശപ്പെടുത്തി. നെഹ്രുവും മറ്റും ചേർന്ന് തുടങ്ങിയ കമ്പനി പിരിച്ചുവിടുകയും ചെയ്യും…… ഇതായിരുന്നു പദ്ധതി. ഇവിടെ മൂന്ന് നിയമ പ്രശ്നങ്ങൾ ബാക്കി. ഒന്ന്, ഒരു രാഷ്ട്രീയകക്ഷിക്ക് ഒരു തരത്തിലും ആർക്കെങ്കിലും പണം കടം കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. 90. 25 കോടി കടം കൊടുത്തുവെന്ന് സമ്മതിച്ചത് പാർട്ടി നേതാക്കൾ തന്നെ. അതിന് കോൺഗ്രസ് മറുപടി പറയണം. ഒരു പക്ഷെ, അതിന്റെ പേരിൽ, രാഷ്ട്രീയകക്ഷി എന്ന കോൺഗ്രസിന്റെ അംഗീകാരം വരെ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട് എന്നതും ഓർക്കുക. രണ്ട് : ഒരു കമ്പനി അതിന്റെ ഓഹരിയുടമകളെ അറിയിക്കാതെ പിരിച്ചുവിടാനുള്ള നീക്കം. മൂന്ന്; പത്രം നടത്താനെന്നു പറഞ്ഞു സംഘടിപ്പിച്ച കോടികളുടെ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചുകൊണ്ട് കോടികൾ സ്വന്തമാക്കുന്നു; പത്രമാവട്ടെ പ്രസിദ്ധീകരണം നിർത്തുകയും ചെയ്തു. ( ഈ വിവാദം പ്രശ്നമായപ്പോൾ വർഷങ്ങൾക്ക് ശേഷം അവർ പത്രം വീണ്ടും പേരിന് തുടങ്ങിയിട്ടുണ്ട്). സർക്കാരിനെ കബളിപ്പിച്ചു എന്ന പ്രശ്നം ഇവിടെ ബാക്കി.
യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ ആണ് താനെന്നത് 2011-12 ലെ ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ അതിലുൾപ്പെടുത്തിയില്ല എന്നതാണ് രാഹുൽ ഗാന്ധിയെ വിഷമത്തിലാക്കിയത്. ആ കമ്പനി അന്നെ നിലവിലുണ്ടായിരുന്നു. അതിലൂടെയുള്ള വരുമാനം രാഹുൽ തന്റെ വരുമാനത്തിനൊപ്പം ചേർക്കേണ്ടതായുണ്ടായിരുന്നു; അതിന് കാരണം അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണ് എന്നത് തന്നെ. രാഹുലിന് യങ് ഇന്ത്യയിലുള്ള ഓഹരികളുടെ പശ്ചാത്തലത്തിൽ ആദായനികുതി അധികൃതർ കണക്കാക്കിയത് ആ വർഷം അദ്ദേഹത്തിന്റെ വരുമാനത്തിൽ 154 കോടി രൂപ കൂടി ചേർക്കണം എന്നാണ്. എന്നാൽ രാഹുൽ കാണിച്ച വരുമാനം വെറും 68 ലക്ഷം മാത്രമാണ്. ഇതിനെതിരെയാണ് ആദായ നികുതി അധികൃതർ 2011- 12 വർഷത്തിലേക്ക് 250 കോടിയുടെ അധിക നികുതി ചുമത്തിയത്. അതിനെതിരെ ആദായനികുതി ട്രിബുണലിൽ പോയെങ്കിലും രാഹുലിന് തിരിച്ചടിയാണുണ്ടായത്. അതുകഴിഞ്ഞാണ് അദ്ദേഹം ദൽഹി ഹൈക്കോടതിയിലെത്തിയത്. ഇക്കാര്യത്തിൽ രാഹുലിന് അനുകൂല നിലപാട് കോടതി എടുത്തില്ല; കേന്ദ്രത്തിന്റെ വിശദമായ വാദത്തിനായി കേസ് ഈ മാസം 14 ന് മാറ്റുകയും ചെയ്തു. അതിനിടയിൽ പത്രത്തിനായി നൽകിയ സ്ഥലത്ത് വാണിജ്യ താല്പര്യത്തോടെ കെട്ടിടം നിർമ്മിച്ചത് കണക്കിലെടുത്ത് കേന്ദ്ര നഗര വികസന മന്ത്രാലയം നടപടി ആരംഭിച്ചിട്ടുമുണ്ട്. എന്തുകൊണ്ട് ആ സ്ഥലം ഒഴിപ്പിച്ചുകൂടാ എന്നതാണ് സർക്കാർ രാഹുൽ – സോണിയ ഗാന്ധിമാരുടെ യങ് ഇന്ത്യയോട് ചോദിച്ചിരിക്കുന്നത്.
ഈ കേസിന്റെ പ്രത്യേകത, എല്ലാ രേഖകളും സർക്കാരിന്റെ പക്കലുണ്ട് എന്നതാണ്. അത് ഒട്ടെല്ലാം ഡോ. സുബ്രമണ്യൻ സ്വാമി സംഘടിപ്പിച്ചിട്ടുണ്ട്. അതാണ് കോടതിയുടെ മുന്നിലുള്ളത്. പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോടതി അത് സ്വീകരിച്ചതും കുറ്റപത്രം കൊടുക്കാൻ തീരുമാനിച്ചതും. അതിൽ സോണിയയും രാഹുലും കൂട്ടുകാരും ഇപ്പോൾ ജാമ്യത്തിലാണ്……. ഒരു വലിയ തട്ടിപ്പ് കേസിൽ ജാമ്യത്തിലാണ് എന്നർത്ഥം . അതിന്റെകൂടെ പശ്ചാത്തലത്തിലാവണം മുൻപൊരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്, കോൺഗ്രസ് എന്നാൽ ‘ബെയിൽ ഗാഡി’യാണ് എന്ന്. ഡോ. സ്വാമി ഫയൽ ചെയ്തത് തട്ടിപ്പ് കേസാണ്. എന്നാൽ ആദായ നികുതി കേസ് അതിനപ്പുറം ആ കോൺഗ്രസ് പരിവാറിന്റെ മുഖം വല്ലാതെ വികൃതമാക്കും; മാത്രമല്ല, പത്രത്തിനായി ലഭിച്ച സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് വാണിജ്യ കോംപ്ലക്സ് ഉണ്ടാക്കിയവർക്ക് അത് കയ്യിൽ വെക്കാനുള്ള അവകാശവും പ്രശ്നം തന്നെയാണ്. കാത്തിരുന്ന് കാണേണ്ട സംഭവവികാസങ്ങളുടെ തുടക്കമെയായിട്ടുള്ളു. അതുകൊണ്ടുതന്നെയാണ് ഈ കേസ് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണം എന്ന ആവശ്യവും കൂടി കോടതിയിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് മാധ്യമസ്വാതന്ത്ര്യമില്ല എന്ന് പറഞ്ഞുനടക്കുന്നവർ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ കോടതിയിൽ പോയാലോ…..കാര്യത്തിന്റെ ഗൗരവം അതിൽനിന്ന് തന്നെ വ്യക്തമാവുന്നുണ്ടല്ലോ.
Post Your Comments