രണ്ട് മൂന്ന് ദിവസമായി രാജ്യത്ത് എന്തായിരുന്നു ബഹളം; രാഷ്ട്രപതി നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് തർക്കവും വിവാദവും. ആരാണ് മുതിർന്നയാൾ; ആരെയാണ് ആദ്യം സത്യവാചകം ചൊല്ലിക്കേണ്ടത്…… ആരുടെ പേരാണ് ആദ്യം കൊളീജിയം ശുപാർശ ചെയ്തത്….. വാർത്തകൾ ഓരോ ചാനലിലും പത്രങ്ങളിലും പ്രത്യക്ഷപ്പെടുമ്പോൾ അതൊക്കെ ഉദ്ധരിച്ചത് ചില സുപ്രീം കോടതി ജഡ്ജിമാരെയാണ്. എന്നാൽ ബുദ്ധിപൂർവ്വമാണോ ആവോ, ആരുടേയും പേരുകൾ അവർ ഉദ്ധരിച്ചില്ല. സുപ്രീം കോടതി ജഡ്ജിമാർ അസ്വസ്ഥരാണ്……… അവർക്ക് വലിയ പ്രതിഷേധമുണ്ട്; അവർ കൂട്ടത്തോടെ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിക്കും; ജഡ്ജിമാരുടെ സീനിയോറിറ്റി മാറ്റാൻ ചീഫ് ജസ്റ്റിസ് തയ്യാറാവും, തയ്യാറാവണം; അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ട്……. ഇന്ന് രാവിലെ സുപ്രീം കോടതിയിൽ എന്തൊക്കെയോ നടക്കാൻ പോകുന്നു എന്നതായിരുന്നു ചിലരൊക്കെയുണ്ടാക്കിയ പ്രതീതി. എന്നാൽ എല്ലാം വെറുംവാക്കായി; മൂന്ന് ന്യായാധിപന്മാർ രാഷ്‌ട്രപതിയുടെ ഉത്തരവനുസരിച്ചുതന്നെ ചുമതലയേറ്റു.
ജഡ്ജിമാർ അങ്ങിനെ ഒരു വിവാദമുണ്ടാക്കുമെന്നോ അത് മുൻകൂട്ടി മാധ്യമങ്ങൾക്ക് ചോർത്തി നൽകുമെന്നോ കരുതാൻ ഞാനാളല്ല. അങ്ങിനെ ന്യായാധിപന്മാർ ആവാൻ പാടില്ലല്ലോ , അവരിൽ നിന്ന് അതൊന്നും രാജ്യം പ്രതീക്ഷിക്കുന്നില്ലല്ലോ. കോട്ടയത്തെ റബ്ബർ രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് ജഡ്ജിമാരായിരിക്കുന്നവർക്ക് തരം താഴാനുമാവില്ല. ശരിയാണ്, അവരിൽ ചിലർ ഇടക്കൊരുനാൾ കോടതി വിട്ടിറങ്ങി വന്ന് വാർത്താസമ്മേളനം നടത്തിയത് കാണാതെ പോവുകയല്ല. അങ്ങനെയൊന്ന് സംഭവിച്ചു. എന്നാൽ അതുപോലൊന്ന് പിന്നീടുണ്ടായില്ലല്ലോ. ചിലരുടെ മനസിലുയർന്ന ആശയക്കുഴപ്പം കൊണ്ട് സംഭവിച്ചതാണ് അത് എന്ന് കരുതുന്നയാളാണ് ഞാൻ. ഒരു പക്ഷെ ചിലർക്കുമേൽ ചില സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടാവാം; അങ്ങിനെ ഉണ്ടായി എന്നല്ല, ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. സാധാരണനിലക്ക് അങ്ങിനെയൊക്കെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാൻ പാടില്ലാത്തവരാണല്ലോ ജഡ്ജി സമൂഹം. പക്ഷെ, ചില രാഷ്ട്രീയക്കാർ അന്നേദിവസം അവരിൽ ചിലരുടെ വസതിയിൽ ഒളിഞ്ഞും പാത്തും പിൻവാതിലിലൂടെ എത്തിയത് രാജ്യം കണ്ടതല്ലേ. അതൊക്കെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു….. അതുണ്ടായത് കൊണ്ടാണല്ലോ, പലരെയും കുറിച്ച് സംശയം ജനിപ്പിച്ചത്.
