പിതൃപൂജയുടെ സുകൃതവുമായി മറ്റൊരു കർക്കടക അമാവാസി കൂടി.കലയുഗരാശിയായ കർക്കടകമാസം പുണ്യങ്ങളുടെ മാസമാണ്.രാമനാമസ്തുതികൾ മന്ത്രമുഖരിതമാക്കുന്ന കർക്കടകത്തിലെ ഉഷസന്ധ്യകൾ ആവണിമാസത്തിന് വഴിമാറിക്കൊടുക്കാ നൊരുങ്ങുകയാണ്.ദക്ഷിണായനത്തിലെ കറുത്ത അമാവാസിയായ
കർക്കടകവാവ് പിതൃപൂജയ്ക്കുള്ള ദിവസമാണ്. മൺമറഞ്ഞുപോയ പിതൃക്കളുടെ അത്മമോക്ഷത്തിനും അനുഗ്രഹത്തിനുമായി കർക്കടകവാവിൽ ലക്ഷക്കണക്കിന് ആളുകളാണ് മഹാവിഷ്ണുപ്രതിഷ്ഠയുള്ള ക്ഷേത്രതീരങ്ങളിലേയ്ക്കെത്തുന്നത്. മരണത്തിന്റെ അനിവാര്യതയിലേയ്ക്ക് മറഞ്ഞു പോയ പിതൃക്കൾക്ക് സന്തതിപരമ്പരകളിലൂടെയാണ് ഇഹലോകബന്ധം പ്രാപ്തമാകുന്നത്.ദക്ഷിണായനത്തിലെ അമാവാസി പിതൃക്കൾക്കു പകലും ദേവകൾക്ക് രാത്രിയുമാണ്..അതിനാൽതന്നെ ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ്.സൂര്യൻ ഭൂമിയ്ക്കും ചന്ദ്രനുമിടയിൽ വരുന്ന, സൂര്യകിരണങ്ങൾ ആത്മാക്കളുടെ വാസസ്ഥലമായ ചന്ദ്രലോകത്ത് നേരിട്ടു പതിക്കുന്ന ദിവസമാണ് കർക്കടകവാവ്.അന്നേ ദിനം സന്തതിപരമ്പരകൾ വ്രതശുദ്ധിയോടെ ചെയ്യുന്ന തർപ്പണമേറ്റു വാങ്ങി ആത്മാവ് നിർവൃതിയടയുന്നു എന്നാണ് സങ്കല്പം.കർക്കടകനാളിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ,ഗൃഹദോഷം,മംഗല്യദോഷം,സന്താനദോഷം,രോഗപീഢ തുടങ്ങി സകലദോഷങ്ങളും മാറുന്നു.കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ കർമ്മിയുടെ കാർമികത്വത്തിൽ പവിത്രക്കെട്ടണിഞ്ഞ്,ത്രിമൂർത്തികളെ ധ്യാനിച്ച് ,എത്രയോ തലമുറ മുൻപെ മരിച്ചവരെ പ്രാർത്ഥനയോടെ സ്മരിച്ച് ഇലയിൽ പച്ചരിയും എള്ളും പൂവും ജലവും സമർപ്പിച്ച്,സകലപാപങ്ങളും പൊറുത്ത് അനുഗ്രഹിക്കണേയെന്നപേക്ഷിച്ച് ബലിച്ചോറ് തലയിലേറ്റി പുണ്യതീർത്ഥത്തിൽ മൂന്നു തവണ മുങ്ങിയൊഴുക്കുമ്പോൾ സ്ഥൂലമായ മനുഷ്യമനസ്സും,സൂക്ഷ്മമായി പരബ്രഹ്മത്തിലലിഞ്ഞു ചേർന്ന ആത്മാവും ഒരു പോലെ തൃപ്തിയടയുന്നു.
വാവ്ബലി അഥവാ ശ്രാദ്ധമൂട്ടിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ബലിതർപ്പണം വ്രതശുദ്ധിയോടെ വേണം ചെയ്യാൻ.തലേദിവസം അതിരാവിലെ കുളിച്ച് ശുദ്ധിയായി വ്രതമനുഷ്ഠിക്കണം.അന്നേ ദിവസം ഒരിക്കലൂണ് നിർബന്ധം. രാത്രിഭക്ഷണം പാടില്ല.ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളുണ്ടെങ്കിൽ മാത്രമേ രാത്രിഭക്ഷണം കഴിക്കാവൂ.ബ്രഹ്മചര്യംഅനുഷ്ഠിക്കണം.മത്സ്യമാംസാദികളും,മദ്യവും,ലഹരി ഉപയോഗവും വർജ്യമാണ്.വാവ് ദിവസം പുലർച്ചെ ബലിയിട്ടതിനു ശേഷം മാത്രമേ ക്ഷേത്രദർശനം നടത്താവൂ.
