ചെറുതോണി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് മൂന്ന്‍ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും പതിനൊന്നര മണിയോടെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയിരുന്നു.
ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റേയും ചെറുതോണി പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇടുക്കി അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 2403 അടിയാണ്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 2401.60 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഒന്നര അടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷിയിലേക്കെത്തും.
ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളമൊഴുകുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.പുറംതള്ളുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണും സമീപപ്രദേശങ്ങളിലും വെള്ളം കയറി. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയര്‍ത്തി വയ്ക്കുമെന്ന് കെ എസ്‌ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോൾ ഇടുക്കിയിൽ പെയ്യുന്നത്.
ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. ഇതോടെ സെക്കന്‍ഡില്‍ 400 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഘട്ടം ഘട്ടമായി ഇത് 700 ഘനമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ല അതീവജാഗ്രതയിലാണ്.
Post Your Comments