കോൺഗ്രസുകാരനായ ഒരു മുതിർന്ന അഭിഭാഷകൻ രാഷ്ട്രീയപ്രാധാന്യമുള്ള കേസുമായി, ചട്ടങ്ങൾ മറികടന്നുകൊണ്ട്, അക്കൂട്ടത്തിൽ പെട്ട ഒരു ജഡ്ജിയുടെ കോടതിയിൽ നേരിട്ടെത്തിയതും ഇതൊക്കെയുമായി ആരെങ്കിലും കൂട്ടിവായിച്ചാൽ ആക്ഷേപിക്കാനാവുമോ. ആ വക്കീലിന് കോടതിയിലെ നിയമം, ചട്ടം ഒക്കെ അറിയാത്തതല്ല; പക്ഷെ, അതൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് തനിക്ക് രാഷ്ട്രീയതാല്പര്യമുള്ള ഹർജിയുമായി നേരിട്ട് ഒരു ന്യായാധിപന്റെ മുന്നിലെത്തുമ്പോൾ അതിലെന്തോ ബന്ധം സംശയിച്ചാലും ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ. ഇതൊക്കെ അന്ന് വാർത്താസമ്മേളനം നടത്തിയ ജഡ്ജിമാരെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കി എന്നൊന്നും പറയുന്നില്ല. പക്ഷെ അവർ തന്നെയാണ് കാര്യങ്ങൾ വേണ്ടവിധം തിരിച്ചറിയേണ്ടത്. അവർ ചെയ്തതൊക്കെ എന്തൊക്കെ നന്മ ഉദ്ദേശിച്ചാണെങ്കിലും, അത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപ്രേരിതമായ നീക്കങ്ങൾക്കൊപ്പമായിരുന്നു എന്ന് കൂട്ടിവായിക്കുന്നവരെയും രാജ്യത്ത് നാം കാണുന്നുണ്ടായിരുന്നല്ലോ.
അതിന് പിന്നാലെയാണ് ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച വാർത്തകൾ വന്നത്. അതിലും ജഡ്ജിമാർ ജഡ്ജിമാർ എന്നൊക്കെ മാധ്യമങ്ങൾ ചേര്ത്തുവെക്കുകയായിരുന്നു. അത് പരാതിയുമായി പോയ ജഡ്ജിമാർ നിഷേധിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നത് എന്തായാലും ശുഭസൂചകമല്ല. എന്നാൽ ഈ പ്രക്രിയ ഇങ്ങനെ തുടരുന്നത് സുപ്രീം കോടതിക്ക് ഗുണകരമാണോ എന്ന് ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ ചിന്തിക്കുന്നത് നല്ലതാണ്. കോടതിയിൽ അടച്ചിട്ട മുറിയിൽ ആര് എന്ത് , പ്രത്യേകിച്ചും ന്യായാധിപന്മാർ, പറഞ്ഞാലും ടിവി ചാനലുകളിലും പത്രങ്ങളിലുമെത്തുന്നത് എന്തായാലും നല്ല ലക്ഷണമല്ല. അതിന് പിന്നിൽ ന്യായാധിപന്മാരുണ്ട് എന്ന് ഇപ്പോൾ പോലും രാജ്യം കരുതുന്നില്ല; അങ്ങിനെയുണ്ടാവരുതേ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു. പക്ഷെ, അതെ, ആ ‘പക്ഷെ’ അവിടെയുണ്ട്. അതിൽ വ്യക്തത വരുത്തേണ്ടത് ചീഫ് ജസ്റ്റിസാണ്. കോടതിയുടെ മഹത്വവും അന്തസും നശിക്കാതെ നോക്കേണ്ടവരിൽ അദ്ദേഹത്തിന് വലിയ സ്ഥാനമാണല്ലോ ഉള്ളത്.