ശ്രാദ്ധമൂട്ടിൽ എള്ളിനും ദർഭയ്ക്കും ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണുള്ളത്.ദർഭ കൊണ്ട് മൂന്നു കെട്ടുള്ള പവിത്രമോതിരമുണ്ടാക്കി വിരലിലിട്ടാണ് കർമ്മങ്ങൾ ആരംഭിക്കുക.”കൂർച്ചം””എന്നു പേരുള്ള മൂന്നുകെട്ടുകൾ ത്രിമൂർത്തി സങ്കല്പത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.ത്രിമൂർത്തികളായ ബ്രഹ്മാ,വിഷ്ണു,മഹേശ്വരൻമാർ ദർഭയിൽ വസിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലാണ് ഈ മൂന്നുകെട്ടുകൾ.സൂര്യമണ്ഡലം,സേവാമണ്ഡലം,അഗ്നിമണ്ഡലം എന്നിങ്ങനെയും പവിത്രക്കെട്ടിന്റെ മൂന്നു ഭാഗങ്ങളെ തിരിച്ചിട്ടുണ്ട്.
എള്ള് പ്രതിനിധീകരിക്കുന്നത് ഇരുട്ടിനെയാണ്.ആത്മാക്കൾ മോക്ഷം നേടി പുനർജനിയുടെ വഴികൾ താണ്ടാൻ എള്ള് സമർപ്പിക്കുന്നത് നല്ലതാണ്.പവിത്രജലത്തിൽ എള്ള് സമർപ്പിക്കുന്നത് പിതൃക്കൾക്കും,അഗ്നിയിൽ സമർപ്പിക്കുന്നത് ദേവകൾക്കുമാണെന്ന് പുരാണങ്ങളിൽ പറയുന്നു.
ബലിതർപ്പണത്തിന് കാക്കയ്ക്ക് സ്ഥാനമുണ്ടായതിനും പിന്നിലുമുണ്ടൊരു കഥ!
°°°°°°’°°°°°°°°°°°°°°°°°°°°
മായാരാവണൻ എന്നൊരു മഹാസുരൻ ഉണ്ടായിരുന്നത്രേ…ഒരിക്കൽ ഈ അസുരൻ യമരാജനെ ആക്രമിച്ച് കീഴടക്കാൻ നോക്കി.അതിശക്തനായ അസുരന്റെ മുന്നിൽ പിടിച്ചു നില്ക്കാനാവാതെ യമരാജൻ കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു.അന്നുമുതലാണത്രേ കാക്ക ബലികർമ്മങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത സ്ഥാനം ലഭിച്ചത്.കർമ്മങ്ങൾ കഴിഞ്ഞ് ബലിച്ചോറ് കാക്ക കൊത്തിയാൽ ആത്മാക്കൾക്ക് സന്തോഷമായെന്നു കരുതുന്നു.പിതൃക്കളാണ് കാക്കകളുടെ രൂപത്തിൽ വന്ന് ബലിച്ചോറ് ഭക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നു.ആത്മാവിന് മോക്ഷം കൊടുക്കുന്നത് ശ്രീമഹാവിഷ്ണുവാണെന്നതിനാൽ പ്രമുഖ വിഷ്ണു,വിഷ്ണു അവതാരക്ഷേത്രങ്ങളിൽ ഇന്നേ ദിവസം നല്ല തിരക്കായിരിക്കും. കേരളത്തിൽ ബലിയിടാൻ സൗകര്യമൊരുക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ തിരുവല്ലം ശ്രീപരശുരാമക്ഷേത്രം,ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം,വർക്കല ശിവഗിരി,ആലുവ മണപ്പുറം,നാവാമുകുന്ദ ക്ഷേത്രം,തിരുനെല്ലിക്ഷേത്രം എന്നിവയാണ്.
ശിവാനി ശേഖര്‍
Post Your Comments