KarkkidakamDevotional

ഉത്തരമലബാറിലെ കർക്കടകത്തെയ്യങ്ങൾ

ഭക്തിയും വിശ്വാസവും ഗ്രാമചൈതന്യവും ഇഴ പിരിഞ്ഞു കിടക്കുന്ന കോലത്തുനാട് ഒരു കാലത്ത് പരമ്പരാഗത അനുഷ്ഠാനകർമ്മങ്ങളുടെ ഈറ്റില്ലമായിരുന്നു! ഇന്ന് നഗരപരിഷ്കാരങ്ങൾ ഗ്രാമീണഭംഗിയിൽ കോൺക്രീറ്റ് പാകിയപ്പോൾ വിശ്വാസങ്ങളും ആചാരങ്ങളും അന്യം നിന്നു പോയേക്കാവുന്ന അവസ്ഥയായിരിക്കുന്നു. ചന്ദ്രഗിരിപ്പുഴയും കോരപ്പുഴയും ഇരുകൈകൾ പോലെസംരക്ഷിച്ചു പോരുന്ന വടക്കേ മലബാറിന്റെ സ്പന്ദനങ്ങളിൽ ഒരു കാലത്ത് ഒഴിച്ചു കൂടാനാവാത്ത അനുഷ്ഠാനകർമ്മങ്ങളിലൊന്നായിരുന്നു കർക്കടകത്തിലെ “ആടിവേടൻ തെയ്യങ്ങൾ”! രോഗപീഢയ്ക്കും വറുതിക്കും അറുതി വരുത്താനായി ഓരോ വീടുകളും ആടിവേടനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്ന് പഴയത് പോലെ സജീവമല്ലെങ്കിലും ഇനിയും ഗ്രാമ്യശീലങ്ങൾ വിട്ടൊഴിയാത്ത പ്രദേശങ്ങളിലെ വീടുകളിലേയ്ക്ക് ഐശ്വര്യത്തിന്റെ തോറ്റംപാട്ടുമായി കർക്കടകത്തെയ്യങ്ങൾ പടികടന്നെത്തുന്നു!