ഇപ്പോൾ നിയമിതനായ മൂന്ന് സുപ്രീം കോടതി ജഡ്ജിമാർ അവരുടെ സെർവീസിന്റെ അടിസ്ഥാനത്തിലാണ് അവിടെയെത്തുന്നത്. അതിൽ രണ്ടുപേർ 2002 -ൽ ഹൈക്കോടതി സ്ഥിരം ജഡ്ജിമാരായവർ ആണ്. മൂന്നാമൻ സ്ഥിരം ജഡ്ജിയായത് 2004 -ലും. അപ്പോൾ മൂന്നാമൻ ആണ് ഒന്നാമനായി വരേണ്ടത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. ഇതിൽ മൂന്നാമന്റെ പേര് ആദ്യം കോളീജിയം ശുപാർശ ചെയ്തിരുന്നു എന്നത് ശരിയാണ്. എന്നാൽ അത് അന്ന് സർക്കാർ അല്ല രാഷ്ട്രപതി, തിരിച്ചയച്ചു. ആ വേളയിൽ അതിനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരുന്നുവല്ലോ. രണ്ട് കാരണങ്ങളാണ്; ഒന്ന്: മൂന്നാമനെക്കാൾ സീനിയർ ആയിട്ടുള്ള ന്യായാധിപന്മാർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി വേറെയുണ്ടല്ലോ; അവരെ മറികടന്നത് എന്തുകൊണ്ട്?. രണ്ട് : പട്ടികജാതി- വർഗ വിഭാഗത്തിൽ നിന്ന് ജഡ്ജിമാരില്ല; ആ വിഭാഗക്കാർ ആരെയെങ്കിലും പരിഗണിച്ചുകൂടേ?. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ലിസ്റ്റിൽ വേറെ രണ്ടുപേരെക്കൂടി കോളീജിയം ചേർത്തത്. അവർ രണ്ടുപേരും മൂന്നാമനെക്കാൾ സീനിയർ ആയിരുന്നുതാനും. അപ്പോൾ രാഷ്ട്രപതിയും സർക്കാരും എന്താണ് ചെയ്യേണ്ടത്?. ജൂനിയർ ജഡ്ജിക്കുവേണ്ടി സീനിയർ ജഡ്ജിമാരെ മറികടക്കണോ ?. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ എന്താവുമായിരുന്നു ഇതേകൂട്ടരുടെ പ്രതികരണം. സർക്കാർ സീനിയോറിറ്റി മറികടന്നുവെന്നും അതിൽ അസ്വാഭാവികതയുണ്ടെന്നും അഴിമതിയാണെന്നുമൊക്കെ അവർ പറയുമായിരുന്നില്ലേ?. യാതൊരു സംശയവുമില്ല, അതും അതിനപ്പുറവും അവർ പറയുമായിരുന്നു. ഇവിടെ ഇപ്പോൾ സർക്കാർ ചെയ്തത്, രാഷ്‌ട്രപതി അംഗീകരിച്ചത്, നേരായ കാര്യമാണ്; എല്ലാം നിയമാനുസൃതമാണ്…….
അതുകൊണ്ടാണ് സുപ്രീം കോടതി മൂന്നു ജഡ്ജിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയപ്പോൾ സർക്കാരും രാഷ്ട്രപതിയും അംഗീകരിച്ചത് ശരിവെച്ചത്. കോടതിയുടെ വിജ്ഞാപനം സർക്കാർ ഉത്തരവ് മുഖവിലക്കെടുത്തുകൊണ്ടായിരുന്നു എന്നർത്ഥം . അതനുസരിച്ചുതന്നെയാണ് ഇന്ന് രാവിലെ മൂന്ന് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാമതായി ജസ്റ്റിസ് ഇന്ദിര ബാനർജി, രണ്ടാമനായി ജസ്റ്റിസ് വിനീത് ശരൺ , മൂന്നാമനായി മലയാളിയായ ജസ്റ്റിസ് കെഎം ജോസഫ്. അത് കഴിഞ്ഞു എന്നർത്ഥം. ഇനിയും ബിജെപി- നരേന്ദ്ര മോഡി വിരുദ്ധർക്ക് പ്രചാരണം നടത്താം…… പക്ഷെ അതൊന്നും രാജ്യത്ത് വിലപ്പോവില്ല തന്നെ.
അതെന്തൊക്കെയായാലും ജഡ്ജിമാരെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ സുപ്രീം കോടതിയും അവിടത്തെ ന്യായാധിപന്മാരും കണ്ടില്ലെന്ന് നടിക്കണോ അതോ അത് നിഷേധിക്കാൻ നടപടി വേണോ എന്ന് ചിന്തിക്കുന്നത് ഉചിതമാണ് എന്ന് കരുതുന്നയാളാണ് ഞാൻ. അങ്ങനെയായാൽ കോടതിയുടെയും ജഡ്ജിമാരുടെയും അന്തസ്സിന് കുറവല്ല ഉണ്ടാവുക എന്നതുമോർക്കേണ്ടതുണ്ട്. അതേസമയം ഈ വാർത്തകൾക്ക് പിന്നിൽ ജഡ്ജിമാരുണ്ട് എന്ന് കരുതുകവയ്യല്ലൊ. അതാണ് നേരത്തെ സൂചിപ്പിച്ചത് ‘കോട്ടയത്തെ റബ്ബർ രാഷ്ട്രീയക്കാരുടെ’ നിലവാരത്തെക്കുറിച്ച്. എന്നാൽ അവരെ പ്രതിസന്ധിയിലാക്കാൻ, അവരെക്കുറിച്ചു അവമതിപ്പുണ്ടാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിലും അത് പുറത്തുകൊണ്ടുവരുന്നത് നല്ലതാണല്ലോ. ഒരു കാരണവശാലും കോടതിയെ തെരുവിലേക്ക് തള്ളിവിടാൻ അനുവദിച്ചുകൂടല്ലോ.
Post Your Comments