“ആടിവേടൻ തെയ്യങ്ങൾ”എന്ന് ഒരുമിച്ച് പറയാറുണ്ടെങ്കിലും “ആടി,വേടൻ”എന്നീ രണ്ടു തെയ്യങ്ങൾ രണ്ട് വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ് കെട്ടിയാടുന്നത്.”ആടി” വന്നു പോയതിനു ശേഷമാണ് “വേടന്റെ” വരവ്!മലയർ സമുദായതിൽ പെട്ട ജന്മാരികൾ വേടൻ തെയ്യക്കോലം കെട്ടുമ്പോൾ “വണ്ണാൻ”സമുദായത്തിൽപെട്ട ജന്മാരികളാണ് ആടിക്കോലങ്ങളാടുന്നത്. ശിവപാർവതിമാരാണ് ആടിവേടൻ തെയ്യങ്ങൾ എന്നാണ് വിശ്വാസം. കൂട്ടിന് അർജ്ജുനസങ്കല്പമായ ഗുളിഞ്ചനുമുണ്ടാവും. പരമ്പരാഗതമായി ചെറിയ കുട്ടികളാണ് ഈ തെയ്യക്കൊലങ്ങളാടിയിരുന്നത്.ഒരു മാസക്കാലം മുഴുവൻ കുട്ടികൾക്ക് പഠനത്തിൽ നിന്ന് വിട്ടു നില്ക്കേണ്ടി വരുന്നതിനാൽ ഇന്ന് ആടിവേടൻ തെയ്യങ്ങൾ താരതമ്യേന കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൾ മുതിർന്നവർ കോലം കെട്ടുന്നുണ്ട്. ശിവപുരാണകഥയിലെ കിരാതവേഷമാണ് ആടിവേടൻ തെയ്യങ്ങളാടിയെത്തുന്നത്. ആ കഥയിങ്ങനെ: പഞ്ചപാണ്ഡവർ വനവാസത്തിലായിരുന്ന കാലത്ത് വില്ലാളിവീരനായ അർജ്ജുനൻ കഠിനതപസ്സിലൂടെ ശിവപ്രീതി നേടിയെടുത്തു.പിന്നീട് പാശുപതാസ്ത്രത്തിനായുള പൂജ തുടർന്നപ്പോൾ ശിവപാർവതിമാർ പാർത്ഥന്റെ ഭക്തിയെ പരീക്ഷിക്കാനായി കിരാതവേഷമണിഞ്ഞ് പ്രത്യക്ഷപ്പെട്ടു.ഈ സമയം പൂജ ചെയ്തു കൊണ്ടിരുന്ന അർജ്ജുനന്റെ മുന്നിലേയ്ക്ക് ഒരു കാട്ടുപന്നി കടന്നു വരികയും അർജ്ജുനൻ പന്നിയുടെ നേർക്ക് അമ്പെയ്യുകയും ചെയ്തു.ഇതേ സമയം കാട്ടാളവേഷത്തിലെത്തിയ പരമേശ്വരനും പന്നിയുടെ നേർക്ക് അമ്പെയ്തു.നിലം പതിച്ച കാട്ടുപന്നിയുടെ ഉടമസ്ഥതയ്ക്കായി കിരാതനും പാർത്ഥനും തർക്കിക്കുകയും കിരാതന്റെ അമ്പേറ്റു പാർത്ഥൻ ബോധം കെട്ടുവീഴുകയുമുണ്ടായി. ബോധം തെളിഞ്ഞ പാർത്ഥന് വെറുമൊരു കിരാതന്റെ അമ്പേറ്റു വീണതിൽ മാനക്കേടു തോന്നി ശിവലിംഗമുണ്ടാക്കി പുഷ്പാർച്ചന ചെയ്യാൻ തുടങ്ങി. എന്നാൽ അർച്ചിക്കുന്ന പുഷ്പങ്ങൾ കിരാതന്റെ ശരീരത്തിൽ വീഴുന്നത് കണ്ട് അർജ്ജുനൻ ഭഗവാനെ തിരിച്ചറിയുകയും പാശുപതാസ്ത്രം നല്കി ഉമയും മഹാദേവനും കൈലാസത്തിലേയ്ക്ക് മടങ്ങുകയും ചെയ്തു. മൂകൻ എന്ന അസുരനായിരുന്ന കാട്ടുപന്നിക്ക് ശാപമോക്ഷം ലഭിക്കുകയും ചെയ്തു!

കർക്കടകത്തിലെ പെരുമഴക്കിലുക്കത്തിനൊപ്പം ആടിവേടന്റെ മണിക്കയൽക്കിലുക്കം കേൾക്കുന്ന മാത്രയിൽ വീട്ടമ്മമാർ പടിഞ്ഞാറ്റയിൽ നിലവിളക്ക് കൊളുത്തിവെയ്ക്കും. ചുവന്ന നിറത്തിലുള്ള വേഷഭൂഷാദികളും തലയിൽ “നാഗപ്പൂവ്”എന്നു പേരുള്ള കിരീടവുമണിഞ്ഞെത്തുന്ന തെയ്യങ്ങൾക്കൊപ്പം കൂട്ടിന് ഒറ്റച്ചെണ്ടയുടെ അകമ്പടിയും വായ്പാട്ടുകാരനുമുണ്ടാവും. കൂടെയുള്ള ഒറ്റച്ചെണ്ട പടിപ്പുരയിലെത്തുമ്പോൾ കൊട്ടിത്തുടങ്ങും.ആവണിപ്പലകയിൽ അരിയും ധാന്യങ്ങളും ഉപ്പിലിട്ടതും കാണിക്കയായി ഒരുക്കി വെയ്ക്കും.. വേടൻപാട്ടിന്റെ താളത്തിനനുസരിച്ച് തെയ്യം മുന്നോട്ടും പിന്നോട്ടു ചുവടു വെയ്ക്കും. വായ്പാട്ടിൽത്തന്നെ ഒരുക്കിവെയ്ക്കേണ്ട സാധനകളുടെ പട്ടികയുണ്ടാകുമെന്നും പറയുന്നു. കർക്കടകം തുടങ്ങി ഏഴാംനാൾ വേടനും പതിനാറാംനാൾ ആടി അഥവാ മർദത്തെയ്യവും എത്താറായിരുന്നു പതിവ്.വേടൻതെയ്യങ്ങൾ ചടങ്ങുകൾക്കവസാനം “ഗുരുസി” കരിക്കട്ട കലക്കിയ കറുത്ത വെള്ളം വീട്ടുകാരെ ഉഴിഞ്ഞ് വീടിന്റെ വടക്കുഭാഗത്തേയ്ക്ക് ഒഴിച്ചുകളയുന്നു.”ആടി”യാണെത്തുന്നതെങ്കിൽ മഞ്ഞളും നൂറും കലർന്ന ചുവന്ന “ഗുരുസി” വീട്ടുകാരെ ഉഴിഞ്ഞ് വീടിന്റെ തെക്കുഭാഗത്തേയ്ക്ക് കളയുന്നു.ഇതോടെ വീട്ടിലുള്ള മൂശേട്ട അകന്നു പോകുമെന്നും ശ്രീഭഗവതി മച്ചകത്ത് നിലയുറപ്പിക്കുമെന്നും വിശ്വാസം!

വിശ്വാസങ്ങളും ആചാരങ്ങളും കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മനോഹരമായ അനുഷ്ഠാനകർമ്മങ്ങൾ അന്യം നിന്നു പോകുമെന്നതിൽ സംശയമില്ല.വിശ്വാസങ്ങൾക്കതീതമായി ഒരു ജനതയുടെ ഉപജീവനമാർഗം കൂടിയായിരുന്നു ഈ തെയ്യങ്ങൾ.സാധാരണ ക്ഷേത്രങ്ങളിലോ തിറകളിലോ മാത്രം കെട്ടിയാടുന്ന അനുഷ്ഠാന കർമ്മമാണ് തെയ്യം. എന്നാൽ കർക്കടകതെയ്യങ്ങൾ നാടിന്റെ ഏതെങ്കിലും ദേവസ്ഥാനത്തു നിന്ന് തുടങ്ങി ഓരോ മുക്കിലും മൂലയിലുമുള്ള വീടുവീടാന്തരം കയറിയിറങ്ങി ക്ഷേമത്തിനു്ം ഐശ്വര്യത്തിനുമായി പ്രാർത്ഥിച്ചു മടങ്ങുമ്പോൾ ദക്ഷിണയായി ലഭിക്കുന്ന അരിയും നെല്ലും പണവുമാണ് അവരുടെ നിത്യവൃത്തിയ്ക്കായി ലഭിക്കുന്നത്.ചിലപ്പോളത് വളരെ തുച്ഛവുമാവാം! നവംബർ മുതൽ ജൂൺ പകുതി വരെയുള്ള കളിയാട്ടക്കാലമാണ് തെയ്യങ്ങൾ കെട്ടിയാടുന്നവർക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത്. അതിനാൽതന്നെ പുതുതലമുറ മറ്റു തൊഴിലു മേഖലകൾ തേടാൻ നിർബന്ധിതരാവുകയും ചെയ്തു.ഫലമോ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ,പൈതൃകത്തിന്റെ ഏടുകളായിരുന്ന അനുഷ്ഠാനകർമ്മങ്ങളും കലകളും അന്യം നിന്നു പോകുന്ന ദയനീയാവസ്ഥ കാണേണ്ടി വരുന്നു.

ശിവാനിശേഖര്‍

shortlink

Post Your Comments


Back to top button